ബ്ളാസ്റേഴ്സ് റെഡി
ബ്ളാസ്റേഴ്സ് റെഡി
Tuesday, September 16, 2014 11:09 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ ഫുട്ബോള്‍ ടീമായ കേരള ബ്ളാസ്റ്റേഴ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. നീല നിറത്തിലുള്ള ഷീല്‍ഡില്‍ തുമ്പിക്കൈയില്‍ ഫുട്ബോളുമായി നില്‍ക്കുന്ന കൊമ്പനാനയാണ് ലോഗോയില്‍. ഇന്നലെ കൊച്ചിയിലെ ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ നടന്ന ചടങ്ങില്‍ കസവു മുണ്ടണിഞ്ഞ് തനി മലയാളി വേഷത്തിലാണ് ബ്ളാസ്റേഴ്സ് ടീമംഗങ്ങള്‍ വേദിയിലെത്തിയത്. ടീമംഗങ്ങള്‍ക്ക് വിജയാശംസകളുമായി മന്ത്രി കെ. ബാബു, മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ്് കെ.എം.ഐ മേത്തര്‍, കൊച്ചി മേയര്‍ ടോണി ചമ്മണി എന്നിവരുമെത്തി.

മഞ്ഞ ടീഷര്‍ട്ടും കസവുമുണ്ടുമണിഞ്ഞാണ് ടീമിലെ 22 താരങ്ങളും വേദിയിലെത്തിയത്. കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും കായിക കരുത്തും ഉള്‍കൊണ്ടാണ് ലോഗോ രൂപകല്‍പന ചെയ്തതെന്ന് ടീമിന്റെ ഉടമസ്ഥരിലൊരാളായ പ്രസാദ് വി. പൊട്ലൂരി പറഞ്ഞു.ടീമിന്റെ ജേഴ്സിയും കിറ്റും ഒക്ടോബര്‍ ആദ്യവാരം പുറത്തിറക്കും. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പിന് കിക്കോഫ് കുറിക്കും മുമ്പേ പരിശീലന മത്സരങ്ങള്‍ കളിക്കും.


മുന്‍ ഇംഗ്ളീഷ് ഗോള്‍കീപ്പറും ലിവര്‍പൂള്‍, മാഞ്ചസ്റര്‍ സിറ്റി ക്ളബുകളുടെ താരവുമായിരുന്ന ഡേവിഡ് ജയിംസ്, ഇംഗ്ളണ്ട് അണ്ടര്‍ 21 ടീമംഗവും പ്രീമിയര്‍ ലീഗ് താരവുമായ മൈക്കല്‍ ചോപ്ര എന്നിവരായിരുന്നു കേരള ബ്ളാസ്റ്റേഴ്സിന്റെ ആദ്യ പൊതുചടങ്ങിലെ സൂപ്പര്‍ താരങ്ങള്‍. നിലവില്‍ 21 അംഗങ്ങളുള്ള ടീമിലേക്ക് ആറു പേര്‍ കൂടി വൈകാതെ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളി താരങ്ങളായ സുശാന്ത് മാത്യുവും സി.എസ്. സബീത്തും ആരാധകരുടെ കൈയടി വാങ്ങി. ഒക്ടോബര്‍ 12ന് കിക്കോഫ് കുറിക്കുന്ന ടൂര്‍ണമെന്റില്‍ 15ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ് യുണൈറ്റഡിനെതിരേയാണ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 27ന് കൊച്ചിയിലെ ആദ്യ മത്സരത്തില്‍ സൌരവ് ഗാംഗുലിയുടെ അത്ലറ്റികോ മാഡ്രിഡിനെ നേരിടും.

കേരള ബ്ളാസ്റ്റേഴ്സ് ടീം തൃശൂരിലെ നവീകരിച്ച മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.