ലോകകപ്പ് ഫൈനല്‍ തോല്‍വിക്കു പകരം വീട്ടാന്‍ മെസി ഇല്ല
Tuesday, September 2, 2014 11:15 PM IST
ബാഴ്സലോണ: അര്‍ജന്റൈന്‍ ആരാധകര്‍ക്കു നിരാശപ്പെടാം. കാരണം, നാളെ ജര്‍മനിക്കെതിരേ നടക്കുന്ന സഹൃദമത്സരത്തില്‍ അര്‍ജന്റീനയ്ക്കുവേണ്ടി ഇറങ്ങാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ല. കഴിഞ്ഞദിവസം സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരേ നടന്ന മത്സരത്തില്‍ തുടയ്ക്കു പരിക്കേറ്റതാണു കാരണം. മെസിക്ക് കളിക്കാനാവില്ലെന്ന് ബാഴ്സ ക്ളബ് അധികൃതര്‍ വ്യക്തമാക്കി. ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനമെന്നോണം മത്സരത്തിനു വലിയ പ്രാധാന്യമാണ് ആരാധകര്‍ നല്‍കിയിരുന്നത്. മെസിയുടെ അഭാവം അര്‍ജന്റീനയ്ക്കു തിരിച്ചടിയായി. ലോകകപ്പിലെ പരാജയത്തിനു പകരം വീട്ടുക എന്ന ഉദ്ദേശ്യത്തോടെ പുതിയ പരിശീലകന്റെ കീഴിലാണ് അര്‍ജന്റീന ജര്‍മനിയിലെത്തിയിരിക്കുന്നത്. സ്പാനിഷ് ലീഗിലെ അടുത്ത മത്സരത്തിലും മെസിക്കു കളിക്കാനായേക്കില്ല. ലോകകപ്പ് ഫൈനലില്‍ അധിക സമയത്ത് മാരിയോ ഗോട്സെ നേടിയ ഗോളിനാണ് ജര്‍മനി അര്‍ജന്റീനയെ തുരത്തിയത്. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അര്‍ജന്റീന സൌഹൃദമത്സരത്തിന് എത്തിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.