കശ്യപ് പുറത്ത്; സൈന മുന്നേറി
Wednesday, August 27, 2014 11:45 PM IST
കോപ്പന്‍ഹേഗന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവായ ഇന്ത്യയുടെ പരുപ്പള്ളി കശ്യപ് പുറത്തായി. ജര്‍മനിയുടെ ഡെയ്റ്റര്‍ ഡോംകെയാണ് ആദ്യ റൌണ്ടില്‍ത്തന്നെ കശ്യപിനെ വീഴ്ത്തിയത്. സ്കോര്‍: 24-26, 23-13, 18-21. ഒരു മണിക്കൂറും ഏഴു മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപ് പരാജയം സമ്മതിച്ചത്. കോമണ്‍വെല്‍ത്തിലെ സ്വര്‍ണ തിളക്കത്തോടെ കളത്തിലിറങ്ങിയ കശ്യപ് ആദ്യ റൌണ്ടില്‍ 14-10 ന് മുന്നിട്ടു നിന്ന ശേഷമാണ് കീഴടങ്ങിയത്. അവസാന റൌണ്ടില്‍ 7-11 ന് പിന്നിട്ട ശേഷം രണ്ടു തവണ സ്കോര്‍ തുല്യനിലയിലെത്തിക്കാന്‍ കശ്യപിനു കഴിഞ്ഞെങ്കിലും ജര്‍മന്‍ താരത്തിന്റെ അനുഭവസമ്പത്ത് വിലങ്ങുതടിയായി.


വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സൈന നെഹ്വാള്‍ മൂന്നാം റൌണ്ടില്‍. രണ്ടാം റൌണ്ടില്‍ റഷ്യയുടെ നതാലിയ പെര്‍മിനോവയെ കീഴടക്കിയാണ് സൈന മൂന്നാം റൌണ്ടിലേക്കു മുന്നേറിയത്. ഏഴാം സീഡായ സൈന വെറും 31 മിനിറ്റുകൊണ്ട് എതിരാളിയെ നിലംപരിശാക്കി. സ്കോര്‍: 21-11, 21-9. യുവതാരം പി.വി. സിന്ധു ഇന്ന് മൂന്നാം റൌണ്ട് പോരാട്ടത്തിനിറങ്ങും. റഷ്യയുടെ ഓള്‍ഗ ഗോള്‍വനോവയാണ് സിന്ധുവിന്റെ എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.