ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ  ലോഗോ പ്രകാശനം ചെയ്തു
Friday, August 29, 2014 12:06 AM IST
മുംബൈ: താരപ്രഭയില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഔദ്യോഗിക ലോഗോ പ്രകാശനം നടന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ബോളിവുഡ് താരങ്ങളായ ജോണ്‍ ഏബ്രഹാം, അഭിഷേക് ബച്ചന്‍, ഓള്‍ ഇന്ത്യ ഫുട്ബോള്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിതാ അംബാനിയാണ് സൂപ്പര്‍ ലീഗിന് ഔദ്യോഗിക തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഫുട്ബോളിനെ പുതുക്കിപ്പണിയുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗിനെ അവതരിപ്പിക്കുന്നതെന്ന് നിതാ അംബാനി പറഞ്ഞു.

ഇന്ത്യന്‍ ഫുട്ബോള്‍ പുതിയ യാത്രയുടെ ആദ്യ ചവിട്ടുപടിയിലാണെന്നും സൂപ്പര്‍ ലീഗില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഫുട്ബോളിലേക്കു യുവതലമുറ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും നിത അംബാനി കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ ലീഗ് ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നു കൊച്ചി ബ്ളാസ്റ്റേഴ്സ് ടീം ഉടമ കൂടിയായ സച്ചിന്‍ പറഞ്ഞു. സ്പോര്‍ട്സ് എപ്പോഴും നിങ്ങളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിപ്പിക്കും. അതിനൊപ്പം യഥാര്‍ഥ ആവേശത്തില്‍ എത്തിക്കുകയും ചെയ്യും. കൊച്ചി ബ്ളാസ്റ്റേഴ്സ് കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എന്നാല്‍ കളത്തിനു പുറത്ത് എല്ലാവരും സുഹൃത്തുക്കളായിരിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 12 ന് കോല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയിലെ മികച്ച താരങ്ങള്‍ മുതല്‍ അന്താരാഷ്ട്ര തലത്തിലെ പ്രമുഖരായ താരങ്ങള്‍ വരെ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ആദ്യ മത്സരത്തില്‍ അത്ലറ്റികോ ഡി കോല്‍ക്കത്ത ടീം മുംബൈയെ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.