സാമുവല്‍ എറ്റു വിരമിച്ചു, അലോണ്‍സോയും
Friday, August 29, 2014 12:04 AM IST
ലണ്ടന്‍: കാമറൂണിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ സാമുവല്‍ എറ്റു അന്താരാഷ്്ട്ര ഫുട്ബോള്‍ മതിയാക്കി. 116 തവണ കാമറൂണിന്റെ ജഴ്സി അണിഞ്ഞിട്ടുള്ള എറ്റു 56 അന്താരാഷ്ട്ര ഗോളുകളും നേടിയിട്ടുണ്ട്. കാമറൂണിനുവേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടിയതും എറ്റുവാണ്. 2000 ലെ ഒളിമ്പിക്സ് സ്വര്‍ണം കാമറൂണിനു നേടിക്കൊടുക്കുന്നതിലും എറ്റു സുപ്രധാന പങ്കുവഹിച്ചു. നാലുതവണ ആഫ്രിക്കന്‍ ഫുട്ബോളറായിട്ടുള്ള എറ്റു 2000ലും 2008ലും ആഫ്രിക്കന്‍ നേഷന്‍സ് കപ്പും നേടിയിട്ടുണ്ട്. 1998, 2002, 2010, 2014 ലോകകപ്പുകളിലും എറ്റു കാമറൂണിനു വേണ്ടി കളിച്ചിട്ടുണ്ട്. ബാഴ്സലോണ, ഇന്റര്‍മിലാന്‍, ചെല്‍സി എന്നീ ക്ളബ്ബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള എറ്റു കഴിഞ്ഞ ദിവസം ഇംഗ്ളീഷ് ക്ളബ്ബായ എവര്‍ട്ടണുമായി രണ്ടു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. ബാഴ്സലോണയ്ക്കു വേണ്ടി രണ്ടും ഇന്റര്‍മിലാനു വേണ്ടി ഒന്നും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ എറ്റു ക്ളബ് ഫുട്ബോളില്‍ സ്വന്തമാക്കിയിട്ടുണ്ട്.


റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് താരം സാബി അലോണ്‍സോയും അന്താരാഷ്്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. സ്പെയിനിനുവേണ്ടി 114 അന്താരാഷ്്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള അലോണ്‍സോ 16 ഗോളുകള്‍ നേടിയിട്ടുണ്ട്. മുപ്പത്തിരണ്ടുകാരനായ സാബി 2010ലെ ലോകകപ്പും രണ്ട് യൂറോ കിരീടങ്ങളും നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബ്രസീല്‍ ലോകകപ്പിലാണ് സ്പെയിനിനു വേണ്ടി അവസാനമായി കളിച്ചത്. 2003ല്‍ ഇക്വഡോറിനെതിരേയായിരുന്നു സാബിയുടെ അരങ്ങേറ്റം. അന്ന് അദ്ദേഹം റയല്‍ സോസിഡാഡിനുവേണ്ടിയായിരുന്നു കളിച്ചിരുന്നത്. അഞ്ചു വര്‍ഷം ലിവര്‍പൂളിനു വേണ്ടിയും സാബി കളിച്ചു. 2009 മുതല്‍ റയല്‍ മാഡ്രിഡിന്റെ ടീമിലുണ്ട്. റയലിനുവേണ്ടി 158 മത്സരങ്ങള്‍ സാബി കളിച്ചു കഴിഞ്ഞു. ഈ സീസണില്‍ റയല്‍ വിട്ട് ബയേണിലേക്കു ചേക്കേറിയ സാബിയുടെ വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.