ടിന്റുവും വികാസും... പിന്നെ?
ടിന്റുവും വികാസും... പിന്നെ?
Tuesday, September 16, 2014 11:11 PM IST
സി.കെ. രാജേഷ്കുമാര്‍

കോട്ടയം: ഏഷ്യന്‍ ഗെയിംസിന്റെ ദീപശിഖ ഉയരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 2010 ഏഷ്യന്‍ ഗെയിംസില്‍ പോയിന്റ് നിലയില്‍ ഇന്ത്യ ആറാമതെത്തിയത് അത്ലറ്റിക്സിലെ മികച്ച പ്രകടനംകൊണ്ടായിരുന്നു. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമുള്‍പ്പെടെ 12 മെഡലുകളായിരുന്നു ഇന്ത്യക്ക് അത്ലറ്റിക്സില്‍ ലഭിച്ചത്. പ്രീജ ശ്രീധരന്‍, ജോസഫ് ഏബ്രഹാം, അശ്വിനി അക്കുഞ്ജി, സുധ സിംഗ് എന്നിവര്‍ സ്വര്‍ണം നേടി. ഒപ്പം 400 മീറ്റര്‍ റിലേയിലും ഇന്ത്യ സ്വര്‍ണമണിഞ്ഞിരുന്നു. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഗ്വാങ്ഷുവിലേത്.

ഇത്തവണ 56 അത്ലറ്റുകളെ ഇഞ്ചിയോണിലേക്ക് അയയ്ക്കുമ്പോള്‍ ഇന്ത്യ ഏതിനങ്ങളില്‍ മെഡല്‍ പ്രതീക്ഷിക്കുന്നു? കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും മെഡല്‍ വേട്ട സൃഷ്ടിക്കാന്‍ ഇന്ത്യക്കാകുമോ?

ടിന്റുവിനു സ്വര്‍ണം നേടാം

അത്ലറ്റിക്സില്‍ ഇന്ത്യ ഏറ്റവും അധികം പ്രതീക്ഷയോടെ ഇന്ത്യയും കേരളവും കാത്തിരിക്കുന്നത് ടിന്റു ലൂക്കയുടെ പ്രകടനമാണ്. മൊറോക്കോയില്‍ ഇക്കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലോകോത്തര താരങ്ങളോടു മത്സരിച്ച് 800 മീറ്റ റില്‍ എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ടിന്റു തന്നെയാണ് ഏഷ്യയിലെ നമ്പര്‍ വണ്‍. സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്താല്‍ ടിന്റു എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. ദോഹയില്‍ മേയില്‍ നടന്ന മീറ്റില്‍ 2:00.56 ആണ് സീസണിലെ ടിന്റുവിന്റെ മികച്ച സമയം. ഇതുതന്നെയാണ് ഏഷ്യയിലെയും മികച്ച സമയം. രണ്ടാം സ്ഥാനത്ത് കസാഖിസ്ഥാന്റെ മാര്‍ഗരീത്ത മുഖാഷെവ (2:01.65)യാണ്. അതുകൊണ്ടുതന്നെ ടിന്റുവിന് സ്വര്‍ണ സാധ്യതയാണുള്ളത്. ഏഷ്യന്‍ നിലവാരം കണക്കിലെടുത്താല്‍ പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപ്, 400 മീറ്റര്‍ റിലേ എന്നീയിനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍തന്നെയാണ് മുന്നില്‍.

ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗ് 17.17 മീറ്റര്‍ കണ്െടത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ പിന്നിലാണ്. രഞ്ജിത് മഹേശ്വരിക്കും ഇവിടെ മെഡല്‍ സാധ്യതയുണ്ട്. വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യ തീര്‍ച്ചയായും ഒരു മെഡല്‍ എം.ആര്‍. പൂവമ്മയില്‍നിന്നു പ്രതീക്ഷിക്കുന്നു. സീസണിലെ പ്രകടനം കണക്കിലെടുത്താല്‍ പൂവമ്മ രണ്ടാം സ്ഥാനത്താണ്. 51.73 സെക്കന്‍ഡ് കണ്െടത്തിയ പൂവമ്മയ്ക്കു മുന്നിലുള്ളത് ബഹറിന്റെ കെമി അഡേക്കോയ(51.32)യാണ്. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലും ഇന്ത്യ രണ്ടാമതുണ്ട്.


