ധോണിപ്പടയോട്ടം; ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
ധോണിപ്പടയോട്ടം; ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
Wednesday, September 3, 2014 11:40 PM IST
ബര്‍മിംഗ്ഹാം: ഇരുപത്തിനാലു വര്‍ഷത്തിനുശേഷം ഇംഗ്ളണ്ടില്‍ ഏകദിന പരമ്പര, ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ ജയിപ്പിച്ച നായകന്‍. വിമര്‍ശന ശരങ്ങള്‍ക്കു നടുവിലും തലയെടുപ്പോടെ മഹേന്ദ്രസിംഗ് ധോണി. ഇംഗ്ളണ്ടിനെതിരായ നാലാം ഏകദിനത്തിലും അനായാസജയത്തോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ധോണിയും കൂട്ടരും 3-0നു മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ മഹേന്ദ്രസിംഗ് ധോണി ഇംഗ്ളണ്ടിനെ ബാറ്റിംഗിനയച്ചു. തീരുമാനം ശരിവയ്ക്കും വിധത്തില്‍ പന്തെറിഞ്ഞ് ഇന്ത്യന്‍ ബൌളര്‍മാര്‍ ഇംഗ്ളീഷ് നിരയ്ക്ക് നാശം വിതച്ചപ്പോള്‍ അവര്‍ 49.3 ഓവറില്‍ 206 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

7.3 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷാമിയുടെയും എട്ട് ഓവറില്‍ കേവലം 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറിന്റെയും തകര്‍പ്പന്‍ ബൌളിംഗാണ് ഇംഗ്ളണ്ടിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഏകദിന വിജയങ്ങള്‍ സ്വന്തമാക്കുന്ന നായകനെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ ധോണിയുടെ 91-ാം ജയമാണിത്. 162 മത്സരങ്ങളില്‍നിന്നാണ് ധോണിയുടെ നേട്ടം. 174 മത്സരങ്ങളില്‍നിന്ന് 90 വിജയം സ്വന്തമാക്കിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാമത്. സൌരവ് ഗാംഗുലിക്ക് 146 മത്സരങ്ങളില്‍നിന്ന് 76 വിജയമുണ്ട്.

തുടര്‍ച്ചയായ ഏഴാമത്തെ ഏകദിന മത്സരമാണ് ഇന്ത്യ ഇംഗ്ളണ്ടില്‍ വിജയിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. പാക്കിസ്ഥാനും തുടര്‍ച്ചയായി ഏഴു വിജയം സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

തുടക്കം തകര്‍ച്ചയോടെ

കഴിഞ്ഞ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി ഇംഗ്ളണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്നു വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. ഇന്ത്യന്‍ ഓപ്പണിംഗ് ബൌളര്‍മാരെ, പ്രത്യേകിച്ച് ഭുവനേശ്വര്‍ കുമാറിനെ നേരിടുന്നതില്‍ നന്നേ വിഷമിച്ച അലിസ്റര്‍ കുക്കും ഹെയില്‍സും തട്ടിയും തപ്പിയും ഇഴഞ്ഞു. ഒടുവില്‍ ഇരുവരെയും പുറത്താക്കിക്കൊണ്ട് ഭുവനേശ്വര്‍തന്നെ ഇന്ത്യക്കു നിര്‍ണായക ബ്രേക്ത്രൂ സമ്മാനിച്ചു. കുക്കിനെ(9) റെയ്നയുടെ കൈകളിലെത്തിച്ചപ്പോള്‍ ഹെയില്‍സ് (6) ബൌള്‍ഡായി.

പിന്നാലെയെത്തിയ ഗാരി ബാലന്‍സും(7) വേഗത്തില്‍ ബാലന്‍സ് തെറ്റി മുഹമ്മദ് ഷാമിക്കുമുന്നില്‍ വീണു. മൂവരും പുറത്തായതിനുശേഷം ക്രീസില്‍ ഒത്തുചേര്‍ന്ന ജോ റൂട്ടും ഇയോന്‍ മോര്‍ഗനും ഇംഗ്ളണ്ടിനെ രക്ഷിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഒച്ചിഴയുന്ന വേഗത്തിലായിരുന്നു ഇരുവരുടെയും ബാറ്റിംഗ്.

81 പന്തില്‍ 44 റണ്‍സ് നേടിയ റൂട്ടും 58 പന്തില്‍ 32 റണ്‍സ് നേടിയ മോര്‍ഗനും യഥാക്രമം റെയ്നയ്ക്കും ജഡേജയ്ക്കും മുന്നില്‍ കീഴടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് മോയിന്‍ അലി നടത്തിയ മികച്ച ബാറ്റിംഗാണ് ഇംഗ്ളണ്ടിനെ 200 കടത്തിയത്. 50 പന്തില്‍ നാലു ബൌണ്ടറിയും മൂന്നു സിക്സറുമടക്കം 67 റണ്‍സാണ് അലി അടിച്ചെടുത്തത്. എന്നാല്‍, അലിക്കു മികച്ച പിന്തുണ നല്‍കാന്‍ മറ്റ് ബാറ്റ്സ്മാന്മാര്‍ക്കായില്ല.

ഇന്ത്യക്കുവേണ്ടി ജഡേജ രണ്ടും അശ്വിന്‍, റെയ്ന എന്നിവര്‍ ഓരോ വിക്കറ്റും നേടി.

