ഡേവിസ് കപ്പ്: ഇന്ത്യയെ സെര്‍ബിയ കീഴടക്കി
Tuesday, September 16, 2014 11:12 PM IST
ബാംഗളൂര്‍: ഡേവിസ് കപ്പ് ലോക ഗ്രൂപ്പില്‍ കടക്കാമെന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു. നിര്‍ണായകമായ രണ്ടാം റിവേഴ്സ് സിംഗിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രി പരാജയപ്പെട്ടു. ഇതോടെ ഇന്ത്യ സെര്‍ബിയയ്ക്കു മുന്നില്‍ 3-2ന്റെ തോല്‍വി വഴങ്ങി. ഫിലിപ്പ് കാര്‍ജിനോവികാണ് ഭാംബ്രിയെ കീഴടക്കിയത്. മഴമൂലം ഞായറാഴ്ച പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മത്സരത്തിന്റെ ഫലം തിങ്കളാഴ്ചയാണ് വ്യക്തമായത്. 6-3, 6-4, 6-4നായിരുന്നു സെര്‍ബ് താരത്തിന്റെ ജയം.

ആദ്യ രണ്ടു സിംഗിള്‍സിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. നിര്‍ണായകമായ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം വിജയിച്ചതോടെ ഇന്ത്യ പോരാട്ടത്തിലേക്കു തിരിച്ചെത്തി. ആദ്യ റിവേഴ്സ് സിംഗിള്‍സില്‍ സോംദേവും വിജയിച്ചതോടെ ഇന്ത്യ 2-2ന് ഒപ്പം. അതോടെ ഭാംബ്രിയുടെ ജയത്തിനായി ഇന്ത്യയുടെ കാത്തിരിപ്പ് ആരംഭിച്ചു. എന്നാല്‍, ശക്തമായ പോരാട്ടത്തിനൊടുവില്‍ ഭാംബ്രി പത്തിമടക്കി. 2011നുശേഷം ലോക ഗ്രൂപ്പില്‍ എത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷ അതോടെ അവസാനിച്ചു.


3-6, 4-4 എന്ന നിലയിലാണ് റിസര്‍വ് ദിനമായ ഇന്നലെ മത്സരം ആരംഭിച്ചത്. തലേദിവസം നിര്‍ത്തിയിടത്തുനിന്നു തുടങ്ങിയെങ്കിലും സെര്‍ബ് താരത്തെ കീഴടക്കാന്‍ ഇന്ത്യന്‍ യുവ താരത്തിനു സാധിച്ചില്ല.

സിംഗിള്‍സ്: ദുഷാന്‍ ലാജോവിക്-യൂകി ഭാംബ്രി (7-5, 6-2, 6-3), ഫിലിപ് കാര്‍ജിനോവിക്-സോംദേവ് ദേവ്വര്‍മന്‍ (6-2, 6-3, 4-6, 6-1). ഡബിള്‍സ്: ഇലിജ ബൊസോല്‍ജക്നനാദ് സിമോന്‍ജിക്-ലിയാന്‍ഡര്‍ പെയ്സ്/രോഹന്‍ ബൊപ്പണ്ണ (6-1, 7-6(4), 3-6, 3-6, 6-8). റിവേഴ്സ് സിംഗിള്‍സ്: ലാജോവിക്-സോംദേവ് (6-1, 4-6, 6-4, 3-6, 2-6), കാര്‍ജനോവിക്-ഭാംബ്രി (6-3, 6-4, 6-4).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.