പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ
പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ
Tuesday, September 2, 2014 11:07 PM IST
ബര്‍മിംഗ്ഹാം: ടെസ്റ് പരമ്പരയില്‍ നഷ്ടപ്പെട്ട അഭിമാനം ഏകദിന പരമ്പരയില്‍ സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നു നാലാം ഏകദിനത്തിന്. ഇംഗ്ളണ്ടാകട്ടെ തിരിച്ചുവരവിനാകും ശ്രമിക്കുന്നത്. അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. നാലാം ഏകദിനത്തിലും വിജയിച്ച് പരമ്പര ഉറപ്പാക്കാനാകും ഇന്ത്യ ഇറങ്ങുക. എന്നാല്‍, ഒരു ജയം നേടി പരമ്പരയില്‍ സജീവമാകാനാകും ഇംഗ്ളണ്ടിന്റെ ശ്രമം. ബ്രിസ്റോളിലെ ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ കാര്‍ഡിഫിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ളണ്ടിനെ 133 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ ഏകദിനത്തിലെ കരുത്ത് തെളിയിച്ചു. നോട്ടിംഗ്ഹാമില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ടീ ഇന്ത്യയുടെ ജയം ആറു വിക്കറ്റിനായിരുന്നു.

ജയിച്ച രണ്ടു മത്സരത്തിലും ഇന്ത്യന്‍ ടീം ഒന്നടങ്കം എതിരാളികള്‍ക്കെതിരേ വ്യക്തമായ ആധിപത്യമാണ് സ്ഥാപിച്ചത്. രണ്ടു മത്സരങ്ങളിലും അടുത്തകാലത്തൊന്നും കാണാന്‍ കഴിയാത്ത ടീം സ്പിരിറ്റില്‍ കളിച്ച ഇന്ത്യ ബാറ്റിംഗിലും ബൌളിംഗിലും ഫീല്‍ഡിംഗിലും ഒരേപോലെ മികച്ചുനിന്നു. നാലാം ഏകദിനത്തിലും ഇതേ പ്രകടനം ആവര്‍ത്തിച്ച് പരമ്പര നേടാനാകും നായകന്‍ മഹേന്ദ്രസിംഗ് ധോണിയും കൂട്ടരും ശ്രമിക്കുക.

ടെസ്റ്റില്‍ ഇന്ത്യയെ സമസ്ത മേഖലകളിലും തകര്‍ത്തുകളഞ്ഞ ഇംഗ്ളണ്ടിനെയല്ല ഏകദിനത്തില്‍ കാണുന്നത്. ഇന്ത്യന്‍ ബൌളര്‍മാരും ബാറ്റ്സ്മാന്‍മാരും ഇംഗ്ളണ്ട് താരങ്ങള്‍ക്കെതിരെ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതും.


മൂന്നാം ഏകദിനത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയില്‍ മികച്ച നിലയില്‍ നിന്ന ഇംഗ്ളണ്ടിനെ ഇന്ത്യന്‍ ബൌളര്‍മാര്‍ വരിഞ്ഞുമുറുക്കി. നാലാം ഏകദിനത്തിലും പരാജയപ്പെട്ടാല്‍ സ്വന്തം നാട്ടില്‍ ഇംഗ്ളണ്ട് കൈവിടുന്ന മൂന്നാമത്തെ പരമ്പരയാകും.

ഓപ്പണര്‍മാര്‍ റണ്‍സ് കണ്െടത്താന്‍ വിഷമിക്കുന്നതാണ് ഇന്ത്യയുടെ വെല്ലുവിളി. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായി. സഹ ഓപ്പണര്‍ ശിഖര്‍ ധവാന് ഫോമിലെത്താന്‍ ഇതുവരെയും ആയിട്ടില്ല. എന്നാല്‍ അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, മഹേന്ദ്രസിംഗ് ധോണി, അമ്പാട്ടി റായുഡു, മൂന്നാം ഏകദിനത്തില്‍ 40 റണ്‍സുമായി ഫോമിലേക്കു തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കിയ വിരാട് കോഹ്ലി എന്നിവര്‍ ഇന്ത്യയുടെ പ്രതീക്ഷകളാണ്.

എന്നാല്‍, ഇംഗ്ളണ്ടിന്റെ ബാറ്റ്സ്മാന്‍മാര്‍ക്ക് രണ്ടു മത്സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായില്ല.

ബൌളിംഗിലും ഇന്ത്യന്‍ സ്പിന്നര്‍മാരും പേസര്‍മാരും മികവ് ആവര്‍ത്തിക്കുകയാണ്. ജയിംസ് ആന്‍ഡേഴ്സണ്‍, സ്റീവന്‍ ഫിന്‍ എന്നിവരടങ്ങുന്ന പേസര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.