വിജയം ട്രെന്റ്
വിജയം ട്രെന്റ്
Sunday, August 31, 2014 11:53 PM IST
നോട്ടിംഗ് ഹാം: ട്രെന്റ്ബ്രിഡ്ജില്‍ വിജയം ട്രെന്റാക്കി ടീം ഇന്ത്യ. ടീം സ്പിരിറ്റിന്റെ അകമ്പടിക്ക് മിന്നും ഫീല്‍ഡിംഗും മികച്ച ബൌളിംഗും ഒപ്പം തകര്‍പ്പന്‍ ബാറ്റിംഗും കൂട്ടായപ്പോള്‍ ഇംഗ്ളണ്ടിനെതിരായ മൂന്നാം ഏകദിനത്തിലും വിജയിച്ച് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0നു മുന്നിലെത്തി. ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുമ്പോള്‍ ഏഴ് ഓവറുകള്‍ പിന്നെയും ബാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 50 ഓവറില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 78 പന്തില്‍ ആറു ബൌണ്ടറിയടക്കം 64 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്കു മികച്ച വിജയമൊരുക്കിയത്. അജിങ്ക്യ രഹാനെ 45ഉം സുരേഷ് റെയ്ന 42ഉം വിരാട് കോഹ്്ലി 40 ഉം റണ്‍സെടുത്തു. വിജയത്തോടെ ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടില്ല എന്നുറപ്പായി. നാലാം ഏകദിനം രണ്ടിനു നടക്കും.

ടീം സ്പിരിറ്റിന്റെ ആദ്യപകുതി

ഇന്ത്യന്‍ ടീം ആകെ മാറിയിരിക്കുന്നു. വിജയിക്കാനുള്ള ത്വര ടീമിന് അലങ്കാരമായപ്പോള്‍ ടീം സ്പിരിറ്റ് താനേ വന്നു. ടീം മാനേജ്മെന്റിലെ അഴിച്ചുപണിയും ഫീല്‍ഡിലെ പ്രകടനവുമെല്ലാം ചേര്‍ന്നപ്പോള്‍ ഇന്ത്യ പഴയ ഇന്ത്യയായി. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പ്രകടിപ്പിച്ച ആത്മവിശ്വാസം ഇവിടെയും പ്രകടിപ്പിച്ചപ്പോള്‍ ഫീല്‍ഡിംഗ് ലോകോത്തരമായി, സ്പിന്നര്‍മാര്‍ തകര്‍ത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെതിരേ ഈ മികവാണ് ഇന്ത്യക്കു ഗുണമായത്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ചെറുതായൊന്ന് ആലോചിച്ച ശേഷം ഇംഗ്ളണ്ടിനെ ബാറ്റിംഗിനയച്ചു. പിച്ചിലെ ഈര്‍പ്പം തുടക്കത്തില്‍ മുതലാക്കുകയായിരുന്നു ലക്ഷ്യം.

തീരുമാനം ശരിയാവുകയും ചെയ്തു. ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ പലവട്ടം ഇംഗ്ളീഷ് ഓപ്പണര്‍മാരായ അലിസ്റര്‍ കുക്കിനെയും ഹെയില്‍സിനെയും പരീക്ഷിച്ചു. എഡ്ജ് ചെയ്ത പന്ത് ഫീല്‍ഡര്‍മാര്‍ക്കു തൊട്ടുമുന്നിലായി പതിച്ചു. എങ്കിലും ഇരുവരും വിക്കറ്റ് പോകാതെ കാത്തു. ഒരു ഘട്ടത്തില്‍ വിക്കറ്റ് പോകാതെ 80 റണ്‍സെന്ന മികച്ച നിലയിലെത്താനും ഇംഗ്ളണ്ടിനായി.

