ദേശീയ ഗെയിംസില്‍ കേരളം ലക്ഷ്യമിടുന്നത് 70 സ്വര്‍ണം
Wednesday, August 27, 2014 11:41 PM IST
തിരുവനന്തപുരം: സംസ്ഥാനം ആതിഥേയത്വം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസില്‍ സംസ്ഥാനത്തിന്റെ ടീമിനെ സജ്ജമാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്കു കായിക വകുപ്പും കേരള സ്പോര്‍ട്സ് കൌണ്‍സിലും രൂപം നല്‍കി. 1987 ല്‍ ആദ്യമായി ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ച് ഓവറോള്‍ ചാമ്പ്യന്‍ പട്ടം കേരളം സ്വന്തമാക്കിയിരുന്നു. ഇത്തവണയും അതേ നേട്ടം കൈവരിക്കാനുള്ള മുന്നൊരുക്കങ്ങളാണു സംസ്ഥാനം നടത്തുന്നതെന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആതിഥേയ സംസ്ഥാനമായ കേരളത്തിനു എല്ലാ മത്സര ഇനങ്ങളിലും പങ്കെടുക്കാനുള്ള അര്‍ഹതയുണ്ട്. ആകെയുള്ളതില്‍ എഴുപതു സ്വര്‍ണമെങ്കിലും സ്വന്തമാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 33 ഇനങ്ങളിലായി 365 സ്വര്‍ണവും 365 വെള്ളിയും 477 വെങ്കലവുമാണ് ദേശീയ ഗെയിംസിലെ മെഡലുകള്‍.

സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിശീലനക്യാമ്പുകളുടെ നിയന്ത്രണത്തിനും മേല്‍നോട്ടത്തിനുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായി സ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ചു. പരിശീലനം നിരീക്ഷിക്കുന്നതിനായി പ്രമുഖ സ്പോര്‍ട്സ് താരങ്ങളും കായിക ഭരണരംഗത്തെ പ്രമുഖരും കോ-ഓര്‍ഡിനേറ്റര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓരോവിഭാഗത്തില്‍ നിന്നുമുള്ള ടീമുകള്‍ തെരഞ്ഞടുക്കുന്നതിനു ബന്ധപ്പെട്ട അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, രണ്ടു പ്രഗത്ഭ കായികതാരങ്ങള്‍, കൌണ്‍സില്‍ നിരീക്ഷകന്‍ എന്നിവര്‍ അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയും രൂപകീരിച്ചു. ഒരോ ഇനത്തിനും മൂന്നു ഘട്ടങ്ങളിലായി 90 ദിവസത്തെ പരിശീലന ക്യാമ്പ് നടത്തും.—മൂന്നാംഘട്ടത്തില്‍ അന്തിമടീമാകും ക്യാമ്പിലുണ്ടാകുക. ഒക്ടോബറില്‍ ടീം തെരഞ്ഞെടുപ്പ് നടക്കും.


ആദ്യഘട്ട ക്യാമ്പില്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും പ്രതിദിനം 300 രൂപ ബത്തയും താമസസൌകര്യത്തിനായി 300 രൂപയും അനുവദിക്കും. രണ്ടാംഘട്ട ക്യാമ്പില്‍ ഇത് യഥാക്രമം 400 രൂപയും 300 രൂപയും മൂന്നാംഘട്ട ക്യാമ്പില്‍ ഇത് 500 രൂപയും 300 രൂപയും ആയിരിക്കും. അന്തിമ ടീമിലുള്‍പ്പെടുന്നവര്‍ക്കും ഒഫീഷ്യല്‍സിനും 10,000 രൂപയുടെ സെറിമോണിയല്‍ ഡ്രസ്, പ്ളേയിഗ് കിറ്റ് എന്നിവയും പോക്കറ്റ് മണിയായി 2000 രൂപയും നല്‍കും.

കര്‍മ പദ്ധതികള്‍ക്കായി ആകെ 11,75,63,000 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. അന്യസംസ്ഥാനങ്ങളിലും സര്‍വീസസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മലയാളികളെ കേരള ടീമില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്കു മുഖ്യമന്ത്രി കത്തു നല്‍കി. സ്വര്‍ണം, വെള്ളി, വെങ്കല മെഡലുകള്‍ നേടുന്നവര്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. ടീം ഇനങ്ങളിലെ വിജയികള്‍ക്കു സ്പെഷല്‍ കാഷ് അവാര്‍ഡ് സ്കീം പ്രകാരം തുക നല്കുമെന്നും കായികമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.