ദേശീയ റിക്കാര്‍ഡ് താരവും കഴിഞ്ഞതവണത്തെ സ്വര്‍ണമെഡല്‍ ജേതാവുമായ സുധ സിംഗ് ഇഞ്ചിയോണിലും സ്വര്‍ണം പ്രതീക്ഷിക്കുന്നു. സീസണിലെ പ്രകടനത്തില്‍ ബഹറിന്റെ റൂത്ത് ചെബറ്റ് (9:20.55) ഒന്നാമതും സുധ രണ്ടാമതുമാണ്. കഴിഞ്ഞ തവണ സ്വര്‍ണം നേടിയ 4-400 മീറ്റര്‍ റിലേ ഇത്തവണയും ഏഷ്യയില്‍ ഒന്നാമതുതന്നെയാണ്. പൂവമ്മയും ടിന്റു വും അശ്വിനിയും ഉള്‍പ്പെടുന്ന റിലേ ടീം സ്വര്‍ണം നേടുമെന്നു പ്രതീക്ഷിക്കാം. കഴിഞ്ഞ തവണ 10000 മീറ്ററില്‍ സ്വര്‍ണവും 5000 മീറ്ററില്‍ വെള്ളിയും നേടി ചരിത്രം രചിച്ച പ്രീജ ശ്രീധരന്‍ പക്ഷേ, നാലു വര്‍ഷം കഴിയുമ്പോള്‍ അത്ര മികച്ച ഫോമിലല്ല. അതുപോലെ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ ജോസഫ് ഏബ്രഹാമും എത്രത്തോളം മുന്നേറുമെന്നു കണ്ടറിയണം. ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ് ഇനങ്ങളില്‍ മത്സരിക്കുന്ന മയൂഖ ജോണി, എം.എ. പ്രജുഷ, പുരുഷന്മാരുടെ 400 മീറ്ററില്‍ ജിത്തു ബേബി, കുഞ്ഞുമുഹമ്മദ് തുടങ്ങിയവരിലും ഇന്ത്യക്കു വിദൂര മെഡല്‍പ്രതീക്ഷയുണ്ട്.

വികാസ് ഗൌഡയ്ക്ക് ഉറപ്പ്

സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്താല്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണമാണ് വികാസ് ഗൌഡയുടേത്. അദ്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ വികാസ് സ്വര്‍ണം നേടും. സീസണില്‍ 65. 62 മീറ്റര്‍ കണ്െടത്തിയ വികാസ് ഏഷ്യയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള ചൈനീസ്, ജാപ്പനീസ് താരങ്ങള്‍ വികാസിനേക്കാള്‍ പിന്നിലാണ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കൃഷ്ണ പൂനിയയും സീമ പൂനിയയുമാണ്. ഇരുവരുടെയും മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യക്കു സ്വര്‍ണം നേടാനാകും. എന്നാല്‍, സീസണില്‍ ഇരുവരും യഥാക്രമം 59.17, 61.61 എന്നിങ്ങനെയാണ് ത്രോ ചെയ്തിട്ടുള്ളത്. ചൈനയുടെ യാംഗ് യാന്‍ബോയുടെ(63.31 മീറ്റര്‍) പ്രകടനമാണ് ഈയിനത്തില്‍ സീസണിലെ മികച്ചത്. ചൈന, കസാഖിസ്ഥാന്‍, ജപ്പാന്‍, ബഹറിന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അത്ലറ്റുകളാണ് ഇവിടെയും മികവു പുറത്തെടുക്കാന്‍ പോകുന്നത്. എന്നാലും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഏഷ്യന്‍ ഇഞ്ചിയോണ്‍ വിടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. അധികൃര്‍ ആഗ്രഹിക്കുന്നതുപോലെ 70 മുതല്‍ 75 മെഡലുകള്‍ വരെ. അതില്‍ അത്ലറ്റിക്സില്‍നിന്ന് എത്ര? കാത്തിരുന്നു കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.