തന്റെ മുന്‍നിര ബൌളര്‍മാരെ ഒക്കെ പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴാതിരുന്നതിനാല്‍ രോഹിത് ശര്‍മയ്ക്കു പകരം ടീമിലെത്തിയ അമ്പാട്ടി റായുഡുവിനെയും സുരേഷ് റെയ്നയെയും പന്തേല്‍പ്പിച്ച ധോണിയുടെ തീരുമാനം ശരിയായി. ഹെയില്‍സിനെ(42) വീഴ്ത്തി റെയ്ന ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചു. ധോണി ക്യാച്ച് എടുക്കുകയായിരുന്നു. അധികം താമസിയാതെ അലിസ്റ്റര്‍ കുക്ക്(44) റായുഡുവിനു കീഴടങ്ങി. ഫോമിലെത്തി എന്നു തെളിയിക്കുന്ന രീതിയിലായിരുന്നു കുക്കിന്റെ ബാറ്റിംഗ് എന്നാല്‍, കുക്ക് പുറത്തായതോടെ ഇംഗ്ളണ്ടിന്റെ തകര്‍ച്ച തുടങ്ങി. 11-ാമത്തെ ഓവറില്‍ത്തന്നെ ധോണിക്ക് പാര്‍ട്ട് ടൈം ബൌളര്‍മാരെ കൊണ്ടുവരേണ്ടിവന്നു. മോഹിത് ശര്‍മയ്ക്കു പരിക്കേറ്റതാണ് കാരണം. കുക്ക് വീണതോടെ തകര്‍ന്ന ഇംഗ്ളണ്ടിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. 15 ഓവറിനും 42 ഓവറിനും ഇടയില്‍ കേവലം രണ്ട് ബൌണ്ടറിയാണ് പിറന്നത്. മികച്ച ഗ്രിപ്പ് കിട്ടിയ സ്പിന്നര്‍മാര്‍ക്ക് ടേണും യഥേഷ്ടം ലഭിച്ചു. അശ്വിനും റെയ്നയും ജഡേജയും അവസരം പരമാവധി മുതലാക്കി. വിക്കറ്റ് നഷ്ടപ്പെടാതെ 82 എന്ന അവസ്ഥയില്‍നിന്ന് നാലിന് 120 എന്ന നിലയിലേക്ക് ഇംഗ്ളണ്ട് കൂപ്പുകുത്തി.

ഇയാന്‍ ബെല്ലിനെ മോഹിത് ശര്‍മ പുറത്താക്കിയത് അനുപമമെന്നേ വിശേഷിപ്പിക്കാനാകൂ. ഡയറട്ക് ഏറില്‍ ബെല്ലിന്റെ കുറ്റി തെറിച്ചു. ജോ റൂട്ടിനെ ജഡേജ പുറത്താക്കിയപ്പോള്‍ മോര്‍ഗനെ അശ്വിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്തു. വോക്സും ട്രേഡ് വെലും ചേര്‍ന്ന് ചെറിയ ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ഓവര്‍ തീരാറായിരുന്നു. ഇന്ത്യക്കുവേണ്ടി ആര്‍. അശ്വിന്‍ 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, റെയ്ന, റായുഡു, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


ഓപ്പണിംഗില്‍ പ്രശ്നങ്ങള്‍

ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നെങ്കിലും അനാവശ്യ ഷോട്ടുകള്‍ക്കു ശ്രമിച്ചാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും(16) അജിങ്ക്യ രഹാനെയും പുറത്തായത്. ബൌണ്ടറിയിലൂടെ തുടങ്ങിയ ശിഖര്‍ ധവാന്റെ അമിതാവേശം വിനയായി. വോക്സിന്റെ ആദ്യപന്തില്‍ ബൌണ്ടറി നേടിയ ധവാന്‍ രണ്ടാം പന്തിലും ബൌണ്ടറി നേടാനുള്ള ശ്രമത്തില്‍ പന്ത് പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മോര്‍ഗന്റെ കൈകളില്‍ അവസാനിച്ചു. ഇംഗ്ളണ്ടില്‍ ഫോം കണ്െടത്താതെ വിഷമിക്കുകയായിരുന്ന വിരാട് കോഹ്്ലി പിന്നീട് രഹാനെയ്ക്കു കൂട്ടായെത്തി. മോശം പന്തുകളെ മാത്രം ശിക്ഷിച്ചു മുന്നേറിയ കോഹ്്ലി ഫോം വീണ്െടടുക്കുന്ന കാഴ്ചയാണ് നോട്ടിംഗ്ഹാമിലെ പിച്ചില്‍ കണ്ടത്.

ട്രെഡ്വെലിന്റെ പന്തില്‍ സിക്സ് നേടിയതു തന്നെ ഉദാഹരണമായിരുന്നു. എന്നാല്‍, സ്റീവന്‍ ഫിന്‍ എറിഞ്ഞ അപകടകരമല്ലാത്ത ഒരു പന്തില്‍ ബാറ്റ് വച്ച രഹാനെയ്ക്കു പിഴച്ചു. പന്ത് ബട്ലറുടെ കൈയില്‍ അവസാനിച്ച രഹാനെയുടെ ഇന്നിംഗ്സില്‍ നാലു ബൌണ്ടറിയും ഒരു സിക്സുമുണ്ടായിരുന്നു.

