ബോക്സിംഗ് അസോസിയേഷനു സായിയുടെ അന്ത്യശാസനം
Thursday, August 28, 2014 1:25 AM IST
പാട്യാല: ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗ് താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയുടെ കീഴില്‍ അണിനിരക്കാന്‍ സാധിക്കില്ലെന്ന് സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ. രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്റെ നിര്‍ദേശം അംഗീകരിച്ച് സെപ്റ്റംബര്‍ 11ന് നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍, ബോക്സിംഗ് താരങ്ങള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പതാകയുടെ കീഴില്‍ അണിനിരക്കാനാവില്ലെന്ന് സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു. ബോക്സിംഗ് ഇന്ത്യയുടെ തലപ്പത്തുള്ളവര്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് അധിഷ്ഠിതമായാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും ഇത് കായിക മേഖലയ്ക്കു ഗുണകരമല്ലെന്നും കാണിച്ച് 2012 ഡിസംബറില്‍ രാജ്യാന്തര ബോക്സിംഗ് അസോസിയേഷന്‍ ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ കായിക മേഖലയുടെ തലപ്പത്ത് അഴിമതിക്കാരാണെന്നും ശരിയായ തെരഞ്ഞെടുപ്പിലൂടെയല്ല ഭരണത്തിലെത്തിയതെന്നും ഉന്നയിച്ച് ഇന്ത്യന്‍ ഒളിമ്പ്ക് അസോസിയേഷനെ അന്ന് രാജ്യാന്തര ഒളിമ്പിക് അസോസിയേഷനും വിലക്കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകാരം വീണ്െടടുത്തു.


എന്നാല്‍, ബോക്സിംഗ് അസോസിയേഷന്‍ ഇതുവരെ തെരഞ്ഞെടുപ്പു നടത്തിയില്ല. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിഞ്ഞ് തെരഞ്ഞെടുപ്പു നടത്തുമെന്നായിരുന്നു ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന്‍ അവസാനം അറിയിച്ചത്. അതുപ്രകാരമാണ് ഗ്ളാസ്ഗോയില്‍ ബോക്സിംഗ് താരങ്ങള്‍ ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ അണിനിരന്നത്. ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗ് താരങ്ങള്‍ക്ക് ഇന്ത്യന്‍ പതാകയ്ക്കു കീഴില്‍ അണിനിരക്കണമെങ്കില്‍ അസോസിയേഷന്‍ അറിയിച്ചതുപോലെ സെപ്റ്റംബര്‍ 11ന് തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരിക്കുന്നു. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിലാണ് ഏഷ്യന്‍ ഗെയിംസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.