ബലോട്ടെല്ലി അരങ്ങേറി; സ്റര്‍ലിംഗ് തകര്‍ത്താടി
ബലോട്ടെല്ലി അരങ്ങേറി; സ്റര്‍ലിംഗ് തകര്‍ത്താടി
Monday, September 1, 2014 11:17 PM IST
ലണ്ടന്‍: മരിയോ ബലോട്ടെല്ലി ലിവര്‍പൂളിനായി അരങ്ങേറിയ മത്സരത്തില്‍ ഉജ്വല ഗോളിലൂടെ താരമായത് റഹീം സ്റര്‍ലിംഗ്. ലിവര്‍പൂളിന്റെ വേഗമാര്‍ന്ന മുന്നേറ്റനിരയുടെ ആക്രമണത്തിനു മുന്നില്‍ ടോട്ടനത്തിനു മറുപടിയില്ലാതായി. അതോടെ എവേ മത്സരത്തില്‍ ചെമ്പട 3-0ന്റെ ഏകപക്ഷീയ ജയം നുകര്‍ന്നു. മാഞ്ചസ്റര്‍ സിറ്റിക്കെതിരേ പരാജയപ്പെട്ട ലിവര്‍പൂള്‍ ആയിരുന്നില്ല കളത്തില്‍ കണ്ടത്. ആക്രമണ ഫുട്ബോളിന്റെ ചാരുതയുമായി സ്റര്‍ലിംഗും ബലോട്ടെല്ലിയും സ്റുറിഡ്ജും ജെറാര്‍ഡുമെല്ലാം കളം നിറഞ്ഞു.

മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ മനോഹരമായ പദചലനങ്ങള്‍ക്കൊടുവില്‍ സ്റര്‍ലിംഗ് ടോട്ടനത്തിന്റെ വല കുലുക്കി. ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്റെ പാസ് സ്വീകരിച്ചായിരുന്നു ഇംഗ്ളീഷ് താരത്തിന്റെ ഗോള്‍ നേട്ടം. 48-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സ്റീവന്‍ ജെറാര്‍ഡ് ലിവര്‍പൂളിന്റെ ലീഡ് 2-0 ആക്കി. എറിക് ഡയര്‍ പെനാല്‍റ്റി ഏരിയയില്‍ ഫൌള്‍ ചെയ്തതിനായിരുന്നു ടോട്ടനത്തിന് സ്പോട്ട്കിക് വഴങ്ങേണ്ടിവന്നത്. 60-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ മൊറേനോ ചെമ്പടയുടെ അക്കൌണ്ട് ക്ളോസ് ചെയ്തു.

ഒരു ഇടവേളയ്ക്കുശേഷം ഇംഗ്ളീഷ് പ്രമീയര്‍ ലീഗില്‍ തിരിച്ചെത്തിയ ബലോട്ടെല്ലി ആദ്യ ഇലവനില്‍ മൈതാനത്തെത്തി. മാഞ്ചസ്റര്‍ സിറ്റിയുടെ മുന്‍താരമായിരുന്ന ഇറ്റാലിയന്‍ താരത്തെ 61-ാം മിനിറ്റില്‍ പിന്‍വലിച്ച് ലസര്‍ മാര്‍കോവിക്കിനെ ലിവര്‍പൂള്‍ കളത്തിലിറക്കി.

മറ്റൊരു മത്സരത്തില്‍ ആസ്റണ്‍വില്ല 2-1ന് ഹള്‍സിറ്റിയെ കീഴടക്കി. ഗബ്രിയേല്‍ അഗ്ബോനല്‍ഹോര്‍ (14), ആന്‍ഡേഴ്സ് വീമാന്‍ (36) എന്നിവരായിരുന്നു ആസ്റണ്‍ വില്ലയ്ക്കുവേണ്ടി ലക്ഷ്യം നേടിയത്.