രോഹിത് ശര്‍മയ്ക്കു പകരമെത്തിയ അമ്പാട്ടി റായുഡു കോഹ്്ലിക്കു പിന്തുണ നല്‍കി. മറ്റൊരു മത്സരത്തില്‍ക്കൂടി ഇന്ത്യയെ വിജയിപ്പിക്കാനുള്ള അവസരം കോഹ്ലിയിലെത്തുമെന്നു വിചാരിച്ചവര്‍ക്കു തെറ്റി. 50 പന്തില്‍ 40 റണ്‍സെടുത്ത കോഹ്ലിയെ പുറത്താക്കിക്കൊണ്ട് സ്റോക്സ് ആഞ്ഞടിച്ചു. ലെഗ് സൈഡില്‍ ഉയര്‍ന്നുവന്ന പന്തില്‍ ഫ്ളിക് ചെയ്ത കോഹ്്ലിക്കു പിഴച്ചു. പന്ത് ട്രെഡ്വെലിന്റെ കൈകളിലൊതുങ്ങി. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ നിറഞ്ഞു കളിച്ച സുരേഷ് റെയ്ന റായുഡുവിനൊപ്പം ചേര്‍ന്നതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ബൌളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇരുവരുടെയും ബാറ്റില്‍നിന്ന് ബൌണ്ടറികള്‍ ഒഴുകി. റായുഡു തനിക്കു കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു. 60 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ റായുഡു ഇന്ത്യയെ വിജയത്തിലെത്തിച്ചു. മികച്ച പ്രകടനം നടത്തിയ സുരേഷ് റെയ്ന(42) പുറത്തായി. ഇംഗ്ളണ്ടിനുവേണ്ടി വോക്സ്, ഫിന്‍, സ്റോക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രോഹിത് ശര്‍മയ്ക്കു പകരം ടീമിലെത്തിയ റായുഡു തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രഖ്യാപനമാണ് ട്രെന്റ്ബ്രിഡ്ജില്‍ നടത്തിയത്. മലയാളി താരം സഞ്ജു സാംസണ് ഇനിയും കാത്തിരിക്കണമെന്നു സാരം.

സ്കോര്‍ബോര്‍ഡ് ഇംഗ്ളണ്ട് ബാറ്റിംഗ്

അലിസ്റ്റര്‍ കുക്ക് സ്റ്റംപ്ഡ് ധോണി ബി റായുഡു 44, ഹെയില്‍സ് സി ധോണി ബി റെയ്ന 42, ബെല്‍ റണ്ണൌട്ട് 28, ജോ റൂട്ട് സ്റ്റംപ്ഡ് ബി ജഡേജ 2, മോര്‍ഗന്‍ സി ധോണി ബി അശ്വിന്‍ 10, ബട്ലര്‍ ബി അശ്വിന്‍ 42, സ്റ്റോക്സ് സി റെയ്ന ബി അശ്വിന്‍ 2, ക്രസ് വോക്സ് സി ശര്‍മ ബി മുഹമ്മദ് ഷാമി 15, ട്രെഡ്വെല്‍ സി ആന്‍ഡ് ബി ഭുവനേശ്വര്‍ കുമാര്‍ 30, സ്റ്റീവന്‍ ഫിന്‍ റണ്ണൌട്ട് 6, ആന്‍ഡേഴ്സണ്‍ നോട്ടൌട്ട് 0, എക്സ്ട്രാസ് 6

ആകെ 50 ഓവറില്‍ 227നു പുറത്ത്

ബൌളിംഗ്

ഭുവനേശ്വര്‍ കുമാര്‍ 8-0-45-1, മോഹിത് ശര്‍മ 3-0-17-0, മുഹമ്മദ് ഷാമി 9-0-40-1, അശ്വിന്‍ 10-0-39-3, റെയ്ന 8-0-37-1, ജഡേജ 10-0-38-1.

ഇന്ത്യ ബാറ്റിംഗ്

അജിങ്ക്യ രഹാനെ സി ബട്ലര്‍ ബി ഫിന്‍ 45, ധവാന്‍ സി മോര്‍ഗന്‍ ബി വോക്സ് 16, വിരാട് കോഹ്്ലി സി ട്രെഡ്വെല്‍ ബി സ്റോക്സ് 40, റായുഡു നോട്ടൌട്ട് 64, റെയ്ന സി വോക്സ് ബി ട്രെഡ്വെല്‍ 42, ജഡേജ നോട്ടൌട്ട് 12, എക്സ്ട്രാസ് 9.ആകെ 43 ഓവറില്‍ നാലിന് 228.

ബൌളിംഗ്

ആന്‍ഡേഴ്സണ്‍ 7-0-29-0, വോക്സ് 8-1-43-1. ട്രെഡ് വെല്‍ 10-1-46-1, ഫിന്‍ 8-0-50-1, സ്റോക്സ് 6-0-31-1, റൂട്ട് 4-0-27-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.