തലതാഴ്ത്തി യുണൈറ്റഡ്
തലതാഴ്ത്തി യുണൈറ്റഡ്
Thursday, August 28, 2014 1:24 AM IST
ലണ്ടന്‍: മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ പ്രയാണം നാണക്കേടില്‍നിന്നു നാണക്കേടിലേക്ക്. 1995നുശേഷം ആദ്യമായി ക്യാപിറ്റല്‍ വണ്‍ കപ്പിന്റെ രണ്ടാം റൌണ്ടില്‍ ഇറങ്ങേണ്ടിവന്ന യുണൈറ്റഡ് മൂന്നാം ഡിവിഷന്‍ ക്ളബ്ബായ മില്‍ട്ടണ്‍ കെയ്ന്‍സ് ഡോണ്‍സിനോട് (എംകെ ഡോണ്‍സ്) നാണംകെട്ട തോല്‍വിയോടെ പുറത്ത്. മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കാണ് എംകെ ഡോണ്‍സ് ലൂയിസ് വാന്‍ഗാലിന്റെ യുണൈറ്റഡിനെ തുരത്തിയത്. യുവനിരയുമായാണ് മാഞ്ചസ്റര്‍ ഇറങ്ങിയത്. അതേസമയം, പരാജയത്തില്‍ താന്‍ വിഷമിക്കുന്നില്ലെന്ന് വാന്‍ഗാല്‍ മത്സരശേഷം പറഞ്ഞു.

സര്‍ അലക്സ് ഫെര്‍ഗൂസന്‍ വിരമിച്ചതിനുശേഷം പച്ചതൊടാന്‍ വിഷമിക്കുന്ന യുണൈറ്റഡിന്റെ ഇതുവരെയുള്ള പ്രകടനവും നിരാശാജനകമാണ്. അലക്ഷ്യമായ കളിയിലൂടെയും സ്വന്തം പിഴവുകളിലൂടെയുമാണ് യുണൈറ്റഡ് എംകെ ഡോണ്‍സിനോട് പരാജയപ്പെട്ടത്. 2014-15 സീസണ്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയതിനുശേഷം ഒരു സമനിലമാത്രം നേടാനേ യുണൈറ്റഡിനു വാന്‍ഗാലിന്റെ കീഴില്‍ സാധിച്ചുള്ളൂ. ഡാനി വേല്‍ബീക്, ഹാവിയര്‍ ഹെര്‍ണാണ്ടസ്, ഷിന്‍ജി കഗാവ, ആന്‍ഡേഴ്സണ്‍ എന്നിവര്‍ മാത്രമാണ് ആദ്യ ഇലവനില്‍ കളത്തിലെത്തിയ പ്രമുഖര്‍.

20-ാം മിനിറ്റില്‍ കഗാവയെ പിന്‍വലിച്ച് വാന്‍ഗാല്‍ അഡ്നാന്‍ യനുസായ്യെ കളത്തിലിറക്കി. 25-ാം മിനിറ്റില്‍ ഇവാന്‍സ് പെനാല്‍റ്റി ഏരിയയില്‍ വരുത്തിയ വന്‍പിഴവില്‍നിന്ന് എംകെ ഡോണ്‍സ് ലീഡെടുത്തു. പന്തു ക്ളിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ജോണി ഇവാന്‍സിനു പിഴച്ചു. പന്ത് ലഭിച്ചത് ഡോണ്‍സിന്റെ ബെന്‍ റീവ്സിന്. റീവ്സിന്റെ പാസ് വില്യം ഗ്രിഗിന്. ഗ്രിഗിന്റെ ഷോട്ട് അഡ്വാന്‍സ് ചെയ്തെത്തിയ ഡേവിഡ് ഗിയയെ കീഴടക്കി വലയില്‍. 1-0നു എംകെ ഡോണ്‍സ് മുന്നില്‍. രണ്ടാം പകുതിയില്‍ യുണൈറ്റഡിന്റെ നിഴല്‍മാത്രമാണ് കളത്തില്‍കണ്ടത്. ലക്ഷ്യബോധമില്ലാതെ അലഞ്ഞ യുണൈറ്റഡിന്റെ വലയില്‍ വീണ്ടും പന്തെത്തി. 63-ാം മിനിറ്റില്‍ റീവ്സ് നല്കിയ പാസില്‍ നിന്ന് ഗ്രിസ് വീണ്ടും ലക്ഷ്യംകണ്ടു. 70-ാം മിനിറ്റില്‍ വീണ്ടും യുണൈറ്റഡിന്റെ പ്രതിരോധത്തിനു പിഴച്ചു. ഡാനി ഗ്രീനിന്റെ ക്രോസില്‍ നിന്ന് ബെനിക് അഫോബ് യുണൈറ്റഡിന്റെ ഹൃദയം പിളര്‍ന്ന് മൂന്നാമതും ലക്ഷ്യംനേടി. 84-ാം മിനിറ്റില്‍ അഫോബ് ചുവന്ന ചെകുത്താന്മാരുടെ ശവപ്പെട്ടിയില്‍ നാലാമത്തെ ആണിയും അടിച്ചു. അതോടെ 4-0ന്റെ നാണക്കേടോടെ യുണൈറ്റഡ് പുറത്തും.


ബ്രിട്ടീഷ് റിക്കാര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 599 കോടി രൂപയ്ക്ക് അര്‍ജന്റൈന്‍ താരം മാഞ്ചസ്റര്‍ യുണൈറ്റഡിലെത്തിയ ദിനമാണ് എംകെ ഡോണ്‍സ് ശരിക്കും ഡോണ്‍സ് ആയത്. 2004ലാണ് എംകെ ഡോണ്‍സ് എന്ന ക്ളബ് രൂപപ്പെടുന്നത്. വിംബിള്‍ഡണ്‍ എഫ്സി എന്ന ക്ളബ് ലണ്ടനില്‍നിന്ന് മില്‍ട്ടണ്‍ കെയ്ന്‍സിലേക്ക് ആസ്ഥാനം മാറ്റിയപ്പോഴാണ് എംകെ ഡോണ്‍സ് രൂപംകൊണ്ടത്. അതേടൊപ്പം വിംബിള്‍ഡണ്‍ എഫ്സി ചരിത്രത്തില്‍ മറഞ്ഞു.

അതേസമയം, ന്യൂകാസില്‍ യുണൈറ്റഡ്, സതാംപ്ടണ്‍, സ്വാന്‍സീ സിറ്റി, ക്രിസ്റല്‍ പാലസ് തുടങ്ങിയ ടീമുകള്‍ ക്യാപ്പിറ്റല്‍ വണ്‍ ലീഗ് കപ്പിന്റെ മൂന്നാം റൌണ്ടില്‍ പ്രവേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.