ഷറപ്പോവ പുറത്ത്
ഷറപ്പോവ പുറത്ത്
Tuesday, September 2, 2014 11:14 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ അട്ടിമറി തുടരുന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിക്, ചൈനയുടെ ഷൂയി പെംഗ് എന്നിവര്‍ സീഡ് ചെയ്യപ്പെട്ട താരങ്ങളെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തി. അഞ്ചാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവയെ പത്താം ഡീസ് ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കി മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ (6-4, 2-6, 6-2) കീഴടക്കി ക്വാര്‍ട്ടറില്‍ കടന്നു. ഒമ്പതാം സീഡ് സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെ 7-6, 6-3ന് കീഴ്പ്പെടുത്തിയാണ് സ്വിസ് കൌമാരതാരം ബെലിന്‍ഡ ബെന്‍സിച് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ചൈനയുടെ സീഡ് ചെയ്യപ്പെടാത്ത ഷൂയി പെംഗ് പതിന്നാലാം സീഡ് ചെക് റിപ്പബ്ളിക്കിന്റെ ലൂസി സഫറോവയെ 6-3, 6-4ന് തകര്‍ത്തുവിട്ടു.

ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍; ഫെറര്‍ പുറത്ത്

ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സ്പെയിനിന്റെ മാഴ്സല്‍ ഗ്രാനോലേഴ്സിനെ 4-6, 6-1, 6-1, 6-1ന് കീഴടക്കി. നാലാം സീഡ് ഡേവിഡ് ഫെററെ ഫ്രാന്‍സിന്റെ ഗില്‍സ് സൈമണ്‍ 6-3, 3-6, 6-1, 6-3ന് അട്ടിമറിച്ചു. ചെക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ച് റഷ്യയുടെ തിമൂറസ് ഗബാഷ്വിലിയെ 6-3, 6-2, 6-3ന് തോല്പിച്ചു.


ബൊപ്പണ്ണ സഖ്യം സാനിയ സഖ്യത്തിനെതിരേ

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- സ്ളൊവേനിയയുടെ കാതറീന സ്രെബോട്നിക് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍. സ്പെയിനിന്റെ മെദീന ഗാരിഗ്സ്- ദക്ഷിണാഫ്രിക്കയുടെ രാവെന്‍ ക്ളാസന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാനിയ മിര്‍സ- ബ്രസീലിന്റെ ബ്രൂണോ സോറസ് സഖ്യത്തെ നേരിടും. ലിയാന്‍ഡര്‍ പെയ്സ്- ക്ളാര ബ്ളാക് സഖ്യം നേരത്തെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.