എവര്‍ട്ടണില്‍ ഗോള്‍വസന്തം

ഗോഡിസണ്‍ പാര്‍ക്കില്‍ അരങ്ങേറിയ ഗോള്‍മഴയില്‍ ആതിഥേയരായ എവര്‍ട്ടണ്‍ ചെല്‍സിക്കു മുന്നില്‍ കീഴടക്കി. ഈ സീസണില്‍ ഏറ്റവുമധികം ഗോള്‍ പിറന്ന മത്സരത്തില്‍ 6-3നായിരുന്നു മഞ്ഞ ജഴ്സിയില്‍ ഇറങ്ങിയ ചെല്‍സി, എവര്‍ട്ടണെ മുക്കിയത്. ആദ്യ മിനിറ്റിലും അവസാന മിനിറ്റിലും ഗോള്‍ നേടി ബ്രസീല്‍ വംശജനായ സ്പാനിഷ് സ്ട്രൈക്കര്‍ ഡിയേഗോ കോസ്റ ചെല്‍സിക്കുവേണ്ടി മുന്നില്‍ നിന്നു പടനയിച്ചു. അതോടെ ലോകകപ്പില്‍ ഒരു മത്സരത്തില്‍ ഏറ്റവും അധികം രക്ഷപ്പെടുത്തല്‍ നടത്തിയ റിക്കാര്‍ഡിനുടമയായ എവര്‍ട്ടണിന്റെ അമേരിക്കന്‍ ഗോളി ഹോവാര്‍ഡ് തലതാഴ്ത്തി മടങ്ങി.


മത്സരത്തിന്റെ ആദ്യമിനിറ്റില്‍ സെസ്ക് ഫാബ്രിഗസിന്റെ പാസിലൂടെ കോസ്റ എവര്‍ട്ടണിന്റെ വലയില്‍ നിറയൊഴിച്ചു. രണ്ടു മിനിറ്റിനുശേഷം ബ്രാനിസ്ളാവ് ഇവാനോവിച്ച് ചെല്‍സിയുടെ ലീഡുയര്‍ത്തി. റാമിറസിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍. 45-ാം മിനിറ്റില്‍ കെവിന്‍ മിറാലസിലൂടെ എവര്‍ട്ടണ്‍ ഒരു ഗോള്‍ മടക്കി. 2-1ന്റെ ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ ചെല്‍സിക്ക് 67-ാം മിനിറ്റില്‍ എവര്‍ട്ടണിന്റെ സീമസ് കോളമന്റെ വക സെല്‍ഫ് ഗോള്‍. അതോടെ ചെല്‍സി-3, എവര്‍ട്ടണ്‍ -1. എന്നാല്‍, രണ്ടു മിനിറ്റിനുശേഷം സ്റീവന്‍ നെയ്സ്മിത്തിലൂടെ എവര്‍ട്ടണ്‍ ഒരു ഗോള്‍കൂടി മടക്കിയതോടെ കളി മുറുകി. 74-ാം മിനിറ്റില്‍ നമാന്‍ജ മാറ്റിക് ചെല്‍സിക്കുവേണ്ടിയും 76-ാംമിനിറ്റില്‍ എറ്റുവിലൂടെ എവര്‍ട്ടണും ഗോള്‍ നേടിയതോടെ സ്കോര്‍ 4-3. എന്നാല്‍, 77-ാം മിനിറ്റില്‍ മാറ്റിക്കിന്റെ പാസില്‍ നിന്ന് റാമിറസും 90-ാം മിനിറ്റില്‍ ഒബി മിഖേലിന്റെ പാസില്‍നിന്ന് കോസ്റയും ലക്ഷ്യംകണ്ടു. അതോടെ എവര്‍ട്ടണിന്റെ പത്തി താണു. 6-3ന്റെ ജയത്തോടെ ചെല്‍സി പോയിന്റ് പട്ടികയുടെ തലപ്പത്തുമെത്തി.

മറ്റൊരു മത്സരത്തില്‍ സ്വാന്‍സീ സിറ്റി 3-0ന് വെസ്റ്ബ്രോംവിച്ചിനെ കീഴടക്കി. ആഴ്സണലും ലീസ്റര്‍ സിറ്റിയും 1-1 സമനിലയില്‍ പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.