കേരളത്തില്‍ ആഴ്സണല്‍ ഫുട്ബോള്‍ സ്കൂളുകള്‍ തുടങ്ങുന്നു
Thursday, August 21, 2014 11:08 PM IST
കൊച്ചി: ലോകത്തെ മുന്‍നിര ഫുട്ബോള്‍ ക്ളബായ ആഴ്സണലിന്റെ കീഴിലുള്ള ആഴ്സണല്‍ സോക്കര്‍ സ്കൂളുകള്‍ കേരളത്തില്‍ തുടങ്ങുന്നു. ഫുട്ബോളിന്റെ ഉന്നമനം ലക്ഷ്യമിട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രാസ്റൂട്സ് ഫുട്ബോള്‍ ഡവലപ്മെന്റ് സ്റാര്‍ട്ട്അപ് ആയ സ്പോര്‍ട്ടികോ വെഞ്ച്വേഴ്സ്, ആഴ്സണല്‍ ഫുട്ബോള്‍ ക്ളബിന്റെ ഔദ്യോഗിക പങ്കാളിയായ ഇന്ത്യ ഓണ്‍ ട്രാക്കുമായി ചേര്‍ന്നാണ് സ്പോര്‍ടികോ ആഴ്സണല്‍ സ്കൂളുകള്‍ തുടങ്ങുന്നത്. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഫുട്ബോള്‍ ഗ്രാസ്റൂട്സ് ഡവലപ്മെന്റ് പരിപാടിയായിരിക്കും ഇത്. നിലവില്‍ ഡല്‍ഹിയിലും മുംബൈയിലും മാത്രമാണ് ആഴ്ണസല്‍ സോക്കര്‍ സ്കൂളുകളുള്ളത്.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സോക്കര്‍ സ്കൂളുകള്‍ സ്ഥാപിക്കുക. കൊച്ചി ചോയ്സ് സ്കൂളിലാണ് ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി തുടങ്ങുക. സെപ്റ്റംബര്‍ 15ന് ഇവിടെ പരിശീലനം തുടങ്ങും. റാഫാ ഫെര്‍ണാണ്ടസായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക. 200 പേരെയാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തുക. അഞ്ചു മുതല്‍ 15 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ഫീസ് നല്‍കി പ്രവേശനം നേടാം. ചോയ്സ് സ്കൂളിന് പുറമേ കൊച്ചിയിലെ മറ്റു സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും പദ്ധതിയില്‍ ചേരാനാവും.


വിവിധ അന്താരാഷ്ട്ര ക്ളബുകളുമായി ചേര്‍ന്ന് ആഴ്സണല്‍ ഫുട്ബോള്‍ ക്ളബ് സംഘടിപ്പിക്കുന്ന യൂത്ത് ടൂര്‍ണമെന്റുകള്‍, എകസ്ചേഞ്ച് പ്രോഗ്രാമുകള്‍, ട്രയലുകള്‍ തുടങ്ങിയവയിലൂടെ മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. മൂന്നു വര്‍ഷംകൊണ്ട് ആറു സ്കൂളുകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പോര്‍ട്ടികോ വെഞ്ച്വേഴ്സ് എംഡി ഫ്രാന്‍സിസ് നോയല്‍ ബെന്‍ പറഞ്ഞു. ഭാവിയില്‍ കെഎഫ്എയുമായും സര്‍ക്കാരുമായും ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഴ്സണല്‍ സോക്കര്‍ സ്കൂള്‍സ് ഇന്ത്യ ടെക്നിക്കല്‍ ഡയറക്ടര്‍ ഡേവിഡ് മോലിനര്‍, ഇന്ത്യാ ഓണ്‍ ട്രാക്ക് സിഇഒ വിവേക് സേതിയ, ഹൈബി ഈഡന്‍ എംഎല്‍എ, ജോപോള്‍ അഞ്ചേരി, മോളി സിറിള്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.