ഫെഡറര്‍ രണ്ടാം റൌണ്ടില്‍
ഫെഡറര്‍ രണ്ടാം റൌണ്ടില്‍
Thursday, August 28, 2014 1:24 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ മുന്‍നിര താരങ്ങള്‍ മുന്നേറ്റം തുടരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ രണ്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയയുടെ മാരിന്‍കോ മറ്റെസെവിച്ചിനെ 6-3, 6-4, 7-6ന് പരാജയപ്പെടുത്തി. നാലാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെറര്‍ ബോസ്നിയ ആന്‍ഡ് ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹറിനെതിരെ 6-1, 6-2, 2-6, 6-2ന്റെ ജയം നേടി. പത്താം സീഡ് ജപ്പാന്റെ കെയി നിഷികോരി അമേരിക്കയുടെ വെയ്ന്‍ ഒഡെസ്നികിനെ 6-2, 6-2, 6-2നു തോല്‍പിച്ചു. ഫ്രാന്‍സിന്റെ റിഷാര്‍ഡ് ഗാസ്കെ, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി, സ്പെയിനിന്റെ റോബ്രെഡോ ബൌറ്റിസ്റ, ക്രെയേഷ്യയുടെ ഇവോ കര്‍ലോവിച്ച്, ഫ്രാന്‍സിന്റെ ഗെയ്ല്‍ മോണ്‍ഫില്‍സ് തുടങ്ങിയവര്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു.

വനിതകളുടെ ഒന്നാം റൌണ്ട് മത്സരങ്ങളില്‍ ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് സ്വന്തം നാട്ടുകാരി ടെയ്ലര്‍ ടൌണ്‍സെന്‍ഡിനെ 6-3, 6-1ന് തകര്‍ത്തു. മൂന്നാം സീഡ് ചെക്റിപ്പബ്ളികിന്റെ പെട്ര ക്വിറ്റോവ ഫ്രാന്‍സിന്റെ ക്രിസ്റീന മ്ലാഡെനോവിച്ചിനെ 6-1, 6-0ന് കീഴടക്കി. ഏഴാം സീഡ് കാനഡയുടെ യൂജെനീ ബുഷാര്‍ ബലാറസിന്റെ ഓല്‍ഗ ഗോവോര്‍ട്സോവയെ 6-2, 6-1ന് പരാജയപ്പെടുത്തി. സെര്‍ബിയയുടെ അനാ ഇവാനോവിച്ച് അമേരിക്കയുടെ അലീസണ്‍ റിസ്കിനെ 6-3, 6-0ന് തോല്‍പിച്ചു. പതിനാറാം സീഡ് ബലാറസിന്റെ വിക്ടോറിയ അസാരങ്ക ജപ്പാന്റെ മിസാകി ദോയിയെ 6-7, 6-4, 6-1ന് തോല്‍പിച്ചു. പതിനൊന്നാം സീഡ് ഇറ്റലിയുടെ ഫാല്‍വിയ പെനേറ്റ ജര്‍മനിയുടെ ജൂലിയ ജോര്‍ജസിനെ 6-3, 4-6, 6-1ന് കീഴടക്കി. സ്ളോവാക്യയുടെ ഡൊമിനിക ചിബുല്‍കോവ അമേരിക്കയുടെ കാതറീന്‍ ബെലിസിനെ 6-1, 4-6, 6-4നു മറികടന്നു. ഓസ്ട്രേലിയയുടെ സാമന്ത സ്റോസര്‍ അമേരിക്കയുടെ ലോറന്‍ ഡേവിസിനെ 6-1, 6-4ന് തകര്‍ത്തു. മറ്റ് മത്സരങ്ങളില്‍ സ്പെയിന്റെ കാര്‍ല സുവാരസ്, റഷ്യയുടെ അനസ്താസിയ പാവ്ലിചെങ്കോവ്, സ്വെറ്റ്ലാന കുസ്നെറ്റ്സോവ, എകാതറീന മകാറോവ തുടങ്ങിയവരും വിജയിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.