107 കായികതാരങ്ങളെ പോലീസിലെടുത്തു...
Friday, September 19, 2014 11:08 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: കായികകേരളത്തിലെ തങ്ങളുടെ നഷ്ടപ്രതാപം വീണ്െടടുക്കാന്‍ കേരള പോലീസ് തയാറെടുക്കുന്നു. പതിറ്റാണ്ടുകളോളം മലയാളത്തിന്റെ കായികശക്തി ഭാരതത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച കേരള പോലീസ് ടീമിന് ഇടക്കാലത്തുണ്ടായ തകര്‍ച്ചയില്‍നിന്നും കൈപിടിച്ചുയര്‍ത്താന്‍ പുതിയ പദ്ധതികള്‍ ആഭ്യന്തര വകുപ്പ് തയാറാക്കി. അത്ലറ്റിക്സിലും ഫുട്ബോളിലും വോളിബോളിലും നിലനിര്‍ത്തിയിരുന്ന മേധാവിത്വം വീണ്െടടുക്കാനാണ് പോലീസിന്റെ ശ്രമം. ഇതിന്റെ ഭാഗമായി വര്‍ഷങ്ങളായി നിലച്ചുപോയിരുന്ന റിക്രൂട്ട്മെന്റ് നടപടികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്കി. വിവിധ കായിക ഇനങ്ങളിലേക്ക് 107 കായികതാരങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. വിവിധ ഇനങ്ങളിലായി 88 പുരുഷതാരങ്ങളെയും 19 വനിത താരങ്ങളെയും റിക്രൂട്ട് ചെയ്യാനാണ് അനുമതി.

നിലവില്‍ പോലീസിനുള്ള അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ ടീമുകള്‍ കൂടുതല്‍ ശക്തമാക്കുന്നതോടൊപ്പം സ്വിമ്മിംഗ്, വാട്ടര്‍പോളോ, ഹാന്‍ഡ്ബോള്‍, കനോയിംഗ്-കയാക്കിംഗ്, ജൂഡോ എന്നിവയില്‍ പുതിയ ടീമുകളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം. അത്ലറ്റിക്സില്‍ 21 കായികതാരങ്ങള്‍ക്കാണ് ജോലി ലഭിക്കുക. ഇതില്‍ 12 വനിതകളും ഒന്‍പത് പുരുഷന്‍മാരും ഉള്‍പ്പെടും. ഹ്രസ്വദൂര ഇനങ്ങളിലും ജംപിംഗിലുമാണ് പുതിയ താരങ്ങളെ പോലീസ് കണ്െടത്തുന്നത്.


പുരുഷ ഫുട്ബോളില്‍ ആറു പേരെ നിയമിക്കും. ഐ.എം. വിജയനും യു. ഷറഫലിയും വി.പി സത്യനും സി.വി. പാപ്പച്ചനും ഉള്‍പ്പെടെയുള്ളവര്‍ നിരന്ന കേരള പോലീസ് ടീം ഫെഡറേഷന്‍ കപ്പും ഓള്‍ ഇന്ത്യ പോലീസ് ചാമ്പ്യന്‍പട്ടവും നിരവധി തവണ സ്വന്തമാക്കിയിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളം മുത്തമിട്ടപ്പോള്‍ അതിനു നേതൃത്വം നല്കിയതും പോലീസ് പട തന്നെയായിരുന്നു. ആ പഴയകാല വിജയങ്ങള്‍ വീണ്ടും സ്വപ്നമിട്ടാണ് ടീമിനെ സജ്ജമാക്കുന്നത്.

ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീമംഗങ്ങളായിരുന്ന അന്‍വിന്‍ ജെ. ആന്‍ണിയും വി.വി. ഹരിലാലും സി.വി. സണ്ണിയും കോര്‍ട്ടിലിറങ്ങിയപ്പോള്‍ ഫെഡറേഷന്‍ കപ്പ് പോലീസിന്റെ ബാസ്ക്കറ്റില്‍ സ്വന്തമായിരുന്നു. ഇക്കുറി നാലു വനിത കായികതാരങ്ങള്‍ക്കും നാലു പുരുഷ താരങ്ങള്‍ക്കുമാണ് ബാസ്കറ്റ്ബോളില്‍ പുതുതായി അവസരം. വോളിബോളില്‍ മൂന്നുവീതം പുരുഷ-വനിതാ താരങ്ങളെക്കൂടി ഉള്‍പ്പെടുത്തി ടീം ബലപ്പെടുത്തുന്നതിലേക്കാണ് പോലീസ് സ്മാഷ്.

പുതുതായി ആരംഭിക്കുന്ന നീന്തല്‍ ടീമില്‍ 12 പുരുഷന്‍മാര്‍ക്കാണ് അവസരം. വാട്ടര്‍പോളോയിലും 12 പുരുഷതാരങ്ങളെ നിയമിക്കും. ഹാന്‍ഡ്ബോള്‍-12, കനോയിംഗ്-10, കയാക്കിംഗ്-10 ജൂഡോ-10 എന്നിങ്ങനെയാണു പുതിയ താരങ്ങളെ നിയമിക്കുക. ഈ മൂന്നു വിഭാഗങ്ങളിലും പുരുഷ ടീം മാത്രമേ നിലവിലുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.