ഷൂട്ടിംഗ് റേഞ്ചിലെ മെഡല്‍ മുഴക്കത്തിനായി ഇന്ത്യ
Monday, September 15, 2014 11:16 PM IST
ന്യൂഡല്‍ഹി: ഷൂട്ടിംഗ് ഇന്ത്യക്കു വെറുമൊരു മത്സരയിനമല്ല. ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ എത്രത്തോളം തിളങ്ങുന്നുവോ മെഡല്‍ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അത്രത്തോളം മുന്നിലേക്കുയരുമെന്നതാണു സമീപകാലചരിത്രം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 70-75 മെഡലുകള്‍ ഇന്ത്യ ലക്ഷ്യമിടുന്നതു ഷൂട്ടര്‍മാരില്‍ കണ്ണുവച്ചാണെന്നതാണു വാസ്തവം. ഷൂട്ടിംഗ് റേഞ്ചില്‍ കാര്യങ്ങള്‍ അനുകൂലമായാല്‍ ഇന്ത്യക്കു ചിരിക്കാം. 2010 ഗ്വാങ്ഷു ഏഷ്യാഡില്‍ എട്ടു മെഡലുകളായിരുന്നു (ഒരു സ്വര്‍ണം, മൂന്നു വെള്ളി, നാലു വെങ്കലം) ഇന്ത്യ വെടിവച്ചിട്ടത്. 42 അംഗ ടീമാണ് ഷൂട്ടിംഗ് റേഞ്ചില്‍ ഇഞ്ചിയോണില്‍ ഇന്ത്യക്കായി തോക്കെടുക്കുക.

മികവു തെളിയിച്ചവര്‍

ഇഞ്ചിയോണിലേക്കുള്ള ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും. ലോകവേദികളില്‍ മികവു തെളിയിച്ച ഒരുപിടി താരങ്ങളാല്‍ സമ്പന്നമാണ് ടീം. ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര മുതല്‍ ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ മലൈഗ ഗോയലെന്ന 16-കാരി വരെ ഉള്‍പ്പെടുന്ന സംഘത്തിലെ എല്ലാവരും മെഡല്‍ നേടാന്‍ യോഗ്യതയുള്ളവര്‍. നാലു സ്വര്‍ണമടക്കം 17 മെഡലുകളാണ് ഗ്ളാസ്കോയില്‍ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍, ഇഞ്ചിയോണില്‍ ഈ മെഡല്‍വേട്ട തുടരണമെങ്കില്‍ ശക്തമായ വെല്ലുവിളി അതിജീവിക്കേണ്ടിവരും.

കൊറിയയും ചൈനയും വെല്ലുവിളി

ഗ്ളാസ്ഗോയില്‍ നിന്ന് ഇഞ്ചിയോണിലെത്തുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്കു ശക്തമായ എതിരാളികളാണുള്ളത്. ചൈനയും ആതിഥേയരായ ദക്ഷിണകൊറിയയുമാണ് ഷൂട്ടിംഗ് റേഞ്ചിലെ ഏഷ്യന്‍ ശക്തി. അതുകൊണ്ടുതന്നെ ഗ്ളാസ്ഗോ ആവര്‍ത്തിക്കുക അത്ര എളുപ്പമല്ലെന്നു സാരം. ഗ്വാങ്ഷുവില്‍ 21 സ്വര്‍ണമടക്കം 45 മെഡലുകള്‍ വെടിവെച്ചിട്ട കൊറിയ തന്നെയാകും ഇത്തവണ ഇന്ത്യക്കു കൂടുതല്‍ തലവേദന സൃഷ്ടിക്കുക. പരിചിതമായ സാഹചര്യവും സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മത്സരിക്കുന്നതും അവരെ കൂടുതല്‍ കരുത്തരാക്കുമെന്നു തീര്‍ച്ച.

