ബാഡ്മിന്റണില്‍ സൈന, സിന്ധു, കശ്യപ്
ബാഡ്മിന്റണില്‍ സൈന, സിന്ധു, കശ്യപ്
Wednesday, September 17, 2014 10:38 PM IST
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഒരു മെഡല്‍ ഇന്ത്യ സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് 28 വര്‍ഷങ്ങളായിരിക്കുന്നു. ഇത്തവണ തീര്‍ച്ചയായും മെഡല്‍ ലിസ്റില്‍ ഇടംപിടിക്കാന്‍ തീരുമാനിച്ചാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീം ഇഞ്ചിയോണിലെത്തുന്നത്. സൈന നെഹ്വാള്‍, പി.വി. സിന്ധു, പി. കശ്യപ് തുടങ്ങിയ പ്രബലര്‍ അടങ്ങുന്ന ബാഡ്മിന്റണില്‍ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. വനിതാ ഡബിള്‍സ് താരം ജ്വാലാ ഗുട്ട പിന്മാറിയത് ഇന്ത്യയുടെ ഉറപ്പായ മെഡല്‍ ഇല്ലാതാക്കി.

ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ പി.വി. സിന്ധു ബാഡ്മിന്റണ്‍ ലോകറാങ്കിംഗില്‍ പത്താം റാങ്കിലെത്തിയതും ഏഴാം സ്ഥാനത്തുള്ള സൈനയുടെ മികച്ച പ്രകടനവും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പുരുഷ സിംഗിള്‍സില്‍ 22-ാം സ്ഥാനത്തുള്ള കെ. ശ്രീകാന്തും 28-ാം റാങ്കുകാരന്‍ പി. കശ്യപും മെഡല്‍ വരള്‍ച്ചയ്ക്ക് അറുതിവരുത്തുമെന്ന് ഇന്ത്യന്‍ കായിക ലോകം പ്രതീക്ഷിക്കുന്നു. എന്നാല്‍, ലോകത്തെ ഏറ്റവും മികച്ച ബാഡ്മിന്റണ്‍ താരങ്ങളുള്ളത് ഏഷ്യയിലാണ് എന്നത് സിന്ധുവിനും സൈനയ്ക്കും തിരിച്ചടിയാണ്. ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ ഇരുവര്‍ക്കും ഒരു മെഡല്‍ പോലും നേടാന്‍ സാധിച്ചിട്ടില്ല. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്ക് ഏഴു വെങ്കലം മാത്രമാണ് ബാഡ്മിന്റണില്‍ നേടാനായിട്ടുള്ളത്.

സൈന നെഹ്വാള്‍

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്ളൈ എന്നാണ് സൈനയെ കളിയെഴുത്തുകാര്‍ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏഴാം സ്ഥാനക്കാരിയായ ഇവര്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ വനിതയും സൈനയാണ്.

ഒളിമ്പിക്സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളുമുണ്ട്. 21 ജൂണ്‍ 20ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണ്‍ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി ചരിത്രം കുറിക്കുകയുണ്ടായി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സൈന. ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരമെന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല.


വനിതാ ബാഡ്മിന്റണില്‍ ചൈനയുടെ അധിനിവേശത്തെ വെല്ലുവിളിച്ച സൈന ലണ്ടനില്‍ വെങ്കലമെഡല്‍ നേടിയതോടെ ഇന്ത്യന്‍ സ്പോര്‍ട്സിലെ പുതിയ സൂപ്പര്‍ താരമായി വളര്‍ന്നു. ഇതുവരെ 16 അന്താരാഷ്ട്ര കിരീടങ്ങള്‍ സൈന നേടിയിട്ടുണ്ട്.

പി. വി. സിന്ധു

സൈന നെഹ്വാളിനു ശേഷം ലോക റാങ്കിംഗില്‍ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ കളിക്കാരിയാണു സിന്ധു. സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 10ല്‍ എത്തി. പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകന്‍.

2013 മേയ് നാലിനു സിന്ധു മലേഷ്യ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കരസ്ഥമാക്കി. കലാശക്കളിയില്‍ സിംഗപ്പൂരിന്റെ ജുവാന്‍ ഗുവിനേ 21-17, 17-21, 21-19 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. 2013 ല്‍ തന്നെ ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചു. ഇത്തവണയും ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധു വെങ്കലം നേടി.

പി. കശ്യപ്

ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ കടന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമാണ് കശ്യപ്. ഈ നേട്ടം കശ്യപിനെ 2012-ലെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കി. നിലവില്‍ 28-ാം സ്ഥാനത്താണ് കശ്യപ്. നിലവിലെ ലോകചാമ്പ്യന്‍ ചെന്‍ ലോംഗിനെയും ലോക ഒന്നാം നമ്പര്‍ താരം ലീ ചോംഗ് വെയിയെയും ആദ്യ റൌണ്ടുകളില്‍ പരാജയപ്പെടുത്താനായാല്‍ കശ്യപിന് മെഡലുറപ്പിക്കാം.

കെ. ശ്രീകാന്ത്

ലോക റാങ്കിംഗില്‍ കശ്യപിനേക്കാള്‍ ഒരു പടി മുന്നില്‍നില്‍ക്കുന്ന കെ. ശ്രീകാന്തും പ്രതീക്ഷനല്‍കുന്നു. നിലവില്‍ 22-ാം സ്ഥാനത്താണ് ആന്ധ്രക്കാരനായ ശ്രീകാന്ത്.

2013 ല്‍ തായ്ലന്‍ഡ് ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ നേട്ടത്തോടെയാണ് ശ്രീകാന്ത് ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ കൊണ്ടുവരുമെന്നു തന്നെയാണ് ആരാധകരുടെ വിശ്വാസം. വ്യക്തിഗത ടീം ഇനങ്ങളില്‍ മത്സരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.