ഇഞ്ചിയോണില്‍ ഇനി ഇഞ്ചോടിഞ്ചു പോര്
ഇഞ്ചിയോണില്‍ ഇനി ഇഞ്ചോടിഞ്ചു പോര്
Friday, September 19, 2014 11:05 PM IST
ഇഞ്ചിയോണ്‍: കായികലോകത്തെ അതിശയിപ്പിക്കാന്‍ കൊറിയ തയാര്‍. 17-മത് ഏഷ്യന്‍ ഗെയിംസിനു ദക്ഷിണകൊറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഇഞ്ചിയോണില്‍ ഇന്നു തിരിതെളിയും. 45 രാജ്യങ്ങളില്‍നിന്നായി 9,500ല്‍ അധികം താരങ്ങള്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ വിവിധ ഇനങ്ങളില്‍ മത്സരിക്കും. 36 കായികയിനങ്ങളിലായി 439 മെഡല്‍ ജേതാക്കളെ നിശ്ചയിക്കും.

2010 ഗ്വാങ്ഷു ഏഷ്യാഡില്‍ 199 സ്വര്‍ണവും 119 വെള്ളി 98 വെങ്കലവുമടക്കം 416 മെഡലുകള്‍ സ്വന്തമാക്കിയ ചൈനയ്ക്ക് ഇത്തവണ കാര്യമായ വെല്ലുവിളിയുയര്‍ത്തുക ആതിഥേയരായ ദക്ഷിണകൊറിയയാകും. 2010-ല്‍ 76 സ്വര്‍ണമടക്കം 232 മെഡലുകള്‍ കൊറിയ സ്വന്തമാക്കിയിരുന്നു. ആതിഥേയരെന്ന ആനുകൂല്യം പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഇവിടത്തുകാര്‍. 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവുമടക്കം 65 മെഡലുകളുമായി കഴിഞ്ഞതവണ ഇന്ത്യ ആറാമതായിരുന്നു. ഇത്തവണ 70-75 മെഡലുകളാണ് ഇന്ത്യന്‍ ജംബോ സംഘത്തിന്റെ ലക്ഷ്യം.

ഉദ്ഘാടനം കെങ്കേമമാകും

ഇഞ്ചിയോണ്‍ നഗരം ഗെയിംസ് ആരവത്തിലലിഞ്ഞുകഴിഞ്ഞു. നഗരത്തിലെവിടെ നോക്കിയാലും ഗെയിംസിനെ സ്വാഗതം ചെയ്യുന്ന ദൃശ്യങ്ങളാണ്. നിറചിരിയുമായി ആതിഥികളെ സ്വീകരിക്കാന്‍ പുഞ്ചിരിയോടെ നില്‍ക്കുന്ന കൊറിയന്‍ പെണ്‍കുട്ടികള്‍ ഗെയിംസ് വേദികളില്‍ സജീവമായിക്കഴിഞ്ഞു.

കൊറിയന്‍ പ്രാദേശികസമയം വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ലോകപ്രശസ്ത കൊറിയന്‍ സംവിധായന്‍ ലിം ക്വോണ്‍ ടാകിനാണ് ഉദ്ഘാടനച്ചടങ്ങിന്റെ ചുമതല. നിരവധി ഹിറ്റ് സിനിമകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ടാക് ഒരുക്കുന്ന വിസ്മയങ്ങളെന്തെന്നറിയാനുള്ള ആകാംക്ഷയിലാണു കായികലോകം.


ഒളിമ്പിക്സ് അടക്കമുള്ള ലോകകായികമേളകളുടെ ഉദ്ഘാടനച്ചടങ്ങ് ആതിഥേയരാഷ്ട്രത്തിന്റെ പ്രൌഢിയും സാംസ്കാരിക വൈവിധ്യങ്ങളും ലോകത്തെ കാണിക്കാനുള്ള വേദിയായിരുന്നു. എന്നാല്‍,’4.5 ബില്യണ്‍ ഏഷ്യന്‍ സ്വപ്നങ്ങള്‍, ഏഷ്യ ഒന്ന് എന്ന ആശയത്തിലൂന്നിയ കലാപ്രകടനങ്ങളായിരിക്കും നടക്കുകയെന്നു സംഘാടകര്‍ വ്യക്തമാക്കികഴിഞ്ഞു. ഗന്‍ഗ്നം സ്റൈലുമായി ലോകത്തെ ഇളക്കിമറിച്ച കൊറിയന്‍ ഗായകന്‍ സൈയും എത്തും.

ടിക്കറ്റ് വേണോ, ടിക്കറ്റ്

ഉദ്ഘാടനച്ചടങ്ങുകളുടെ ടിക്കറ്റ് വില്പന ഇന്നലെയും ഒച്ചിഴയും വേഗത്തിലായിരുന്നു. 60,000ത്തിലധികം കാണികളെ ഉള്‍ക്കൊള്ളുന്ന സ്റേഡിയത്തിന്റെ 48 ശതമാനം മാത്രം ടിക്കറ്റുകളേ ഇതുവരെ വിറ്റഴിഞ്ഞിട്ടുള്ളൂ. കാണികളുടെ ഈ തണുത്ത സമീപനം സംഘാടകരെ ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. ഉദ്ഘടനച്ചടങ്ങിന്റെ മാത്രമല്ല പല മത്സരങ്ങളുടെയും ടിക്കറ്റ് വില്പന മൂന്നക്കത്തില്‍ എത്തിയിട്ടില്ല. എന്നാല്‍, കൊറിയക്കാരുടെ ഇഷ്ട ഇനങ്ങളായ ഫുട്ബോള്‍, നീന്തല്‍, ജിംനാസ്റ്റിക് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനകം വിറ്റുതീര്‍ന്നു. ക്രിക്കറ്റടക്കമുള്ള മത്സരങ്ങളുടെ ടിക്കറ്റുകള്‍ക്കു കാര്യമായ ആവശ്യക്കാരില്ല. മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേഷണാവകാശം ടെന്‍ സ്പോര്‍ട്സിനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.