രഹാനെയുടെ മാറ്റ്

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കുവേണ്ടി അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും അനായാസം സ്കോര്‍ ചെയ്തു. പിച്ചില്‍ യാതൊരു ഭൂതവും പതുങ്ങിയിരിപ്പില്ലെന്നു വ്യക്തമാക്കി രഹാനെ തുടങ്ങിയപ്പോള്‍ ധവാന്‍ മികച്ച കൂട്ടും നല്‍കി. രഹാനെ പതിവിനു വിപരീതമായി ആക്രമണ മൂഡിലായിരുന്നു. ക്ളാസിക് ഇന്നിംഗ്സില്‍ ബൌണ്ടറികളും സിക്സറും പറന്നു. തുടക്കത്തില്‍ അല്പം പതറിയെങ്കിലും ധവാന്‍ വേഗം താളം കണ്െടത്തി. ഇതോടെ ഇംഗ്ളീഷ് ബൌളര്‍മാര്‍ക്ക് രക്ഷയില്ലാതായി. അര്‍ധസെഞ്ചുറി തികച്ചു മുന്നേറിയ രഹാനെ തന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി.

വോക്സിന്റെ പന്തില്‍ ഫൈന്‍ ലെഗിലേക്ക് പായിച്ച് രഹാനെ രണ്ടു റണ്‍സ് നേടിക്കൊണ്ടാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 96 പന്തില്‍നിന്നായിരുന്നു രഹാനെയുടെ ശതകം. തൊട്ടടുത്ത ഓവറില്‍ രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യ വിജയത്തോടടുത്തിരുന്നു. ഗര്‍ണിയുടെ പന്തില്‍ അലിസ്റര്‍കുക്ക് പിടിച്ചാണ് രഹാനെ പുറത്തായത്. 100 പന്തില്‍ പത്ത് ബൌണ്ടറിയും നാലു പടുകൂറ്റന്‍ സിക്സറുമടക്കം 106 റണ്‍സ് നേടിയ ശേഷമാണ് രഹാനെ പുറത്തായത്. 183 റണ്‍സിന്റെ കൂട്ടുകെട്ട് ധവാനും രഹാനെയും പടുത്തുയര്‍ത്തി.

രഹാനെ പുറത്തായശേഷം വേഗത്തില്‍ കളി തീര്‍ക്കുക എന്ന ലക്ഷ്യമായിരുന്നു ശിഖര്‍ ധവാന്റേത്. സിക്സുകളും ബൌണ്ടറികളും പായിച്ച്് ധവാന്‍ ഇന്ത്യന്‍ വിജയം അനായാസം പൂര്‍ത്തിയാക്കുകയും ചെയ്തു. 81 പന്തില്‍ 11 ബൌണ്ടറിയും നാലു സിക്സുമടക്കം 97 റണ്‍സ് നേടിയ ധവാന്‍ പുറത്താകാതെനിന്നു. ഒരു റണ്ണെടുത്ത കോഹ്്ലിയും പുറത്താകാതെനിന്നു. ഇംഗ്ളണ്ടിനു ലഭിച്ച ഏക വിക്കറ്റ് ഹാരി ഗര്‍ണിക്കാണ്.

സ്കോര്‍ബോര്‍ഡ്

ഇംഗ്ളണ്ട്

അലിസ്റ്റര്‍ കുക്ക് സി റെയ്ന ബി ഭുവനേശ്വര്‍കുമാര്‍ 9, ഹെയില്‍സ് ബി ഭുവനേശ്വര്‍ 6, ബാലന്‍സ് സി രഹാനെ ബി മുഹമ്മദ് ഷാമി 7, ജോ റൂട്ട് സി കുല്‍ക്കര്‍ണി ബി റെയ്ന 44, മോര്‍ഗന്‍ സി റെയ്ന ബി ജഡേജ 32, ബട്ലര്‍ എല്‍ബിഡബ്ള്യു ബി മുഹമ്മദ് ഷാമി 11, മോയീന്‍ അലി ബി അശ്വിന്‍ 67, വോക്സ് റണ്ണൌട്ട് 10, സ്റ്റീവ് ഫിന്‍ ബി ജഡേജ 2, ആന്‍ഡേഴ്സണ്‍ നോട്ടൌട്ട് 1, ഗുര്‍നി ബി മുഹമ്മദ് ഷാമി 3, എക്സ്ട്രാസ് 14.

ആകെ 49.3 ഓവറില്‍ 206.

ബൌളിംഗ്

ഭുവനേശ്വര്‍ കുമാര്‍ 8-3-14-2, കുല്‍ക്കര്‍ണി 7-0-35-0, മുഹമ്മദ് ഷാമി 7.3-1-28-3, അശ്വിന്‍ 10-0-48-1, ജഡേജ 10-0-40-2, റെയ്ന 7-0-36-1.

ഇന്ത്യ ബാറ്റിംഗ്

രഹാനെ സി കുക്ക് ബി ഗര്‍ണി 106, ശിഖര്‍ ധവാന്‍ നോട്ടൌട്ട് 97, വിരാട് കോഹ്്ലി നോട്ടൌട്ട് 1, എക്സ്ട്രാസ് 8

ആകെ 30.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 212

ബൌളിംഗ്

ആന്‍ഡേഴ്സണ്‍ 6-1-38-0, ഗര്‍ണി 6.3-0-51-1, ഫിന്‍ 7-0-38-0, വോക്സ് 4-0-40-0, അലി 7-0-40-0.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.