ലാ ലിഗ ഇന്നു മുതല്‍
ലാ ലിഗ ഇന്നു മുതല്‍
Saturday, August 23, 2014 11:31 PM IST
ബാഴ്സലോണ: സ്പാനിഷ് ലീഗിന് ഇന്നു കിക്കോഫ് ആകാനിരിക്കേ ബാഴ്സ സൂപ്പര്‍ താരം നെയ്മര്‍ക്കു പരിക്ക്. ലോകകപ്പിനിടെ പരിക്കേറ്റ നെയ്മര്‍ ഈയിടെയാണ് പരിക്കില്‍നിന്നു മോചിതനായി കളിക്കളത്തില്‍ തിരിച്ചെത്തിയത്. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ ഇടതുകൈമുട്ടിനു വേദന അനുഭവപ്പെട്ട നെയ്മര്‍ വേഗം ഡോക്ടര്‍മാരെ സമീപിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്കുശേഷം നെയ്മറുടെ പരിക്കിനു വ്യാപ്തിയുണ്െടന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. ക്ളബ് അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പത്രക്കുറിപ്പ് ഇറക്കി. ലോകകപ്പിനിടെ സംഭവിച്ച പരിക്കില്‍നിന്നു മോചിതനായ നെയ്മര്‍ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രി വിട്ടത്. പിന്നീട് സീസണുമുന്നോടിയായി മെക്സിക്കന്‍ ക്ളബ് ലിയോണിനെതിരേ ബാഴ്സയ്ക്കുവേണ്ടി സൌഹൃദ മത്സരത്തിനിറങ്ങി രണ്ടു ഗോളുകള്‍ നേടി തന്റെ വരവറിയിക്കാനും നെയ്മര്‍ക്കായി. രണ്ടാഴ്ചത്തെയെങ്കിലും വിശ്രമം നെയ്മര്‍ക്കുവേണ്ടിവരുമെന്നാണ് കരുതുന്നത്. നാളെ എല്‍ച്ചെയ്ക്കെതിരേ ബാഴ്സയുടെ സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കില്ല.

കഴിഞ്ഞ സീസന്റെ തുടക്കത്തിലും നെയ്മറെ പരിക്ക് അലട്ടിയിരുന്നു. 26 ലാ ലിഗ മത്സരങ്ങളില്‍മാത്രമാണ് നെയ്മര്‍ക്കു കളിക്കാനായത്. ഒമ്പതു ഗോളുകളും നേടി. ഇത്തവണ ലീഗിന്റെ താരമാകുമെന്നു കരുതപ്പെട്ടിരുന്നയാളായിരുന്നു നെയ്മര്‍. എന്നാല്‍, തുടര്‍ച്ചയായുള്ള പരിക്കുകള്‍ നെയ്മറുടെ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്.

ഇവരെ ശ്രദ്ധിക്കുക

ലോകത്തെ വമ്പന്‍ ക്ളബ്ബുകള്‍ അണിനിരക്കുന്ന സ്പാനിഷ് ലീഗിന്(ലാ ലിഗ) ഇന്ന് തുടക്കമാകുമ്പോള്‍ ഏവരുടെയും ശ്രദ്ധ മെസിയിലേക്കു നെയ്മറിലേക്കും റൊണാള്‍ഡോയിലേക്കുമൊക്കെയായിരിക്കും. ഒപ്പം ഗാരെത് ബെയ്ലും ഹാമിഷ് റോഡ്രിഗസും മാരിയോ മാന്‍ഡ്സുസിക്കും ലൂയിസ് സുവാരസുമൊക്കെയുണ്ട്. ഇവരുടെ കുതിപ്പുകള്‍ക്കിടയിലും മികച്ച പ്രകടനവുമായി തിളങ്ങാന്‍ കെല്പുള്ള, പ്രതിഭയുള്ള ഒരുപിടി യുവതാരങ്ങള്‍ ഇത്തവണ സ്പാനിഷ് ലീഗില്‍ വിവിധ ടീമുകള്‍ക്കുവേണ്ടിയിറങ്ങുന്നുണ്ട്. അടുത്ത തലമുറയുടെ താരങ്ങളായി വാഴ്ത്തപ്പെടേണ്ടവരാണ് ഇവര്‍. റയലിന്റെ ജെസെ, അത്ലറ്റികോ മാഡ്രിഡിന്റെ അയ്മെറിക് ലപോര്‍ട്ടെ, ബാഴ്സയുടെ മാര്‍ക് ബാര്‍ത്ര, വലന്‍സിയയുടെ യുവാന്‍ ബര്‍നാറ്റ് എന്നിവര്‍ അവരില്‍ ചിലരാണ്. വന്‍ തോക്കുകള്‍ക്കൊപ്പം കേമന്മാരാകുമെന്നു കരുതപ്പെടുന്നവര്‍ ഇതാ.

