സെറീന പ്രീക്വാര്‍ട്ടറില്‍, പെട്ര ക്വിറ്റോവ പുറത്ത്
സെറീന പ്രീക്വാര്‍ട്ടറില്‍, പെട്ര ക്വിറ്റോവ പുറത്ത്
Monday, September 1, 2014 11:19 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ അട്ടിമറി തുടരുന്നു. മൂന്നാം സീഡ് ചെക് റിപ്പബ്ളിക്കിന്റെ പെട്ര ക്വിറ്റോവയെ സെര്‍ബിയയുടെ അലക്സാണ്ര്ട കുര്‍നിക് 6-4, 6-4ന് അട്ടിമറിച്ചു. എന്നാല്‍, ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് സ്വന്തം നാട്ടുകാരി വാര്‍വാര ലെപ്ചെങ്കോവിനെ 6-3, 6-3നു തകര്‍ത്തു. ഏഴാം സീഡ് കാനഡയുടെ യൂജെനി ബൂഷര്‍ ചെക് റിപ്പബ്ളിക്കിന്റെ ബാര്‍ബറ സഹ്ലാവോവ സ്ട്രൈകോവയെ മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ (6-2, 6-7, 6-4)നു പരാജയപ്പെടുത്തി. പതിനഞ്ചാം സീഡ് സ്പെയിനിന്റെ കാര്‍ല സുവരസിനെ എസ്റോണിയയുടെ സീഡ് ചെയ്യപ്പെടാത്ത കിയ കാനെപി 7-5, 6-0ന് തോല്പിച്ചു. പതിനാറാം സീഡ് ബലാറസിന്റെ വിക്ടോറിയ അസരെങ്ക റഷ്യയുടെ യെലേന വെസ്നിനയെ 6-1, 6-1ന് കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി.

ജോക്കോവിച്ച്, മുറെ പ്രീക്വാര്‍ട്ടറില്‍

പുരുഷ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍മാരായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ ആന്‍ഡി മുറെയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഒന്നാം റാങ്ക് താരം ജോക്കോവിച്ച് അമേരിക്കയുടെ സാം ക്വറിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-2, 6-2) തകര്‍ത്തു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ മൂന്നാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റാനിസ്ളാസ് വാവ്റിങ്ക വാക്ക്ഓവറിലൂടെ പ്രീക്വാര്‍ട്ടറിലെത്തി. സ്ളോവേനിയയുടെ ബ്ളേസ് കാവ്സിച് ആയിരുന്നു എതിരാളി. അഞ്ചാം സീഡ് കാനഡയുടെ മിലോസ് റോവാനിക് ഡൊമിനിക്കന്‍ റിപ്പബ്ളികിന്റെ വിക്ടര്‍ എസ്ട്രെലയെ 7-6, 7-6, 7-6ന് പരാജയപ്പെടുത്തി. ആന്‍ഡി മുറെ റഷ്യയുടെ ആന്ദ്രെ കുസ്നെറ്റസോവയെ നാലു സെറ്റുകള്‍ക്ക് (6-1, 7-5, 4-6, 6-2)ന് മറികടന്നു. പത്താം സീഡ്് ജപ്പാന്റെ കെയി നിഷികോരി അര്‍ജന്റീനയുടെ ലിയനാര്‍ഡോ മെയറെ 6-4, 6-2, 6-3ന് പരാജയപ്പെടുത്തി. ഇരുപത്തിരണ്ടാം സീഡ് ജര്‍മനിയുടെ ഫിലിപ് കോള്‍ഷ്ര്‍ബെയര്‍ പതിമൂന്നാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നറെ 7-6, 4-6, 7-6, 7-6ന് അട്ടിമറിച്ചു. സ്പെയിനിന്റെ ടോമി റോബ്രെഡോ ഓസ്ട്രേലിയയുടെ നിക് കിര്‍ഗിയസിനെ 3-6, 6-3, 7-6, 6-3നും കീഴടക്കി അവസാന 16ല്‍ കടന്നു.


സാനിയ, പെയ്സ് സഖ്യങ്ങള്‍ മുന്നോട്ട്

വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- സിംബാബ്വെയുടെ കാര ബ്ളാക്ക് സഖ്യം പ്രീക്വാര്‍ട്ടറിലെത്തി. രണ്ടാം റൌണ്ടില്‍ ഇന്തോ- സിംബാബ്വെ കൂട്ടുകെട്ട് ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍സിയ റുമേനിയയുടെ മോനിക്ക നിക്കോളെസു ജോഡിയെ 6-1, 6-2നു തോല്പ്പിച്ചു. മിക്സഡ് ഡബിള്‍സില്‍ സാനിയ- ബ്രൂണോ സോറസ് സഖ്യം ക്വാര്‍ട്ടറിലെത്തി. ഓസ്ട്രേലിയുടെ കോസി ഡെലാക് ബ്രിട്ടന്റെ ജാമി മുറെ സഖ്യത്തെയാണ് 6-2, 7(10)-6(8) ഇന്തോ-ബ്രസീലിയന്‍ കൂട്ടുകെട്ട് കീഴടക്കിയത്.

മിക്സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-കാര ബ്ളാക് സഖ്യം റഷ്യയുടെ അലാ കൂഡ്രിയവറ്റ്സോവ പാക്കിസ്ഥാന്റെ അയ്സാം അല്‍ ഖുറേഷി സഖ്യത്തെ 6-1, 4-6, 10-4ന് കീഴടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.