അഭിമാനത്തോടെ സാനിയ
അഭിമാനത്തോടെ സാനിയ
Wednesday, September 17, 2014 10:42 PM IST
ന്യൂഡല്‍ഹി: മുന്‍നിര താരങ്ങളെല്ലാം പിന്മാറിയപ്പോള്‍ രാജ്യമാണ് വലുത് റാങ്കിംഗല്ല എന്ന തിരിച്ചറിവില്‍ സാനിയ മിര്‍സ ഇന്ത്യയുടെ ഏഷ്യാഡ് ടെന്നീസ് ടീമില്‍ അഭിമാനത്തോടെ നിലകൊണ്ടു. മെഡല്‍ പ്രതീക്ഷയുമായി സാനിയ മിര്‍സയുടെ നേതൃത്വത്തില്‍ ടെന്നീസ് സംഘം ഇഞ്ചിയോണിലേക്ക് പുറപ്പെടാനൊരുങ്ങിക്കഴിഞ്ഞു. മുന്‍താരങ്ങളുടെ പിന്‍മാറ്റത്തെത്തുടര്‍ന്നു ദുര്‍ബലമായ ടെന്നീസ് ടീമിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ സാനിയയുടെ ചുമലിലാണ്. യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതോടെ സാനിയയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. വെറ്ററന്‍ താരം ലിയാന്‍ഡര്‍ പെയ്സ്, രോഹന്‍ ബൊപ്പണ്ണ, സോംദേവ് ദേവ്വര്‍മന്‍ എന്നിവരുടെ പിന്‍മാറ്റം വന്‍ വിവാദമായിരുന്നു. സാനിയയും പിന്‍മാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം തീരുമാനം മാറ്റുകയായിരുന്നു.

നിലവില്‍ സാനിയ മിര്‍സയും മുന്‍ ജൂണിയര്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന യുകി ഭാംബ്രിയുമാണ് ടീമിലെ മുന്‍നിരതാരങ്ങള്‍. ഏഷ്യന്‍ ഗെയിസില്‍ സാനിയയുടെ പ്രകടനം മികച്ചതാണ്. ഒരു സ്വര്‍ണവും മൂന്നു വെള്ളി മെഡലുകളും രണ്ടു വെങ്കലവുമടക്കം ആറു മെഡലുകള്‍ സാനിയയുടെ ക്രെഡിറ്റിലുണ്ട്. 2006 ദോഹ ഏഷ്യന്‍ ഗെയിംസിലാണ് സാനിയയുടെ സ്വര്‍ണം. മിക്സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ സുവര്‍ണ നേട്ടം. 2010ല്‍ ഡബിള്‍സില്‍ വെള്ളിയും സിംഗിള്‍സില്‍ വെങ്കലവും സാനിയയ്ക്കായിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഡിവിജ് ശരണോ സാകേത് മൈനേനിയോ ആവും സാനിയയുടെ കൂട്ടാളിയാവുക.


22 കാരനായ യൂകി ഭാംബ്രിയാണ് പുരുഷവിഭാഗത്തിലെ പ്രമുഖ താരം. പക്ഷേ, ഡേവിസ് കപ്പില്‍ സെര്‍ബിയയ്ക്കെതിരേ ഭാംബ്രിയുടെ പ്രകടനം നിരാശാജനകമാണ്. രണ്ടു സിംഗിള്‍സ് മത്സരങ്ങളിലും ഭാംബ്രി പരാജയപ്പെട്ടിരുന്നു. ദിവിജ് സരണ്‍, സാകേത് മൈനേനി, യുകി ഭാംബ്രി എന്നിവരാണ് ടീമിലെ പുരുഷ അംഗങ്ങള്‍. വനിതാ വിഭാഗത്തില്‍ സാനിയയ്ക്കു പുറമേ, അംഗിത റെയ്ന, പ്രാര്‍ഥന തോംബാരെ, നതാഷ പല്ഹ, റിഷിക സംഗാര, ശ്വേത റാണ എന്നിവരാണ് വനിതാ ടീമിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.