സൂപ്പര്‍ കപ്പില്‍ റോഡ്രിഗസ് ഗോളില്‍ റയലിനു സമനില
സൂപ്പര്‍ കപ്പില്‍ റോഡ്രിഗസ് ഗോളില്‍ റയലിനു സമനില
Thursday, August 21, 2014 11:06 PM IST
മാഡ്രിഡ്: ലോകകപ്പ് ഗോള്‍ വേട്ടക്കാരന്‍ കൊളംബിയയുടെ ജയിംസ് ഹമേഷ് റോഡ്രിഗസ് റയല്‍ മാഡ്രിഡിനായി കന്നിഗോള്‍ നേടിയെങ്കിലും സൂപ്പര്‍ കപ്പിന് അവകാശികളാകാന്‍ സ്പാനിഷ് വമ്പനു സാധിച്ചില്ല. സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീട പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും 1-1 സമനിലയില്‍ പിരിഞ്ഞു. 81-ാം മിനിറ്റില്‍ റോഡ്രിഗസിന്റെ ഗോളിലൂടെ മുന്നിലെത്തിയ റയല്‍ മാഡ്രിഡിനെ കളിതീരാന്‍ രണ്ടു മിനിറ്റ് ബാക്കിനില്‍ക്കേ റൌള്‍ ഗാര്‍സിയയിലൂടെ അത്ലറ്റിക്കോ സമനിലയില്‍ പിടിച്ചു.

കഴിഞ്ഞ ആഴ്ച സെവിയ്യയെ കീഴടക്കി യുവേഫ സൂപ്പര്‍ കപ്പ് നേടിയ ടീമില്‍ നിന്ന് രണ്ടു മാറ്റങ്ങളുമായാണ് റയലിനെ കാര്‍ലോസ് ആന്‍സിലോട്ടി ഇറക്കിയത്. സാബി അലോണ്‍സോയും മാഴ്സലോയും ആദ്യ പതിനൊന്നില്‍ ഇടംപിടിച്ചു. ലോക ഫുട്ബോളര്‍ ക്രിസ്റ്യാനോ റൊണാള്‍ഡോയ്ക്കു പകരക്കാരനായി രണ്ടാം പകുതിയിലാണ് റോഡ്രിഗസ് കളത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനെതിരേ ഇറങ്ങിയ ആറു കളിക്കാരില്ലാതെയാണ് അത്ലറ്റിക്കോയും മൈതാനത്തെത്തിയത്.


ഗാരെത് ബെയ്ല്‍, കരിം ബെന്‍സെമ, റൊണാള്‍ഡോ, ടോണി ക്രൂസ് തുടങ്ങിയ റയലിന്റെ പ്രമുഖരെല്ലാം ഗോളിലേക്കു ലക്ഷ്യംവച്ചെങ്കിലും അത്ലറ്റിക്കോയെ ഞെട്ടിക്കാനായില്ല. മറുവശത്ത് കോകെ, ഗാര്‍സിയ തുടങ്ങിയവരിലൂടെ അത്ലറ്റിക്കോയും തങ്ങളുടെ സാന്നിധ്യമറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.