വാതിലടച്ചു; താരനിബിഡം ക്ളബ്ബുകള്‍
വാതിലടച്ചു; താരനിബിഡം ക്ളബ്ബുകള്‍
Tuesday, September 2, 2014 11:05 PM IST
സി.കെ. രാജേഷ്കുമാര്‍

ഫുട്ബോള്‍ ലോകത്തെ ട്രാന്‍സ്ഫര്‍ വാതിലുകള്‍ കൊട്ടിയടച്ചു. നേട്ടം കൊയ്തവരുടെ സന്തോഷവും കൂടൊരുക്കി കാത്തിരുന്നിട്ടും വലയില്‍ കുടുങ്ങാത്തവരുടെ നിരാശയും ഒക്കെയായി ലോകത്തെ ഏറ്റവും വലിയ കൂടുമാറ്റ പ്രക്രിയ അവസാനിച്ചു. ട്രാന്‍സ്ഫര്‍ അവസാനിച്ച ഇന്നലെയും ആവേശത്തിനും ഞെട്ടലിനും ഒട്ടും കുറവുണ്ടായില്ല. തുടക്കത്തില്‍ എന്നപോലെ അവസാന ലാപ്പിലും നേട്ടമുണ്ടാക്കിക്കൊണ്ട് ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും റയല്‍ മാഡ്രിഡും മിന്നിത്തിളങ്ങി. റയല്‍ മാഡ്രിഡ് കൊണ്ടുപോകുമെന്ന് ഏവരും കരുതിയിരുന്ന കൊളംബിയന്‍ സൂപ്പര്‍ സ്ട്രൈക്കറെ മാഞ്ചസ്റര്‍ യുണൈറ്റഡ് ലോണ്‍ വ്യവസ്ഥയില്‍ റാഞ്ചിയതാണ് ട്രാന്‍സ്ഫര്‍ സോണിലെ കൊട്ടിക്കലാശം സമ്മാനിച്ച സുപ്രധാന വാര്‍ത്ത.

ഒന്നാം ഡിവിഷന്‍ ഫ്രഞ്ച് ലീഗ് ക്ളബ്ബ് മോണക്കോയുടെ താരമായിരുന്ന ഫല്‍കാവോ ഈ സീസണില്‍ ക്ളബ് വിടുമെന്ന് നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 മത്സരങ്ങളില്‍ മൊണാക്കോയ്ക്കായി 11 ഗോളുകള്‍ സ്കോര്‍ ചെയ്ത ഫല്‍കാവോ ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ രണ്ട് ഗോളുകളും വലയിലാക്കിയിട്ടുണ്ട്. 2011-13 സീസണില്‍ അത്ലറ്റിക്കോ മാഡ്രിഡിനായി ഈ 28കാരന്‍ 68 മത്സരങ്ങളില്‍ 52 ഗോളുകളും നേടി.

ഒരു സീസണിലേക്കാണ് ലോണ്‍. ഈ കാലാവധി കഴിയുമ്പോള്‍ 435 കോടി രൂപയ്ക്ക് ഫല്‍കാവോയെ വാങ്ങാനുള്ള നിബന്ധനയും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ 117 മിനിറ്റിലും ഗോള്‍ സ്കോര്‍ ചെയ്യുന്ന മോണക്കോ താരം ഫല്‍കാവോ യുണൈറ്റഡിലെത്തിയത് അവരുടെ മുന്നേറ്റത്തെ ശക്തിപ്പെടുത്തും. പ്രീമിയര്‍ ലീഗില്‍ ഇനിയും വിജയം കൈപ്പിടിയൊതുക്കാനാവാത്ത വാന്‍ ഗാലിനും സംഘത്തിനും ഫല്‍കാവോയുടെ വരവ് ഗുണം ചെയ്യും. റൂണിയും(ഓരോ 133 മിനിറ്റിലും ഗോള്‍) റോബിന്‍ വാന്‍ പേഴ്സിയും (ഓരോ 120 മിനിറ്റിലും ഗോള്‍) ചേരുന്ന ചുവന്ന ചെകുത്താന്മാരുടെ മുന്നേറ്റനിര ശക്തമായിരിക്കുകയാണ്. അതേസമയം, യുവന്റസിന്റെ ചിലിയന്‍ സ്ട്രൈക്കര്‍ അതുറോ വിദാലിനെ ലോണ്‍ വ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള യുണൈറ്റഡിന്റെ ശ്രമം പരാജയപ്പെട്ടു. അതേസമയം, നിഗെല്‍ ഡെ ലോംഗിലെ എസി മിലാനില്‍നിന്ന് യുണൈറ്റഡിലെത്തിച്ചു.

