ബ്ളിന്‍ഡ് മാഞ്ചസ്ററിലേക്ക്, ടോറസ് മിലാനിലേക്കും
Sunday, August 31, 2014 11:55 PM IST
ലണ്ടന്‍: ഡച്ച് മധ്യനിരതാരം ഡാലി ബ്ളിന്‍ഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറാനൊരുങ്ങുന്നു. ബ്ളിന്‍ഡുമായുള്ള കരാര്‍ ഉറപ്പാക്കുകയാണെങ്കില്‍ മാഞ്ചസ്ററില്‍ ഈ സീസണിലെത്തുന്ന അഞ്ചാമത്തെ താരമാകും. ബ്ളിന്‍ഡുമായി അഞ്ചുവര്‍ഷത്തെ കരാരിലേര്‍പ്പെടാനാണ് മാഞ്ചസ്റര്‍ ഒരുങ്ങുന്നത്. 24 കാരനായ ബ്ളിന്‍ഡ് ബ്രസീല്‍ ലോകകപ്പില്‍ നിലവിലെ മാഞ്ചസ്റര്‍ യുണൈറ്റഡ് മാനേജര്‍ ലൂയിസ് വാന്‍ ഗാലിനു കീഴില്‍ ഹോളണ്ടിനുവേണ്ടി കളിച്ചിരുന്നു. ലോകകപ്പില്‍ മികച്ച പ്രകടനവും നടത്തിയിരുന്നു. നിലവില്‍ ഡച്ച് ക്ളബ് അയാക്സിന്റെ താരമായ ബ്ളിന്‍ഡ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ റോളിലാണ് കളിക്കുന്നത്. ബ്ളിന്‍ഡിനെ സ്വന്തമാക്കാന്‍ എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഏകദേശം 18 മില്യണ്‍ യൂറോയ്ക്കും 20 മില്യണ്‍ യൂറോയ്ക്കുമിടയിലാണ് ബ്ളിന്‍ഡിനായി ചെലവഴിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ ഡച്ച് പ്രതിരോധനിര താരം ഡാനി ബ്ളിന്‍ഡിന്റെ പുത്രനാണ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍.


അതേസമയം, സ്പാനിഷ് മുന്നേറ്റനിരതാരം ഫെര്‍ണാണ്േടാ ടോറസ് ലോണ്‍ വ്യവസ്ഥയില്‍ എസി മിലാനില്‍ കളിക്കും. 2011ല്‍ ലിവര്‍പൂളില്‍നിന്നും ചെല്‍സിയില്‍ ചേര്‍ന്ന ടോറസിന് ക്ളബ്ബില്‍ തന്റെ മികവിനൊപ്പം എത്താനായില്ല. ലിവര്‍പൂളില്‍ മികച്ച ഫോമിലായിരുന്ന ടോറസിന് നീലക്കുപ്പായത്തില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല. ചെല്‍സിക്കു വേണ്ടി 172 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 45 ഗോള്‍ മാത്രമേ നേടാനായുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.