സംസ്ഥാന നീന്തല്‍: തിരുവനന്തപുരം ചാമ്പ്യന്‍മാര്‍
സംസ്ഥാന നീന്തല്‍: തിരുവനന്തപുരം ചാമ്പ്യന്‍മാര്‍
Monday, September 15, 2014 11:18 PM IST
തിരുവനന്തപുരം: പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ നടന്ന അറുപത്തി രണ്ടാമത് സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ കിരീടം നേടി. 23 റിക്കാര്‍ഡുകള്‍ പിറന്ന ചാമ്പ്യന്‍ഷിപ്പില്‍ എസ്. ആരതിയും എ.എസ്.ആനന്ദും എസ്. അരുണും മികച്ച താരങ്ങളായി. നീന്തല്‍ക്കുളത്തില്‍ വര്‍ഷങ്ങളായുള്ള ആധിപത്യം ഊട്ടിഉറപ്പിച്ചുകൊണ്ട് തലസ്ഥാന ജില്ല 524 പോയിന്റ് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ തൃശൂരിന് 163 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. 128 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് എത്തി. വാട്ടര്‍പോളോ പുരുഷവിഭാഗത്തില്‍ സതേണ്‍ റെയില്‍വേയും വനിതാവിഭാഗത്തില്‍ തിരുവനന്തപുരവും ചാമ്പ്യന്മാരായി.

അവസാന ദിവസം 13 ഇനങ്ങളില്‍ നിലവിലെ റിക്കാര്‍ഡ് പഴങ്കഥയായി. വനിതാ വിഭാഗത്തില്‍ ആറും പുരുഷവിഭാഗത്തില്‍ ഏഴും വീതം റിക്കാര്‍ഡുകള്‍ പിറന്നു. എറണാകുളത്തിന്റെ എ.എസ്. ആനന്ദും തിരുവനന്തപുരത്തിന്റെ എസ്. അരുണും അഞ്ചു മത്സരങ്ങളില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചു. പുരുഷവിഭാഗത്തില്‍ 800 മീറ്റര്‍ ഫ്രീസ്റൈല്‍, 50 മീറ്റര്‍ ബ്രസ്റ് സ്ട്രോക്ക്, 400 മീറ്റര്‍ ഫ്രീസ്റൈല്‍, 200 മീറ്റര്‍ ബ്രസ്റ്സ്ട്രോക്ക്, 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്ലി, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, 100 മീറ്റര്‍ ഫ്രീസ്റൈല്‍ എന്നീ ഇനങ്ങളിലും വനിതാ വിഭാഗത്തില്‍ 100 മീറ്റര്‍ ഫ്രീസ്റൈല്‍, 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്ക്, 200 മീറ്റര്‍ ഇന്‍ഡിവിജ്വല്‍ മെഡ്ലി, 200 മീറ്റര്‍ ബ്രസ്റ് സ്ട്രോക്ക്, 400 മീറ്റര്‍ ഫ്രീസ്റൈല്‍, 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ എന്നീ ഇനങ്ങളിലുമാണ് അവസാനദിനം റിക്കാര്‍ഡ് പിറന്നത്.


50 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ ഏഴു വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തിരുത്തിയ തിരുവനന്തപുരത്തിന്റെ ഉത്തര മുരളീധരന്റ പ്രകടനം ശ്രദ്ധേയമായി. 2007ല്‍ ബി. പ്രവീണ സ്ഥാപിച്ച 32.10 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് 31.56 സെക്കന്‍ഡായി ഉത്തര തിരുത്തിയത്. ഫോട്ടോഫിനിഷിലേക്ക് നീണ്ട വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റൈലും ആവേശമുണര്‍ത്തി. കോട്ടയത്തിന്റെ ജോമി ജോര്‍ജിനെ (1.03.06) തിരുവനന്തപുരത്തിന്റെ എ.എസ്. സന്ധ്യ(1.02.90) പരാജയപ്പെടുത്തി.

മുന്‍ വര്‍ഷങ്ങളിലേതുപോലെ പിരപ്പന്‍കോട് നീന്തല്‍ക്കുളത്തില്‍നിന്നു പരിശീലനം നേടിയവരാണ് ഇത്തവണയും മെഡലുകള്‍ വാരിക്കൂട്ടിയത്. എന്നാല്‍, കഴിഞ്ഞ 15 വര്‍ഷത്തിനുശേഷം ദേശീയതലത്തില്‍ നിലവാരമുള്ള കായിക താരങ്ങളെ സൃഷ്ടിക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ നീന്തലിനെ പ്രഫഷണലായി സമീപിക്കുമ്പോള്‍ കേരളം ഇപ്പോഴും വ്യക്തിഗത മികവില്‍ മാത്രം ആശ്രയിക്കുന്ന സ്ഥിതി തുടരുകയാണ്. അടിസ്ഥാന സൌകര്യം ഒരുക്കുന്ന കാര്യത്തില്‍ അധികൃകര്‍ കാട്ടുന്ന അലംഭാവവും നീന്തല്‍ക്കുളത്തില്‍ കേരളത്തെ പിന്നോട്ടടിക്കുന്നതായി മുന്‍ ദേശീയ താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.