സര്‍ക്കാരിന്റെ വിദ്യ ഫലിച്ചു; എലൈറ്റ് സംഘം കുറിച്ചത് 23 റിക്കാര്‍ഡ്
Monday, September 15, 2014 11:19 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യ ഫലിച്ചു. വിദേശ പരിശീലകന്റെ തന്ത്രങ്ങളുടെ കരുത്തില്‍ എലൈറ്റിന്റെ ചുണക്കുട്ടികള്‍ സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ നീന്തിയെടുത്തത് 23 റിക്കാര്‍ഡുകള്‍. നീന്തലില്‍ മികവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് എലൈറ്റ്. ഏഴ് ആണ്‍കുട്ടികളും ഏഴു പെണ്‍കുട്ടികളുമടക്കം 14 പേരാണു കാര്യവട്ടം എല്‍എന്‍സിപിയില്‍ വിദഗ്ധ പരിശീലനം നേടുന്നത്. ഇവരുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മലയാളികളായ പരിശീലകര്‍ ഉണ്ണിക്കൃഷ്ണന്‍ നായരും സൌമി സിറിയക്കും ഒപ്പമുണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതി സ്പോര്‍ട്സ് കൌണ്‍സില്‍ മുഖേനയാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി കാനഡയില്‍ നിന്നുള്ള അന്താരാഷ്ട്ര പരിശീലകന്‍ വിയര്‍ സ്റ്യുവര്‍ട്ട് ഒരുവര്‍ഷം എലൈറ്റിനൊപ്പം ഉണ്ടായിരുന്നു. വിദേശ പരിശീലകന്റെ സഹായവും മിടുക്കരായ രണ്ടു മലയാളി പരിശീലകരും ചേര്‍ന്നപ്പോള്‍ ടീമംഗങ്ങള്‍ ഉഷാറായി. ചാമ്പ്യന്‍ഷിപ്പിലെ താരങ്ങളായ എസ്. ആരതിയും, എ.എസ്. ആനന്ദും, എസ്.അരുണും എലൈറ്റിന്റെ സംഭാവനയാണ്.


എ.ആര്‍. നിഖില്‍, അഖില്‍ അഗസ്റിന്‍, ജെബിന്‍ ജെ. ഏബ്രഹാം, ആര്‍.എസ്. വൈഷ്ണവ്, എം. അരുണ്‍ദേവ്, ജോമി ജോര്‍ജ്, എസ്. സന്ധ്യ, അഞ്ജന മോഹന്‍, ഉത്തര മുരളീധരന്‍, സ്വാതി, സന്ധ്യ എന്നിവരാണ് ടീമംഗങ്ങള്‍. സ്പോണ്‍സറിനെ ലഭിക്കുകകയാണെങ്കില്‍ ദേശീയ ഗെയിംസിനു മുന്നോടിയായി എലൈറ്റ് സംഘത്തെ വിദേശപരിശീലനത്തിന് അയയ്ക്കാനും പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.