ജോക്കോവിച്ച്, മുറെ മൂന്നാം റൌണ്ടില്‍
Saturday, August 30, 2014 11:09 PM IST
ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിന്റെ മൂന്നാം റൌണ്ടില്‍ കടന്നു. ജോക്കോവിച്ച് ഫ്രാന്‍സിന്റെ പോള്‍ ഹെന്റി മാത്യുവിനെ 6-1, 6-3, 6-0ന് പരാജയപ്പെടുത്തി. ആന്‍ഡി മുറെ ജര്‍മനിയുടെ മത്യാസ് ബാച്ചിംഗറെ 6-3, 6-3, 6-4ന് പരാജയപ്പെടുത്തി. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ നെഡോവെയ്സോവിനെ 6-3, 6-4, 6-4ന് തോല്‍പ്പിച്ചു. കാനഡയുടെ മിലോസ് റോവാനിക് ജര്‍മനിയുടെ പീറ്റര്‍ ഗോജോവെസ്കിനെ 7-6, 5-7, 6-4, 7-6ന് കീഴടക്കി. ജപ്പാന്റെ കെയി നിഷികോരി സ്പെയിന്റെ പാബ്ളോ അന്‍ജറിനെ 6-4, 6-1ന് തകര്‍ത്തു.

വനിതകളുടെ മത്സരങ്ങളില്‍ സെറീന വില്യംസ് സ്വന്തം നാട്ടുകാരി വാനിയ കിംഗിനെ 6-1, 6-0ന് തകര്‍ത്തു. മൂന്നാം സീഡ് പെട്ര ക്വിറ്റോവ സ്വന്തം നാട്ടുകാരി പെട്ര സെറ്റകോവ്സകയെ 6-4, 6-2ന് തോല്പിച്ചു. എട്ടാം സീഡ് സെര്‍ബിയയുടെ അന്നാ ഇവാനോവിച്ചിനെ ചെക് റിപ്പബ്ളികിന്റെ കരോളിന്‍ പ്ളിസ്കോവ 7-5, 6-ന് അട്ടിമറിച്ചു. എസ്തോണിയയുടെ കെയ കാനെപി ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസറെ 3-6, 6-3, 7-6ന്് കീഴടക്കി.


പെയ്സ് സഖ്യം മുന്നേറി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ പ്രതിനിധികളായ ലിയാന്‍ഡര്‍ പെയ്സും രോഹന്‍ ബൊപ്പണ്ണയും അതാത് പങ്കാളികള്‍ക്കൊപ്പം മുന്നേറി. മിക്സഡ് ഡബിള്‍സില്‍ പെയ്സും സിംബാബ്വെയുടെ കാരാ ബ്ളാക്കും ചേര്‍ന്ന കൂട്ടുകെട്ട് ജീന്‍ ജൂലിയന്‍ റോജര്‍ -അന്ന ലെന ഗ്രോന്‍ഫെല്‍ഡ് സഖ്യത്തെ 6-3 4-6 10-8ന് മറികടന്നു. രോഹന്‍ ബൊപ്പണ്ണയും സ്ളൊവേനിയന്‍ പങ്കാളിയായ കാതറീന സെബൊട്നിച്ചും ചേര്‍ന്ന് അമേരിക്കന്‍ കൂട്ടുകെട്ട് ലോറന്‍ ഡേവിസ് നിക്കോളാസ് മണ്‍റോയെ 3-6 6-2 10-0നും കീഴടക്കി. അടുത്ത റൌണ്ടില്‍ റഷ്യയുടെ അല്ല കുദ്യ്രവസ്തവ-പാക്കിസ്ഥാന്റെ അയ്സം ഉല്‍ ഹഖ് ഖുറേഷി ജോടിയാണ് പെയ്സ് -ബ്ളാക്ക് സഖ്യത്തിന്റെ എതിരാളികള്‍. ബൊപ്പണ്ണ കാതറീന കൂട്ടുകെട്ട് മെദീന ഗാരിഗൂസ് -രാവെന്‍ ക്ളാസെന്‍ ജോടിയായോ മിഖായില ക്രായിചെക് -മരിന്‍ ദ്രഗന്‍ജ സഖ്യത്തെയോ നേരിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.