സാനിയ മുന്നോട്ട്, പെയ്സ് പുറത്ത്
Wednesday, September 3, 2014 11:49 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ് പുറത്തായപ്പോള്‍ സാനിയ മിര്‍സയ്ക്കു മുന്നേറ്റം. ലിയാന്‍ഡര്‍ പെയ്സ് പുരുഷ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും തോറ്റു പുറത്തായി. സാനിയ മിര്‍സ വനിതാ ഡബിള്‍സ് ക്വാര്‍ട്ടറിലും മിക്സഡ് ഡബിള്‍സ് സെമിഫൈനലിലുമെത്തി. രോഹന്‍ ബൊപ്പണ്ണയുടെ പോരാട്ടവും അവസാനിച്ചു.

പുരുഷ ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് ജോടിയായ മാഴ്സല്‍ ഗ്രനോലേഴ്സ് മാര്‍ക്ക് ലോപ്പസ് സഖ്യത്തോട് 6-2 4-6 6-1ന് പെയ്സ് -റാഡെക് സ്റ്റെപ്പനെക് സഖ്യം തോറ്റു. മിക്സഡ് ഡബിള്‍സില്‍ സിംബാബ്വെയുടെ കാരാ ബ്ളാക്കിനൊപ്പം കളത്തിലിറങ്ങിയ പെയ്സ് യുഎസ് താരം അബിഗലി സ്പിയേഴ്സ് -മെക്സിക്കോയുടെ സാന്റിയാഗോ ഗൊണ്‍സാലസ് കൂട്ടുകെട്ടിനോടു പരാജയപ്പെട്ടു. അതേസമയം, വനിതാ ഡബിള്‍സില്‍ കാരാ ബ്ളാക്ക് -സാനിയ ജോടി സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് -ചെക് റിപ്പബ്ളിക്കിന്റെ ക്ളാര കൌകലോവ സഖ്യത്തെ 6-3 6-2ന് കീഴടക്കി ക്വാര്‍ട്ടറിലെത്തി. മിക്സഡ് ഡബിള്‍സില്‍ ബ്രസീലിയന്‍ താരം ബ്രൂണോ സോര്‍സിനൊപ്പം ചേര്‍ന്ന് സാനിയ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ സ്ളൊവാക്യയുടെ കാതറീന സ്രെബൊട്നിക് സഖ്യത്തെ 7-5 2-6 10-നു കീഴടക്കി.


ജോക്കോവിച്ച്, സെറീന ക്വാര്‍ട്ടറില്‍

ടോപ് സീഡുകളായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും അമേരിക്കയുടെ സെറീന വില്യംസും മുന്നേറി. ബ്രിട്ടന്റെ ആന്‍ഡി മുറേ കടുത്ത പോരാട്ടത്തില്‍ ജോ വില്‍ഫ്രഡ് സോംഗയെയും മറികടന്നു ക്വാര്‍ട്ടറിലെത്തി. തുടരെ 22ാം തവണയാണ് ജോക്കോവിച്ച് ഗ്രാന്‍ഡ്സ്്ലാം ക്വാര്‍ട്ടറില്‍ കടക്കുന്നത്. ഫിലിപ്പ് കൊഹില്‍ഷ്രീബറെ 6-1 7-5 6-4ന് ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് കീഴടക്കി. മുറേ 7-5 7-5 6-4ന് വിജയം പിടിച്ചെടുത്തു. പുരുഷവിഭാഗത്തില്‍ മൂന്നാം സീഡായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ളാസ് വാവ്റിങ്ക സ്പാനിഷ് താരം ടോമി റോബ്രെഡോയെ 7-5 4-6 7-6 6-2നും കീഴടക്കി. ക്വാര്‍ട്ടറില്‍ ജോക്കോവിച്ചും മുറേയും ഏറ്റുമുട്ടും.

വനിതാ വിഭാഗം ടോപ് സീഡായ സെറീന വില്യംസ് എസ്റ്റോണിയയുടെ കയ കനേപ്പിയെ 6-3 6-3ന് കീഴടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.