ഇഞ്ചിയോണ്‍ കാണാന്‍ പോകണ്ട
ഇഞ്ചിയോണ്‍ കാണാന്‍ പോകണ്ട
Wednesday, August 27, 2014 11:41 PM IST
മുംബൈ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സാധ്യതയില്ലാത്ത ഇനങ്ങളില്‍ ഇന്ത്യ പങ്കെടുക്കണ്െടന്നു കായികമന്ത്രാലയം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും കായികമന്ത്രാലയം ആവശ്യപ്പെട്ടു. 918 പേരുടെ ജംബോ പട്ടികയാണ് ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കു നല്കിയത്. എന്നാല്‍, ഇത്രവലിയ സംഘത്തെ അയയ്ക്കേണ്ടതുണ്േടായെന്ന് കായിക മന്ത്രാലയം ചോദിച്ചു. അതിനാല്‍ ഫുട്ബോള്‍ അടക്കം മെഡല്‍ സാധ്യത ഇല്ലാത്ത ഇനങ്ങളില്‍ ഇന്ത്യ പങ്കെടുക്കേണ്ടതില്ലെന്നാണ് കായിക മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. അടുത്തയാഴ്ചമാത്രമേ ഇന്ത്യന്‍ സംഘത്തിന്റെ അന്തിമപട്ടിക തയാറാകൂ എന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിലാണ് ഏഷ്യന്‍ ഗെയിംസ്.

മെഡല്‍ സാധ്യതയില്ലാത്ത താരങ്ങളെ ഉള്‍പ്പെടുത്തി ഏഷ്യന്‍ ഗെയിംസിന് ജംബോ സംഘത്തെ അയയ്ക്കേണ്െടന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ ഗ്വാന്‍ഷു ഏഷ്യന്‍ ഗെയിംസില്‍ 36 ഇനങ്ങളിലായി 625 കായിക താരങ്ങളെയാണ് ഇന്ത്യ അയച്ചത്. അന്ന് 14 സ്വര്‍ണം അടക്കം 65 മെഡല്‍ ഇന്ത്യ നേടിയിരുന്നു. എന്നാല്‍, ഇപ്രാവശ്യം 28 ഇനങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുക. 28 ഇനങ്ങളിലെ താരങ്ങളും പരിശീലകരുമടക്കം 900ല്‍ അധികം ആളുകളാണ് നിലവില്‍ പട്ടികയിലുള്ളത്. വിജയസാധ്യതയില്ലാത്ത താരങ്ങളെയും ടീമുകളെയും ഈ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നിലപാട്. വന്‍തോല്‍വി ഏറ്റുവാങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് കായിക താരങ്ങളെയും ചില ടീമുകളെയും ഒഴിവാക്കാന്‍ കായിക മന്ത്രാലയം തീരുമാനിച്ചത്.


ബേസ്ബോള്‍, റഗ്ബി, ഫെന്‍സിംഗ് തുടങ്ങിയ ഇനങ്ങളില്‍നിന്നായി നൂറിലധികം താരങ്ങളെ ഒഴിവാക്കുമെന്നാണു സൂചന. അണ്ടര്‍ 23 ടീമംഗങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെയും ഗെയിംസിനായി അയയ്ക്കേണ്െടന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പാക്കിസ്ഥാനോട് സൌഹൃദ മത്സരത്തില്‍ ഇന്ത്യ 2-0നു പരാജയപ്പെട്ടിരുന്നു. ഫിഫ ലോക റാങ്കിംഗില്‍ 150-ാം സ്ഥാനത്തുള്ള ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ ഗ്രൂപ്പ് ജിയില്‍ ശക്തരായ യുഎഇ, ജോര്‍ദാന്‍ എന്നിവര്‍ക്കൊപ്പമാണ്. അതേസമയം, ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ടീം ചൈനയില്‍ പരിശീലനത്തിലാണ്. അവിടുന്ന് ടീം ഇഞ്ചിയോണിലേക്ക് യാത്രതിരിക്കുമെന്നും കുശാല്‍ ദാസ് വ്യക്തമാക്കി.

ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ച പട്ടികയില്‍ കായികമന്ത്രാലയം മാറ്റം വരുത്തിയിരുന്നു. അന്ന് 275 പേരുടെ പ്രാഥമിക പട്ടികയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമര്‍പ്പിച്ചത്. എന്നാല്‍, 215 പേരുടെ സംഘത്തെ മാത്രമേ കായിക മന്ത്രാലയം അന്ന് ഗ്ളാസ്ഗോയിലേക്ക് അയച്ചിരുന്നുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.