കളിക്കളങ്ങള്‍ക്കപ്പുറത്തു സ്നേഹക്കൂട്ടുണ്ടാക്കിയ നല്ല കൂട്ടുകാരന്‍
കളിക്കളങ്ങള്‍ക്കപ്പുറത്തു സ്നേഹക്കൂട്ടുണ്ടാക്കിയ നല്ല കൂട്ടുകാരന്‍
Saturday, September 20, 2014 11:26 PM IST
ടി. ദേവപ്രസാദ്

കളി പറഞ്ഞു നടന്ന കാലത്ത് ആരംഭിച്ച ബന്ധമാണ്. ഉദയന്‍ സര്‍വകലാശാലാ താരമായിരിക്കുമ്പോള്‍ മുതലുള്ള ബന്ധം. ഇന്ത്യന്‍ വോളിയില്‍ ജിമ്മിയുടെ തലമുറയുടെ പിന്‍മുറക്കാരായി എത്തിയവര്‍. അന്ന് ഉദയനും സിറിളും റസാഖും സെബാസ്റ്യന്‍ ജോര്‍ജും എല്ലാം അടങ്ങിയ കേരള താരങ്ങള്‍ ഇന്ത്യന്‍ വോളിബോള്‍ കരുത്തിന്റെ കൊടിയടയാളങ്ങളായിരുന്നു.

രണ്ടു തെങ്ങുള്ളിടത്തെല്ലാം മലയാളി ഒരു കയര്‍ നെറ്റായി വലിച്ചുകെട്ടി വോളിബോള്‍ കളിക്കുന്ന കാലം. നിരവധിയായിരുന്നു കേരളത്തില്‍ അന്നു ദേശീയ വോളി മത്സരങ്ങള്‍. ഇന്നു ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ജനപ്രിയതയായിരുന്നു അക്കാലത്തു വോളി താരങ്ങള്‍ക്ക്.

1978ല്‍ കേരള സര്‍വകലാശാലയുടെ കുപ്പായമണിഞ്ഞു ദേശീയ ശ്രദ്ധയിലേക്കു വന്ന ഉദയന്‍ കുതിച്ചുകയറുകയായിരുന്നു. 1979ല്‍ കേരള സര്‍വകാലാശാല ദേശീയ വോളിയില്‍ റിക്കാര്‍ഡ് വിജയം നേടുമ്പോള്‍ ഉദയനും വോളിയിലൂടെ ഏറെ നേടിയവരില്‍ ഒരാളായി. ഉദയന് ഒരുപിടി വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടായി. ഇന്ത്യയുടെ വോളി ക്യാപ്റ്റന്‍. ജിമ്മി ജോര്‍ജ് അവാര്‍ഡ്, അര്‍ജുന അവാര്‍ഡ്. ഇന്ത്യക്ക് അന്തര്‍ദേശീയ കീരിടങ്ങള്‍ വെട്ടിപ്പിടിച്ച കളിക്കാരില്‍ ഒരാളായി ഉദയന്‍. ടൈറ്റാനിയത്തില്‍, റെയില്‍വെയില്‍, ഇല്ക്ട്രിസിറ്റി ബോര്‍ഡില്‍, അവസാനം കേരള പോലീസില്‍. ഇതിനിടെ അഞ്ചുവര്‍ഷം വിദേശത്ത്.

എല്ലാ നേട്ടങ്ങളും വെട്ടിപ്പിടിക്കുമ്പോള്‍ ഉദയന്‍ എന്നും പഴയ ഉദയനായി നിലനിന്നു. എപ്പോള്‍ എന്നറിയില്ല, അതെല്ലാം ഒരു റിപ്പോര്‍ട്ടറുടെ എന്നതിനേക്കാള്‍ ഒരു സഹോദരന്റെ അടുപ്പത്തോടെ കാണാന്‍ മാത്രം ഞങ്ങള്‍ ഇഷ്ടക്കാരായി. എനിക്കു മാത്രമല്ല അക്കാലത്തെ മിക്ക കളിയെഴുത്തുകാര്‍ക്കും അതാവണം അനുഭവം.

ദീപികയുടെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു ദിവസം ഐജി ഗോപിനാഥ്, അവരുടെ വോളി കുടുംബത്തിന്റെ ഒരു സമ്മേളനത്തില്‍ ജിമ്മിയെക്കുറിച്ചു സംസാരിക്കാന്‍ വിളിച്ചു. പ്രസംഗം കഴിഞ്ഞു മടങ്ങുമ്പോള്‍ ഉദയന്‍ ചെവിയില്‍ പറഞ്ഞു: ചേട്ടനേ ഇങ്ങനെ പറയാനാവൂ. നമുക്കെല്ലാം തമ്മിലുള്ള ബന്ധം അത്തരമല്ലേ...

ഉദയന്റെ നേട്ടങ്ങളില്‍ ഏറ്റവും വലുതായി ഞാന്‍ ഇന്നും കണക്കാക്കുന്നത് 1986 ലെ ഏഷ്യാഡ് വെങ്കലം തന്നെയാണ്. ഇന്ത്യന്‍ വോളിക്കു സ്വര്‍ണനിറമായിരുന്നു ആ വെങ്കലത്തിന്. എന്നും ഉദയന്‍ അഭിമാനത്തോടെ ഓര്‍ത്ത നിമിഷമാണത്. വ്യാഴാഴ്ചയും ഉദയന്‍ സെബാസ്റ്യനെ വിളിച്ചിരുന്നു ആ കളിയുടെ തീയതി കൃത്യമാക്കാന്‍. വെള്ളിയാഴ്ച ഏതോ ചാനലുകാര്‍ ഇന്റര്‍വ്യൂവിനു വരുന്നു എന്നു പറഞ്ഞു. അതു നടന്നോ എന്നറിയില്ല. അന്നു ജിമ്മി ഇന്ത്യന്‍ ടീമില്‍ സഹകളിക്കാരേക്കാളെല്ലാം വളരെ സീനിയര്‍. 1972 മുതല്‍ ഇന്ത്യന്‍ ടീമിലുള്ള ജിമ്മിക്ക് ഇവരൊക്കെ കുട്ടികള്‍. എന്നാല്‍, അവര്‍ക്കൊപ്പം ഒരു സഹകളിക്കാരന്റെ സമഭാവനയോടെ കളിച്ച ജിമ്മിയുടെ മനസില്‍ ഉദയന്റെ സ്ഥാനം മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതായിരുന്നു.

വോളിബോളിനോടുള്ള ഉദയന്റെ പ്രതിബദ്ധതയെയും അതിനുവേണ്ടി ജീവിതശൈലികളില്‍ പോലും സ്വീകരിക്കുന്ന അച്ചടക്കത്തെയും ജിമ്മി ഏറെ ബഹുമാനിച്ചിരുന്നു. 1986 ലെ ഏഷ്യാഡിലെ ഇന്ത്യന്‍ ടീമിന്റെ കളി നേരിട്ടു കാണാനുള്ള സൌകര്യം അന്നു നമുക്കുണ്ടായിരുന്നില്ല. എങ്കിലും ഉദയന്റെ വിവരണങ്ങള്‍ കേട്ടിട്ടുണ്ട്, ജിമ്മിയുടെ അപാര ഫോമിനെക്കുറിച്ചൊക്കെ..

ഗവര്‍ണറുടെ എഡിസി പദവിയുടെ തിളക്കത്തിലും കാണുമ്പോള്‍ ഏറെ സ്നേഹത്തോടെ സൌഹൃദം പങ്കിട്ടിരുന്നു. പല അവസരങ്ങളിലും ഒത്തുകൂടിയിരുന്നു. ചേട്ടാ എന്ന സ്നേഹം നിറഞ്ഞ വിളിയുമായി എന്തെങ്കിലും പറയാതെ കടന്നുപോകില്ല.

