പലവട്ടം കാത്തുനിന്ന ടോമിനൊപ്പം അര്‍ജുന ഇന്നു കൂടെപ്പോരും
പലവട്ടം കാത്തുനിന്ന ടോമിനൊപ്പം അര്‍ജുന ഇന്നു കൂടെപ്പോരും
Friday, August 29, 2014 12:00 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അഭിമാനപുരസ്കാരം ഏറ്റുവാങ്ങാന്‍ രാഷ്്ട്രപതി ഭവന്റെ പടി ചവിട്ടുമ്പോള്‍ സന്തോഷം തിരതല്ലുന്നുണ്െടങ്കിലും ഒരുപാട് വൈകിയെന്നൊരു തോന്നല്‍ ടോം ജോസഫിന്റെ ഉള്ളില്‍ മായാതെ കിടപ്പുണ്ടായിരുന്നു. ഇന്നലെ രാഷ്ട്രപതി ഭവനില്‍ അവാര്‍ഡ വിതരണ ചടങ്ങിന്റെ റിഹേഴ്സല്‍ കഴിഞ്ഞു മടങ്ങിയപ്പോള്‍ താനിതിനായി മനസില്‍ എത്രയോ തവണ ഒരുങ്ങിയിട്ടുണ്െടന്നായിരുന്നു ടോം ജോസഫ് പറഞ്ഞത്. ഒരുപാട് ഉയരമുള്ള ടോം ജോസഫ് പുരസ്കാരത്തിന്റെ നിറവിലും വിനയം കൈവിടാതെ ഭൂമിയോളം താഴുന്നു. തുടര്‍ച്ചയായ അവഗണനകളോര്‍ത്തു മുഖം കറുപ്പിക്കാതെ പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ഇന്നു ടോം അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങും.

പ്രതീക്ഷകള്‍ക്കും കാത്തിരിപ്പിനും ഒരു ദശാബ്ദം തികഞ്ഞെങ്കിലും തികഞ്ഞ അഭിമാനത്തോടുകൂടിയാണ് താനിന്ന് അര്‍ജുന പുരസ്കാരം ഏറ്റു വാങ്ങുന്നതെന്ന് ടോം ജോസഫ് ഡല്‍ഹിയില്‍ ദീപികയോടു പറഞ്ഞു. പുരസ്കാരം ഏറ്റു വാങ്ങുന്നതിനായി ഡല്‍ഹിയിലെത്തിയ ടോം ജോസഫിനൊപ്പം ഭാര്യ ജാനറ്റും മകന്‍ സ്റുവര്‍ട്ടും മകള്‍ റിയയും സഹോദരന്‍ ബെന്നി ജോസഫും റോയി ജോസഫും ഉണ്ട്.

അവഗണനകളുടെ തുടര്‍ക്കഥകള്‍ക്കൊടുവില്‍ തുടര്‍ച്ചയായ പത്താം തവണയും ഈ മലയാളി വോളിബോള്‍ താരത്തെ തേടി അര്‍ജുന അവാര്‍ഡ് എത്തിയത്. റോയ് ജോസഫും ഇന്ത്യന്‍ വോളിബോള്‍ ടീമംഗമായിരുന്നു.

197 സെന്റിമീറ്റര്‍ ഉയരമുള്ള ടോം ജോസഫ് വളരെ വേഗമാണ് ദേശീയ-അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കിയത്. ഏറെക്കാലം ഇന്ത്യന്‍ വോളിബോളിനു വേണ്ടി കോര്‍ട്ടില്‍ തീപാറുന്ന പ്രകടനങ്ങള്‍ കാഴ്ചവച്ച ടോം രണ്ട് ഏഷ്യന്‍ ഗെയിംസ്, നാല് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരം തുടങ്ങി നിരവധി മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.

സഹോദരന്റെ കാലടികള്‍ പിന്തുടര്‍ന്നാണ് ടോമും വോളി ബോള്‍ കോര്‍ട്ടിലെത്തുന്നത്. 1995ല്‍ കോഴിക്കോട് സായ് സെന്ററിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മുഴുവന്‍സമയ കളിക്കാരനായി. 1997ല്‍ ഇന്ത്യന്‍ ജൂണിയര്‍ ടീമംഗമായി. ഏറെത്താമസിയാതെ ഇന്ത്യന്‍ സീനിയര്‍ ടീമിലും എത്തി. 1999ലെ കാഠ്മണ്ഡു സാഫ് ഗെയിംസിലെ പ്രകടനമാണു ടോമിനെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കുന്നത്. പാകിസ്ഥാനെതിരെയുളള മത്സരത്തില്‍ ഇന്ത്യ ജയിച്ചുകയറിയത് ടോമിന്റെ സ്മാഷുകളുടെ കരുത്തിലായിരുന്നു. ആ വര്‍ഷം സാഫ് കിരീടവും ഇന്ത്യ നേടി. തുടര്‍ന്ന് നിരവധി വേദികളില്‍ ടോം ഇന്ത്യയുടെ വിജയനായകനായി.


ടോം ജോസഫ് ഉള്‍പ്പടെ അഞ്ചു മലയാളികളടക്കം പതിനഞ്ചു പേര്‍ക്കു രാഷ്ട്രപതി ഇന്നു അര്‍ജുന അവാര്‍ഡ് സമ്മാനിക്കും. വൈകിട്ട് ആറുമണിക്കാണ് രാഷ്്ട്രപതി ഭവനില്‍ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ടോം ജോസഫ്, തുഴച്ചില്‍ താരം സജി തോമസ്, അത്ലറ്റ് ടിന്റു ലൂക്ക, ബാസ്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, ബാഡ്മിന്റണ്‍ താരം വി. ദിജു എന്നിവരാണ് അര്‍ജുന ലഭിക്കുന്ന മറ്റു മലയാളി താരങ്ങള്‍. ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ളണ്ടിലായതിനാല്‍ ആര്‍.അശ്വിന്‍ ഇന്ന് അര്‍ജുന പുരസ്കാരം ഏറ്റു വാങ്ങില്ല. ഇവര്‍ക്കു പുറമേ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളിയായ തുഴച്ചില്‍ പരിശീലകന്‍ ജോസ് ജേക്കബ് ഏറ്റു വാങ്ങും.

ഇതാദ്യമായാണ് അഞ്ച് മലയാളികളെ അര്‍ജുന അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയ പുരസ്കാരാര്‍ഹര്‍ക്ക് അശോക ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വിമാനം വൈകിയതിനാല്‍ ഗീതു അന്ന ജോസിന് റിഹേഴ്സലിന് പങ്കെടുക്കാനായിരുന്നില്ല. വൈകിട്ട് സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച വിരുന്നില്‍ എല്ലാ താരങ്ങളും പങ്കെടുത്തിരുന്നു. ടിന്റു ലൂക്ക ഒഴികെയുള്ളവര്‍ കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ടിന്റുക്കൊപ്പം പരിശീലകയായ പി.ടി. ഉഷയാണ് എത്തിയിട്ടുള്ളത്.

ഗീതു അമ്മയ്ക്കും ഭര്‍ത്താവ് രാഹുല്‍ കോശിക്കുമൊപ്പമാണ് എത്തിയിട്ടുള്ളത്. സജി തോമസ് ഭാര്യ മഞ്ജുവിനും മക്കള്‍ക്കുമൊപ്പവും ദിജു അമ്മ ലളിതയ്ക്കും ഭാര്യ ഡോ. സൌമ്യക്കുമൊപ്പാണ് എത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.