ദേശീയ ഗെയിംസ്: 26 വേദികള്‍ പൂര്‍ത്തിയായി
Saturday, August 30, 2014 12:21 AM IST
കൊച്ചി: 35-ാമത് ദേശീയ ഗെയിംസിനായുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമായി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അടിസ്ഥാന സൌകര്യ വികസനങ്ങളും മുന്നൊരുക്കങ്ങളും 70 ശതമാനം പൂര്‍ത്തിയായതായി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ദേശീയ ഗെയിംസില്‍ മെഡല്‍ നേടുന്ന എല്ലാ കായിക താരങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കാനുള്ള ആലോചന നടക്കുകയാണെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. വിദേശ മലയാളികളുടെ പങ്ക് ഉറപ്പാക്കാനായി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രവാസി മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ അവസരമാണു ദേശീയ ഗെയിംസിലൂടെ കൈവന്നിരിക്കുന്നത്. ഗെയിംസ് വീക്ഷിക്കാന്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കുകയാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു.

ഗെയിംസിന്റെ വരവറിയിച്ച് ഒരു കോടി ജനങ്ങളെ പങ്കെടുപ്പിച്ചു കൂട്ടയോട്ടം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്െടന്നു കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ.ബാബു, കെ.സി. ജോസഫ്, മഞ്ഞളാംകുഴി അലി, എംപിമാരായ പ്രഫ. കെ.വി. തോമസ്, പി. രാജീവ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, മേയര്‍ ടോണി ചമ്മണി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഫിഫ മീഡിയ പ്രമോട്ടര്‍ ഡോ.മുഹമ്മദ് ഖാന്‍, പ്രവാസി മലയാളികളായ സാവിയോ മാര്‍ട്ടിന്‍, പി.എ. ഇബ്രാഹിം ഹാജി, ഷോജി മാത്യു, പി. ശങ്കരനാരായണന്‍, എല്‍ദോസ് മത്തായി എന്നിവര്‍ പങ്കെടുത്തു.


36 കായിക ഇനങ്ങളിലായി 8,500ലേറെ മത്സരാര്‍ഥികളാണു ഗെയിംസില്‍ പങ്കെടുക്കുക. 6,000 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഔദ്യോഗിക വിഭാഗത്തില്‍ 25,000ത്തിലേറെ പേരുടെ പങ്കാളിത്തമുണ്ടാകും. ഏഴു ജില്ലകളിലായി 32 വേദികളിലാണു മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മലബാറിലെ ആദ്യ സിന്തറ്റിക് അത്ലറ്റിക് ട്രാക്കായ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൌണ്ട്, ആദ്യ പബ്ളിക് സ്ക്വാഷ് സ്റേഡിയം, തൃശൂരില്‍ ഇന്‍ഡോര്‍ സ്റേഡിയം, കൊല്ലം കോര്‍പറേഷന്‍ സ്റേഡിയം, കോഴിക്കോട് ഫുട്ബോള്‍ സ്റേഡിയം, തിരുവനന്തപുരം സ്റേഡിയത്തിനു സമീപത്തായി നീന്തല്‍ ഇന്‍ഡോര്‍ സ്റേഡിയം, തിരുവനന്തപുരം ജി.വി.രാജ സ്റേഡിയം തുടങ്ങിയവയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചു. ബാസ്കറ്റ് ബോള്‍, റസലിംഗ് കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ഹോക്കി ഗ്രൌണ്ട്, സൈക്ളിംഗ്, വട്ടിയൂര്‍കാവ് ഷൂട്ടിംഗ് റേഞ്ച് തുടങ്ങിയവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.