റൂണി ഇംഗ്ളീഷ് നായകന്‍
റൂണി ഇംഗ്ളീഷ് നായകന്‍
Friday, August 29, 2014 12:03 AM IST
ലണ്ടന്‍: മാഞ്ചസ്റര്‍ യുണൈറ്റഡ് സ്ട്രൈക്കര്‍ വെയിന്‍ റൂണി ഇംഗ്ളണ്ട് ടീമിന്റെ നായകനാകും. സ്റീവന്‍ ജറാര്‍ഡ് പിന്മാറിയ സാഹചര്യത്തിലാണ് റൂണിയെ പുതിയ നായകനായി പരിശീലകന്‍ റോയി ഹോജ്സണ്‍ പ്രഖ്യാപിച്ചത്. 28കാരനായ റൂണി ഇംഗ്ളണ്ടിനുവേണ്ടി 95 മത്സരങ്ങള്‍ കളിച്ചു. 40 ഗോളുകളും സ്വന്തമാക്കി. 2003ല്‍ ഓസ്്ട്രേലിയയ്ക്കെതിരേയായിരുന്നു റൂണിയുടെ അരങ്ങേറ്റം. രണ്ടാഴ്ചമുമ്പാണ് യുണൈറ്റഡിന്റെ നായകനായി റൂണി അവരോധിതനായത്. ബ്രസീല്‍ ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ത്തന്നെ ഇംഗ്ളണ്ട് പുറത്തായതിനെത്തുടര്‍ന്നാണ് ജെറാര്‍ഡ് നായാകസ്ഥാനത്തുനിന്ന് രാജിവച്ചത്. അടുത്തായാഴ്ച നോര്‍വെയ്ക്കെതിരേ നടക്കുന്ന സൌഹൃദമത്സരമായിരിക്കും റൂണിയുടെ ആദ്യ അസൈന്‍മെന്റ്. ഏകകണ്ഠമായാണ് റൂണിയെ തെരഞ്ഞെടുത്തതെന്നും റൂണിക്കു ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും ഹോജ്സണ്‍ പ്രത്യാശിച്ചു. റൂണിയുടെ പരിചയസമ്പന്നതയും കളിമികവും ടീമിനു ഗുണകരമാകും -ഹോജ്സണ്‍ കൂട്ടിച്ചേര്‍ത്തു. ടീമിന്റെ നായകനാവുക എന്നത് സ്വപ്നസാഫല്യമാണ്. ചെറുപ്പത്തില്‍ ഇംഗ്ളണ്ട് ടീമിന്റെ കളി കണ്ടു വളര്‍ന്നു. കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ളീഷ് ടീമില്‍ കളിക്കണമെന്നായിരുന്നു ആഗ്രഹം. അതു സാധിച്ചു. ഇപ്പോഴിതാ നായകനുമായിരിക്കുന്നു. ശരിക്കും സ്വപ്നസാഫല്യം -റൂണി പറഞ്ഞു. 2008ല്‍ ക്ളബ് ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ നേടിയതാരമാണ് റൂണി. ഇംഗ്ളണ്ട് പ്ളെയര്‍ ഓഫ് ദ ഇയറായി 2008ലും 2009ലും റൂണി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതിനിടെ, സൌഹൃദമത്സരത്തിനും യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുമായുള്ള ഇംഗ്ളീഷ് ടീമിനെയും ഹോജ്സണ്‍ പ്രഖ്യാപിച്ചു. ഇംഗ്ളീഷ് ടീമില്‍ ഇതുവരെ കളിക്കാത്ത നാല് താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്സണലിന്റെ പ്രതിരോധതാരം കാലം ചേമ്പേഴ്സ്, ടോട്ടനത്തിന്റെ ലെഫ്റ്റ് ബാക്ക് ഡാനി റോസ്, ന്യൂകാസിലിന്റെ മധ്യനിരതാരം ജാക്ക് കോള്‍ബാക്, ആസ്റ്റണ്‍ വില്ലയുടെ മധ്യനിരതാരം ഫാബിയന്‍ ഡെല്‍ഫ് എന്നിവരാണ് ടീമിലെത്തിയ പുതുമുഖങ്ങള്‍. എവര്‍ടണിന്റെ 20കാരന്‍ ഡിഫന്‍ഡര്‍ ജോണ്‍ സ്റ്റോണ്‍സിനെ ഹോജ്സണ്‍ തിരിച്ചുവിളിച്ചു. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പില്‍ ഇടം നേടാനാകാതെ പോയ ടോട്ടനം വിംഗര്‍ ആന്ദ്രോസ് ടൌണ്‍സെന്റും ടീമിലെത്തിയിട്ടുണ്ട്. ആഷ്്ലി കോളും ഗ്ളെന്‍ ജോണ്‍സനും ലൂക്ക് ഷോയും അടക്കമുള്ള പ്രമുഖരെല്ലാം 22 അംഗ ടീമിലിടം നേടിയിട്ടുണ്ട്. അതേസമയം, മുന്‍ നായകന്‍ സ്റ്റീവന്‍ ജറാര്‍ഡും അന്താരാഷ്്ട്ര ഫുട്ബോളില്‍നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഫ്രാങ്ക് ലംപാര്‍ഡും ഒഴിവാക്കപ്പെട്ടു.


ഇംഗ്ളണ്ട് ടീം

ഗോള്‍ കീപ്പര്‍മാര്‍: ഫ്രേസര്‍ ഫോസ്റ്റര്‍, ബെന്‍ ഫോസ്റ്റര്‍, ജോ ഹാര്‍ട്ട്

പ്രതിരോധം: ലെയ്ട്ടന്‍ ബെയിന്‍സ്, ഗാരി കാഹില്‍, കാലം ചേമ്പേഴ്സ്, ഫില്‍ ജാഗില്‍ക, ഫില്‍ ജോണ്‍സ്, ഡാനി റോസ്, ജോണ്‍ സ്റ്റോണ്‍സ്.

മധ്യനിര: ജോക് കോള്‍ബാക്ക്, ഫാബിയന്‍ ഡെല്‍ഫ്, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, ജയിംസ് മില്‍നര്‍, അലക്സ് ഓക്സ്്ലാഡ് ഡേംബര്‍ലെയ്ന്‍, റഹിം സ്റ്റെര്‍ലിംഗ്, ആന്ദ്രോസ് ടൌണ്‍സെന്റ്, ജാക് വില്‍ഷയര്‍.

മുന്നേറ്റം: റിക്കി ലാബര്‍ട്ട്, വെയിന്‍ റൂണി, ഡാനിയേല്‍ സ്റ്ററിഡ്ജ്, ഡാനി വെല്‍ബക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.