അഭിമാനനക്ഷത്രങ്ങള്‍ അര്‍ജുന ഏറ്റുവാങ്ങി
അഭിമാനനക്ഷത്രങ്ങള്‍ അര്‍ജുന ഏറ്റുവാങ്ങി
Saturday, August 30, 2014 11:05 PM IST
ജോസ് ജേക്കബ്

ന്യൂഡല്‍ഹി: അഞ്ചു മലയാളികളടക്കമുള്ള കായിക താരങ്ങള്‍ക്കു രാഷ്്ട്രപതി പ്രണബ് മുഖര്‍ജി അര്‍ജുന പുരസ്കാരം നല്‍കി. ഇന്നലെ വൈകിട്ട് രാഷ്ടപതി ഭവനില്‍ നടന്ന ചടങ്ങില്‍ വോളിബോള്‍ താരം ടോം ജോസഫ്, തുഴച്ചില്‍ താരം സജി തോമസ്, അത്ലറ്റ് ടിന്റു ലൂക്ക, ബാസ്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, ബാഡ്മിന്റണ്‍ താരം വി. ദിജു എന്നിവര്‍ പുരസ്കാരം ഏറ്റു വാങ്ങി മലയാളത്തിന്റെ യശസുയര്‍ത്തി.

ക്രിക്കറ്റ് പരമ്പരയ്ക്കായി ഇംഗ്ളണ്ടിലായതിനാല്‍ ആര്‍.അശ്വിന്‍ അര്‍ജുന പുരസ്കാരം ഏറ്റു വാങ്ങാനെത്തിയില്ല. ഇവര്‍ക്കു പുറമേ മികച്ച കായിക പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളിയായ തുഴച്ചില്‍ പരിശീലകന്‍ ജോസ് ജേക്കബ് ഏറ്റുവാങ്ങി.


പുരസ്കാര ജേതാക്കളെ പ്രധാന മന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ആര്‍ച്ചെറി താരം അഖിലേഷ് വര്‍മ, പാരാലിമ്പിക്സ് താരം എച്ച്.എന്‍. ഗിരിഷ, ബോക്സിംഗ് താരം ജയ് ഭഗവാന്‍, ഗോള്‍ഫ് താരം അനിര്‍ബാന്‍ ലാഹിരി, കബഡി താരം മമതാ പുജാരി, ഷൂട്ടിംഗ് താരം ഹീന സിദ്ദു, സ്ക്വാഷ് താരം അനഘ അലങ്കമണി, വെയ്റ്റ്ലിഫ്റ്റിംഗ് താരം രേണുബാല താനു, റെസ്്ലിംഗ് താരം സുനില്‍ റാണ എന്നിവരാണ് അര്‍ജുന ലഭിച്ച മറ്റു കായിക താരങ്ങള്‍. ഇരുപതു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തവണ ചടങ്ങില്‍ കായികരംഗത്തെ പരമോന്ന ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന് അര്‍ഹരായ കായികതാരങ്ങളില്ലാതെ പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.