ഇന്ത്യന്‍ അത്ലറ്റുകളുടെ യാത്ര വൈകുന്നു
Thursday, September 18, 2014 11:54 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്ലറ്റുകള്‍ ഇഞ്ചിയോണിലെത്താന്‍ താമസിക്കും. ഇഞ്ചിയോണിലേക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് അധികൃതര്‍ താമസം വരുത്തിയതാണ് ഇന്ത്യന്‍ താരങ്ങളുടെ യാത്ര വൈകാന്‍ കാരണം. ഇതേത്തുര്‍ന്ന് അത്ലറ്റുകള്‍ക്കും പരിശീലകര്‍ക്കും തങ്ങളുടെ പരിശീലന പരിപാടികളില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ താരങ്ങളെയാണ് അധികൃതരുടെ അനാസ്ഥ വലച്ചിരിക്കുന്നത്. അത്ലറ്റിക് ഫെഡറേഷന്‍ ഇഞ്ചിയോണില്‍ ഇറങ്ങുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പേരുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നേരത്തെ തന്നെ അയയ്ച്ചിരുന്നു.


എന്നാല്‍, ഐഒഎയ്ക്ക് സര്‍ക്കാരിന്റെ അനുമതികിട്ടുന്നതിനായി താമസിച്ചു. ഈ മാസം ഒമ്പതിനാണ് സര്‍ക്കാരില്‍നിന്ന് അനുമതി ലഭിക്കുന്നത്. ടീം പ്രഖ്യാപനം വൈകിയതും കാരണമായി. 20ന് ഇന്ത്യയില്‍നിന്ന് യാത്രതിരിക്കേണ്ട താരങ്ങള്‍ 21ന് ആയിരിക്കും സിംഗപ്പൂര്‍വഴി ഇഞ്ചിയേണിലേക്കു യാത്രതിരിക്കുക. പിറ്റേന്ന് അത്ലറ്റുകള്‍ സിംഗപ്പൂരിലെത്തും. സിംഗപ്പൂരില്‍ താരങ്ങള്‍ ഇഞ്ചിയോണിലേക്കു പോകുന്നതിനായി ആറ് മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിയും വരും- അത്ലറ്റിക് ഫെഡറേഷന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.