പാകോ അല്‍കാസെര്‍ (സ്ട്രൈക്കര്‍, വലന്‍സിയ)

കഴിഞ്ഞ സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ വലന്‍സിയയിലെത്തിയ യുവതാരമാണ് പാകോ അല്‍കാസെര്‍. 37 മത്സരങ്ങളില്‍ വലന്‍സിയയുടെ ബൂട്ടു കെട്ടിയ അല്‍കാസെര്‍ 14 ഗോളുകള്‍ സ്വന്തമാക്കി. യൂറോപ്പ ലീഗ് ക്വാര്‍ട്ടറില്‍ എഫ്സി ബാസലിനെതിരേ നേടിയ ഹാട്രിക്കും ഇതില്‍ ഉള്‍പ്പെടുന്നു.

സ്പെയിനിന്റെ അണ്ടര്‍ 19 ടീം അംഗമായിരുന്ന അല്‍കാസെര്‍ വലന്‍സിയയിലൂടെയാണു വളര്‍ന്നത്. പിന്നീട് ഗറ്റാഫെയിലും അവിടെനിന്ന് വലന്‍സിയയിലുമെത്തി. ഇത്തവണ പന്തുരുളുമ്പോള്‍ ഈ യുവതാരത്തിന്റെ ബൂട്ടുകളില്‍ ആരാധകരുടെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നുറപ്പ്.

ഡെനിസ് ചെറിഷെവ് (വിയ്യാറയല്‍, വിംഗര്‍)

ഏവരും സ്വപ്നം കാണുന്നതുപോലെ റയല്‍ മാഡ്രിഡിന്റെ താരമായായിരുന്നു 2012-13 സീസണില്‍ ഡെനിസ് ചെറിഷെവിന്റെ തുടക്കം. എന്നാല്‍, വന്‍താരനിരയുള്ള റയല്‍ നിരയില്‍ വല്ലപ്പോഴും സബ്സ്റ്റിറ്റ്യൂട്ടായി മാത്രമായിരുന്നു പരിശീലകന്‍ ഹൊസെ മൌറീഞ്ഞോ അവസരം നല്‍കിയത്. ഇതോടെ ചെറിഷെവ് സെവിയ്യയിലേക്കു കൂടുമാറി.


എന്നാല്‍, ഈ സീസണില്‍ വിയ്യാറയലിലെത്തിയ 23കാരന്‍ ചെറിഷെവ് മികച്ച ഫുട്ബോള്‍ ബുദ്ധി പ്രകടിപ്പിക്കുന്ന ആളായാണ് വിലയിരുത്തപ്പെടുന്നത്. സമീപകാലത്ത് നടന്ന സൌഹൃദമത്സരങ്ങളില്‍ ചെറിഷെവ് മിന്നും പ്രകടനത്തോടെ കളം നിറഞ്ഞു.

ജെറാര്‍ഡ് ഡ്യുലോഫ്യു (സെവിയ്യ, വിംഗര്‍)

കഴിഞ്ഞ സീസണില്‍ എവര്‍ടണുവേണ്ടി കളത്തിലിറങ്ങിയ ജെറാര്‍ഡ് ഡ്യുലോഫ്യുവിന്റെ വലിയ ആഗ്രഹമായിരുന്നു ബാഴ്സലോണയ്ക്കൊപ്പം കളിക്കണമെന്ന്.

എന്നാല്‍, സെവിയ്യിലെത്താനായിരുന്നു ഈ 20കാരന്റെ യോഗം. മികച്ച സാങ്കേതികത അവകാശപ്പെടുന്ന ഡ്യുലോഫ്യുവിന്റെ ബോള്‍ നിയന്ത്രണ വൈദഗ്ധ്യം ചോദ്യം ചെയ്യാനാകാത്തതാണ്. ലോകഫുട്ബോളില്‍ വരും കാലങ്ങളില്‍ അദ്ഭുതതാരമാകാനുള്ള പ്രതിഭയുള്ളയാളാണ് ഡ്യുലോഫ്യു.