നാടിന്റെ കായികചരിത്രത്തില്‍ സുവര്‍ണ മുദ്രയായ കൂട്ടുകാരാ വിട!

നഷ്ടമായതു ബിഗ് ത്രീയിലെ ആദ്യ പേരുകാരനെ


തോമസ് വര്‍ഗീസ്

തിരുവനന്തപുരം: കൊഴിഞ്ഞുപോയതു കേരളവോളിബോളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ബിഗ് ത്രീയിലെ ആദ്യപേരുകാരന്‍. ആറടി മൂന്നിഞ്ചുകാരനായ കെ. ഉദയകുമാറിന്റെ അപ്രതീക്ഷിത വേര്‍പാട് ഇനിയും കായിക പ്രേമികള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒപ്പം ബിഗ് ത്രയത്തിലെ മറ്റു രണ്ടുപേര്‍ക്കും.

ഉദയകുമാര്‍, സിറിള്‍ സി.വെള്ളൂര്‍, അബ്ദുള്‍ റസാഖ് ത്രയം കേരളാ വോളിബോള്‍ കോര്‍ട്ടില്‍ എതിരാളികള്‍ക്കു നേരേ സ്മാഷ് തൊടുത്തും എതിര്‍ടീമിന്റെ തീപാറുന്ന സ്മാഷുകള്‍ ബ്ളോക്ക് ചെയ്തും കേരളത്തെ വിജയ തീരത്ത് എത്തിച്ചതു നിരവധി തവണ. ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിന്റെ നിറസാനിധ്യമായിരുന്നു ഈ മൂവര്‍ സംഘം.

ഇവര്‍ ഒത്തുചേര്‍ന്ന് ആദ്യപോരാട്ടം കാഴ്ചവച്ചത് 1977 ലാണ്. അന്നു പാട്യാലയില്‍ നടന്ന ജൂണിയര്‍ നാഷണലില്‍ കേരളത്തിന്റെ ജഴ്സിയില്‍ ഇവര്‍ പോരാട്ടത്തിനു തുടക്കമിട്ടു. മുന്‍ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റുകൂടിയായ അബ്ദുള്‍ റസാഖിന്റെ നായകത്വത്തിലായിരുന്നു ഇവര്‍ കോര്‍ട്ടിലിറങ്ങിയത്. ബിഗ് ത്രീ സംഘത്തിന്റെ ജൈത്രയാത്ര തുടങ്ങിയതും ഇവിടെനിന്ന്. തൊട്ടടുത്ത വര്‍ഷം പറവൂരില്‍ നടന്ന ജൂണിയര്‍ നാഷണല്‍സില്‍ രണ്ടാം സ്ഥാനം ഈ മൂവര്‍ സംഘം അടങ്ങിയ കേരള ടീം സ്വന്തമാക്കി. ലോക ജൂണിയര്‍ മീറ്റിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇവര്‍ക്കു ക്ഷണം ലഭിച്ചു. മിന്നും പ്രകടനം നടത്തിയ ജൂണിയര്‍ ടീമിനു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ചു. അമേരിക്കയില്‍ നടന്ന ജൂണിയര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മൂവര്‍ സംഘം ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. വോളിബോള്‍ കോര്‍ട്ടിലെ ഇവരുടെ ബന്ധം കായിക മേഖലയ്ക്കും അപ്പുറത്തേയ്ക്ക് വ്യാപിച്ചു. മറ്റു രണ്ടുപേരേയും അപേക്ഷിച്ച് ഉയരം കുറവായിരുന്ന തന്നെ എന്നും പ്രോത്സാഹിപ്പിക്കുന്നത് ഉദയനായിരുന്നുവെന്നു അബ്ദുള്‍ റസാഖ് ഇന്നലെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഈറനണിഞ്ഞു. എനിക്കു അവനെക്കുറിച്ചു പറയാനുള്ളത് കോര്‍ട്ടിലെ മിന്നും പ്രകടനങ്ങളും വ്യക്തിബന്ധങ്ങളും മാത്രം. ഈ ബന്ധമാണ് ഞങ്ങള്‍ മൂവര്‍ക്കും ഒരേ ടീമില്‍ മത്സരിക്കാന്‍ പ്രോ ത്സാഹനം നല്കിയത്. ബിഗ് ത്രീയിലെ ആദ്യപേരുകാരന്റെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ മറ്റു രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്. സിറിള്‍ സി. വെള്ളൂര്‍ പാണ്ടിക്കാട് ക്യാമ്പിലും അബ്ദുള്‍ റസാഖ് അടൂര്‍ ക്യാമ്പിലും പോലീസ് കമന്‍ഡാന്റുമാരാണ്.