നേപ്പാളില്‍നിന്നൊരു ജീത്തു റായ്

ഇഞ്ചിയോണില്‍ ഇന്ത്യയുടെ ജംബോ സംഘത്തില്‍ ജീത്തു റായ് എന്ന പേരിനു പ്രത്യേകതകളുണ്ട്. നേപ്പാളില്‍ ജനിച്ച്, ത്രിവര്‍ണ പതാകയ്ക്കു കീഴില്‍ മത്സരിക്കുന്ന ഒരേയൊരു താരമാണ് ഈ 27-കാരന്‍. നേപ്പാളിലെ കുഗ്രാമമായ സന്‍ഗുബ ജില്ലയില്‍ ജനിച്ച താരം ദാരിദ്രത്തില്‍ നിന്നു കരകയറാനാണ് ഇന്ത്യയിലേക്കു കുടിയേറിയത്. രണ്ടുംകൈയും നീട്ടി സ്വീകരിച്ച വളര്‍ത്തുനാടിനായി ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റായ് സ്വര്‍ണം നേടി, അതും ഗെയിംസ് റിക്കാര്‍ഡോടെ. 2016 റിയോ ഒളിമ്പിക്സിനു യോഗ്യത നേടിയതിന്റെ ആത്മവിശ്വാസത്തിലാകും ജീത്തു റായ് ഇഞ്ചിയോണില്‍ ഇറങ്ങുക. 50 മീറ്റര്‍ പിസ്റള്‍ ഇനത്തിലാണ് താരം മത്സരിക്കുന്നത്.


സുവര്‍ണ പ്രതീക്ഷകള്‍

അപൂര്‍വി ചണ്ഡില: ഗ്ളാസ്ഗോയില്‍ എയര്‍റൈഫിളില്‍ സ്വര്‍ണം വെടിവെച്ചിട്ടാണ് അപൂര്‍വി ചണ്ഡില തന്റെ വരവറിയിച്ചത്. 2012-ല്‍ ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതോടെ ഈ 21-കാരി മുന്‍നിരയിലേക്കെത്തി. ടെഹ്റാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയതോടെ പുതുതലമുറ ഷൂട്ടര്‍മാരിലെ പ്രതിഭയെന്നു തെളിയിച്ചു.

അഭിനവ് ബിന്ദ്ര: ഒളിമ്പിക് സ്വര്‍ണമടക്കം അസംഖ്യം മെഡലുകള്‍ രാജ്യത്തിനു സമ്മാനിച്ച ബിന്ദ്രക്കു പക്ഷേ, ഏഷ്യാഡിലൊരു സ്വര്‍ണം ഇന്നും അന്യം. ഗ്ളാസ്ഗോയില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലെ സ്വര്‍ണപ്പെരുമായുമായെത്തുന്ന ബിന്ദ്രയ്ക്കു വെല്ലുവിളിയാകുക ഹൌറോണ്‍ യാംഗ് എന്ന 18-കാരന്‍ ചൈനീസ് ബാലനാകും.

ഹീന സന്ധു: പിസ്റള്‍ ഷൂട്ടിംഗില്‍ ലോകറിക്കാര്‍ഡുമായി ഗ്ളാസ്ഗോയില്‍ മത്സരിക്കാനിറങ്ങിയ ഹീന ഫൈനലിലെത്താതെ പുറത്തായിരുന്നു. ഗ്ളാസ്ഗോയിലെ ദുരന്തത്തെ ഏഷ്യാഡ് സ്വര്‍ണമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഈ 25-കാരി.

മലൈഗ എന്ന അദ്ഭുതബാലിക

സ്കൂളില്‍ പരീക്ഷയെഴുതേണ്ട സമയത്ത് തോക്കുമായി ഷൂട്ടിംഗ് റേഞ്ചിലെത്തിയ താരമാണ് മലൈഗ ഗോയല്‍ എന്ന 16-കാരി. ഇഞ്ചിയോണിലേക്കു മെഡല്‍ തേടി പോകുന്നവരില്‍ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും കൌമാരം പിന്നിടാത്ത ഈ പഞ്ചാബ് അമൃത്സര്‍ സ്വദേശിനി തന്നെ. ഇക്കഴിഞ്ഞ ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ റൈഫിളില്‍ വെള്ളി നേടിയാണ് മലൈഗ തന്റെ വരവറിയിച്ചത്. ഗ്ളാമര്‍ കൊണ്ട് അടുത്ത സാനിയ മിര്‍സ എന്ന പദവിയും സ്വന്തമാക്കിക്കഴിഞ്ഞു ഈ പഞ്ചാബി സുന്ദരി. ഗ്ളാസ്ഗോയിലെ വെള്ളിമെഡല്‍ അബദ്ധത്തില്‍ പൊട്ടിയ വെടിയല്ലെന്നു തെളിയിക്കേണ്ട ബാധ്യതയും പോലീസ് ഓഫീസറുടെ മകളായ മലൈഗയ്ക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.