മുനീര്‍ എല്‍ ഹദാദി (ബാഴ്സലോണ, സ്ട്രൈക്കര്‍)

സ്പെയിനിലാണ് ജനിച്ചതെങ്കിലും മുനീര്‍ എല്‍ ഹദാദി മൊറോക്കോ വംശജനാണ്. മുനീര്‍ ബാഴ്സയുടെ ജേഴ്സിയില്‍ ഇറങ്ങുന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം നടന്ന സൌഹൃദമത്സരത്തില്‍ ലിയോണിനെതിരേ നേടിയ ഉജ്വലഗോള്‍ മുനീറിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്.

നെയ്മറും മെസിയും സുവാരസും നിറഞ്ഞാടുന്ന ബാഴ്സയില്‍ തനിക്കും ഇടമുണ്ടാകുമെന്നാണ് മുനീറിന്റെ വിശ്വാസം. ബാഴ്സലോണ ഫുട്ബോള്‍ അക്കാഡമിയില്‍ 2011ലെത്തിയ മുനീര്‍ തന്റെ പ്രതിഭ തേച്ചുമിനുക്കിയത് അവിടെവച്ചാണ്. ബാഴ്സ ബി ടീമിനുവേണ്ടി കഴിഞ്ഞ സീസണില്‍ കളിച്ച മുനീര്‍ 11 കളികളില്‍നിന്ന് നാലു ഗോളുകള്‍ നേടി.

ജോണ്‍ ഒബ്ളാക് (അത്ലറ്റികോ മാഡ്രിഡ്- ഗോള്‍ കീപ്പര്‍)

ബെന്‍ഫിക്കയുടെ നിരയില്‍നിന്ന് അത്ലറ്റികോ മാഡ്രിഡിലെത്തിയ ഈ 21കാരന്‍ പോര്‍ച്ചുഗല്‍ ലീഗില്‍ ഗോള്‍ കീപ്പര്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ അത്ലറ്റികോയെ കിരീടം നേടുന്നതിനു സഹായിച്ച കരങ്ങളായിരുന്നു തിബോട്ട് കോര്‍ട്ടോയിസിന്റേത്.

എന്നാല്‍, വന്‍ തുക മുടക്കി കോര്‍ട്ടോയിസിനെ ചെല്‍സി റാഞ്ചിയതോടെ മികച്ച ഒരു ഗോള്‍ കീപ്പര്‍ വേണമെന്നത് അത്ലറ്റികോയുടെ ആവശ്യമായി. ഈ സമയത്താണ് 1.86 മീറ്റര്‍ ഉയരമുള്ള ഈ സ്ളൊവേനിയന്‍ താരത്തെക്കുറിച്ച് ക്ളബ് അധികൃതര്‍ അറിയുന്നത്.

റഫീഞ്ഞ(ബാഴ്സലോണ, മധ്യനിരതാരം)

ബ്രസീലിനു വേണ്ടി കളിക്കുന്ന 21കാരന്‍ റഫീഞ്ഞ കഴിഞ്ഞ സീസണില്‍ സെല്‍റ്റ വിഗോയ്ക്കുവേണ്ടിയാണ് കളിച്ചത്. ബയേണ്‍ മ്യൂണിക് താരം തിയാഗോ അല്‍കാന്റരയുടെ സഹോദരനാണ്. മികച്ച ഡ്രിബിളറായ റഫീഞ്ഞ ബാഴ്സയിലെത്തിയത് മികച്ച അവസരമാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്.

മധ്യനിരയില്‍ മികച്ച താരങ്ങളില്ല എന്നതാണ് ഇത്തവണ ബാഴ്സയെ കുഴയ്ക്കുന്നത്. പല പ്രമുഖരും ക്ളബ് വിടുകയും പലര്‍ക്കും ഫോമില്ലാതെയാവുകയും ചെയ്തതോടെ റഫീഞ്ഞയ്ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ അത്ലറ്റികോയുടെ സോളും കര്‍ഡോബയുടെ ഫെഡെയുമൊക്കെ ഉദിച്ചുയരാന്‍ തയാറെടുക്കുന്ന താരങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.