ഫല്‍കാവോയ്ക്കൊപ്പംമോണക്കോയുടെ മുട്ടീഞ്ഞോ എന്ന മധ്യനിര താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുതന്നെ. യുണൈറ്റഡ് സ്ട്രൈക്കര്‍ ഡാനി വെല്‍ബെക് ടോട്ടനത്തിലേക്കു ചേക്കേറുന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം.

കൊട്ടിക്കലാശം പെരുത്തപ്പോള്‍ റയല്‍ മാഡ്രിഡും നേട്ടമുണ്ടാക്കി. റയലിന്റെ സമ്പന്നമായ മുന്നേറ്റനിരയ്ക്കു കരുത്തേകിക്കൊണ്ട് മെക്സിക്കന്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസ് റയലില്‍ ചേക്കേറി. ഫല്‍കാവോയെ കൊണ്ടുവന്നപ്പോള്‍ ഹെര്‍ണാണ്ടസിനെ ഒഴിവാക്കുകയായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ലോണ്‍ വ്യവസ്ഥയില്‍ത്തന്നെയാണ് ഹെര്‍ണാണ്ടസും റയലിലെത്തിയത്. യുണൈറ്റഡിനുവേണ്ടി 152 മത്സരങ്ങളില്‍നിന്ന് 59 ഗോള്‍ സ്വന്തമാക്കിയ ഈ 26കാരന്‍ റയലില്‍ ബന്‍സേമയുടെ അഭാവത്തില്‍ അവതരിക്കും. ബന്‍സേമയ്ക്കു പരിക്കു പറ്റിയാല്‍ ആ സ്ഥാനത്ത് ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഹാവിയര്‍ ഹെര്‍ണാണ്ടസ്. മധ്യനിര താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, സാവി അലോണ്‍സോ എന്നിവര്‍ റയല്‍ വിട്ടിരുന്നു. ഇതോടെ മധ്യനിര ദുര്‍ബലമാവുകയും ചെയ്തു. ഇതേറ്റവും നിഴലിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം റയലിന്റെ സോസിഡാഡിനെതിരേയുള്ളത്. മത്സരത്തില്‍ 2-4ന് റയല്‍ പരാജയപ്പെട്ടു.


ജയിംസ് റോഡ്രിഗസ്, ടോണി ക്രൂസ്, കെയ്ലര്‍ നവാസ് എന്നിവരാണ് ഈ സീസണില്‍ റയലിലെത്തിയ പ്രമുഖ താരങ്ങള്‍. മാഞ്ചസ്ററിലേക്ക് എയ്ഞ്ചല്‍ ഡി മരിയ എത്തിയതു മുതല്‍ക്കൂട്ടായി. പ്രീമിയര്‍ ലീഗില്‍ ഈസീസണിലെ ഏറ്റവും വലിയ മുതല്‍മുടക്കായ 59.7 മില്യണ്‍ പൌണ്ടിനാണ് ഡി മരിയയെ യുണൈറ്റഡ് സ്വന്തമാക്കിയത്.

ബെല്‍ജിയം സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ കൈവിട്ടെങ്കിലും ഒടുവില്‍ സ്വന്തമാക്കാനായതും റോസ് ബാര്‍ക്ക്ലിയെ നിലനിര്‍ത്താനായതും എവര്‍ടണിനു നേട്ടമായി.

ഏറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയ ഇംഗ്ളീഷ് ടീം ബ്രാക്പൂളാണ് 17 താരങ്ങളെയാണ് ഈ സീസണില്‍ അവര്‍ സ്വന്തം കൂട്ടിലെത്തിച്ചത്. വെസ്റ്ബ്രോം 11 പേരെയും ടീമിലെത്തിച്ചു. ട്രാന്‍സ്ഫര്‍ വിന്‍ഡോ അടയ്ക്കുന്ന അവസാന ദിവസം ഏതാണ്ട് 30 ട്രാന്‍സ്ഫറുകള്‍ നടന്നു.

പ്രീമിയര്‍ ലീഗില്‍ മറിഞ്ഞത് 7800 കോടി രൂപ

ക്ളബ്ബുകള്‍ക്കു താരങ്ങളെ സ്വന്തമാക്കാനും കൈമാറാനുമൊക്കെയായി ഒരു സീസണില്‍ രണ്ട് അവസരങ്ങളാണുള്ളത്. സീസണിന്റെ തുടക്കത്തിലും മധ്യത്തിലുമായാണിത്. സെപ്റ്റംബര്‍ ഒന്നിന് അവസാനിച്ച സമ്മര്‍ ട്രാന്‍സ്ഫറില്‍ ഇംഗ്ളീഷ് ക്ളബ്ബുകളില്‍ മാത്രം മറിഞ്ഞത് 780 മില്യണ്‍ പൌണ്ടാണ(7800 കോടി രൂപ). ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 120 മില്യണ്‍ പൌണ്ട് അധികമാണ്.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ച ഇന്നലെ മാത്രം ഏകദേശം 150 മില്യണ്‍ പൌണ്ടിന്റെ(1500 കോടി രൂപ) ബിസിനസാണു നടന്നത്. കഴിഞ്ഞതവണ ഇത് 123 മില്യണ്‍ പൌണ്ടായിരുന്നു(1230 കോടി രൂപ). മാഞ്ചസ്റര്‍ യുണൈറ്റഡ് തന്നെയാണ് ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്. ഏതാണ്ട് 150 മില്യണ്‍ പൌണ്ട്.

മാഞ്ചസ്റര്‍ സിറ്റി 54.5 മില്യണ്‍ പൌണ്ട് മുടക്കിയപ്പോള്‍ വിലയേറിയ താരം മറ്റിയ നസ്റ്റാക്കിക്കാണ്; 15 മില്യണ്‍ പൌണ്ട്(150 കോടി രൂപ). ചെല്‍സി 87.7 മില്യണ്‍ പൌണ്ട്(877 കോടി രൂപ) മുടക്കിയപ്പോള്‍ ലിവര്‍പൂള്‍ 116.8 (1168 കോടി രൂപ) മില്യണ്‍ പൌണ്ട് വാരിയെറിഞ്ഞു.

ഫിഫയുടെ ട്രാന്‍സ്ഫര്‍ മോണിറ്ററിംഗ് സിസ്റ്റത്തിന്റെ കണക്കു പ്രകാരം യൂറോപ്യന്‍ ക്ളബുകളില്‍ ആകെ മറിഞ്ഞത് 2.09 ബില്യണ്‍ ഡോളറാണ്. അവസാന ഒരു ദിവസം നടന്ന ട്രാന്‍സ്ഫറുകളുടെ കണക്കെടുക്കാതെയാണിത്. ഇതില്‍ 67 ശതമാനം തുകയും മറിഞ്ഞത് ഇംഗ്ളീഷ്, സ്പാനിഷ് ക്ളബ്ബുകളിലാണ്. ഇതു കഴിഞ്ഞതവണത്തേക്കാള്‍ 70 കോടി ഡോളര്‍ അധികമാണ്.

ഇംഗ്ളീഷ് ക്ളബ്ബുകള്‍ മാത്രമെടുത്താല്‍ ആകെ തുകയുടെ 43 ശതമാനവും ഇംഗ്ളണ്ടില്‍ വിനിയോഗിച്ചു. സ്പെയിനില്‍ 25 ശതമാനവും. ട്രാന്‍സ്ഫറിന്റെ രണ്ടാം ഘട്ടം ജനുവരിയില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.