സൈന, സിന്ധു ക്വാര്‍ട്ടറില്‍
Friday, August 29, 2014 12:00 AM IST
കോപ്പന്‍ഹേഗന്‍: ഇന്ത്യയുടെ ബാഡ്മിന്റണ്‍ വിസ്മയം സൈന നെഹ്്വാള്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ജപ്പാന്റെ സയാക തകഹാഷിയുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ് സൈന പ്രീക്വാര്‍ട്ടറില്‍ ജയിച്ചത്.

ആദ്യ ഗെയിം വഴങ്ങിയ സൈന പിന്നീടുള്ള രണ്ടു ഗെയിമും സ്വന്തമാക്കി. സ്കോര്‍: 14-21, 21-18, 21-12. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരിയായ സൈന ആദ്യ ഗെയിമില്‍ തീര്‍ത്തും നിറംമങ്ങി.

എന്നാല്‍, രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചുവന്ന സൈന 21-18ന് ഗെയിം സ്വന്തമാക്കി. മൂന്നാമത്തെ ഗെയിമില്‍ എതിരാളിക്ക് അവസരങ്ങള്‍ കൊടുക്കാതെ സൈന മുന്നേറി.


ഒരു മണിക്കൂറിലേറെ നീണ്ട മത്സരത്തിനൊടുവിലാണ് ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവിന്റെ വിജയം. ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ലി സുരിയുവാണ് സൈനയുടെ എതിരാളി. ലോക അഞ്ചാം നമ്പര്‍ താരം ദക്ഷിണകൊറിയയുടെ യോന്‍ ജു ബായിയെ 19-21, 22-20, 25-23 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്. രണ്ടാം നമ്പര്‍ ചൈനയുടെ ഷിസിയാംഗ് വാംഗാണ് സിന്ധുവിന്റെ എതിരാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.