വിദേശയാത്രാ നിയന്ത്രണം: ഇഞ്ചിയോണിലേക്കു പദ്മിനി മാത്രം
Friday, September 19, 2014 11:05 PM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദേശയാത്രയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസ് നടക്കുന്ന ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലേക്കു പോകാന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസിനു മാത്രം ധനവകുപ്പ് അനുമതി നല്‍കി. മറ്റു രണ്ടു പേരുടെ അപേക്ഷ തള്ളി. ഇഞ്ചിയോണിലേക്കു പോകുന്ന സംഘത്തിലുണ്ടായിരുന്ന സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

ദേശീയ ഗെയിംസിന്റെ സംഘാടനം മെച്ചപ്പെടുത്തുന്നതിനായി ഏഷ്യന്‍ ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനുമാണു കേരളത്തില്‍നിന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇഞ്ചിയോണിലേക്കു പോകാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണു സാമ്പത്തിക പ്രതിസന്ധിയും വിദേശയാത്ര നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണു സ്പോര്‍ട്സ് ഡയറക്ടര്‍ പുകഴേന്തി, ദേശീയ ഗയിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജേക്കബ് പുന്നൂസ് എന്നിവരുടെ വിദേശയാത്രയ്ക്ക് അനുമതി നല്‍കേണ്െടന്നു തീരുമാനിച്ചത്.


എന്നാല്‍, ഇതുസംബന്ധിച്ചു തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നു സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് ദീപികയോടു പറഞ്ഞു. ഇഞ്ചിയോണിലേക്ക് എന്നു പോകണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

ചെലവു ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ വിദേശ യാത്ര അനുവദിക്കുകയുള്ളൂ. വിദേശയാത്ര കഴിഞ്ഞെത്തിയാല്‍ ഇതു സംസ്ഥാനത്തിനു പ്രയോജനപ്പെടുത്താന്‍ കഴിയുന്ന റിപ്പോര്‍ട്ട് നിശ്ചിത ദിവസത്തിനുള്ളില്‍ സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.