മനുഷ്യസ്നേഹിയായ സുഹൃത്ത്

ഇന്ത്യന്‍ വോളിബോളിന് കേരളത്തിന്റെ വലിയ സംഭാവനയാണ് അതുല്യ പ്രതിഭയായ കെ. ഉദയകുമാര്‍. 1978 ലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. സൌത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരവേദിയിലായിരുന്നു അത്. പിന്നീട് 1979 ല്‍ രാജസ്ഥാനില്‍ നടന്ന ഇന്റര്‍യൂണിവേഴ്സിറ്റി വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള യൂണിവേഴ്സിറ്റിക്കുവേണ്ടിയാണ് ഒരുമിച്ചു കളിക്കുന്നത്. 1973 മുതല്‍ കേരളയൂണിവേഴ്സിറ്റിയാണ് ഇന്റര്‍സോണ്‍ ചാമ്പ്യന്‍മാര്‍. അക്കാരണത്താല്‍ ചാമ്പ്യന്‍ പദവിയില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ക്കു ചിന്തിക്കാനാവില്ലായിരുന്നു. എന്തായാലും ആ വര്‍ഷവും കിരീടം കേരളയ്ക്കായിരുന്നു. പിന്നീട് ഞങ്ങള്‍ ടൈറ്റാനിയത്തിലെത്തി. കുറച്ചു കാലം ഞങ്ങള്‍ ഇരുവരും ടൈറ്റാനിയത്തിനു വേണ്ടിയായിരുന്നു കളിച്ചിരുന്നത്.

പിന്നീട്, ഉദയന്‍ റെയില്‍വേയിലേക്കു മാറി. നാലുവര്‍ഷത്തിനു ശേഷം, 1985 ല്‍ അദ്ദേഹം മടങ്ങിയെത്തി. അതേ വര്‍ഷം തന്നെ ഞങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തിലുമെത്തി. എന്റെ സഹോദരന്‍ ജിമ്മി ജോര്‍ജും ടീമിലുണ്ട്. ജപ്പാനെതിരേയായിരുന്നു ഞങ്ങളുടെ ആദ്യ മത്സരം. മൂന്നു മത്സരങ്ങളടങ്ങിയ ടെസ്റില്‍ തകര്‍ത്തു കളിച്ചു. 1986 ല്‍ സിയൂള്‍ ഏഷ്യന്‍ ഗെയിംസിലും ഞങ്ങള്‍ മൂന്നു പേരും കളിച്ചു. അന്ന് വെങ്കലം നേടാന്‍ ഇന്ത്യക്കായി. സഹകളിക്കാരന്‍ എന്ന നിലയില്‍ എനിക്ക് അര്‍ഥശങ്കക്കിടയില്ലാതെ ഒരു കാര്യം പറയാനാവും. കളിയിലെ പൊസിഷനില്‍ ഒരേ സമയം മികച്ച ബ്ളോക്കറായി തിളങ്ങുമ്പോള്‍ അവസരോചിതമായി അറ്റാക്കറായും മാറാനുള്ള കഴിവാണ് ഉദയകുമാര്‍ എന്ന താരത്തെ വോളിബോള്‍ ലോകത്ത് വേറിട്ട് നിര്‍ത്തുന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ സഹകളിക്കാരെ പ്രചോദിപ്പിക്കാനുള്ള അസാമാന്യ കഴിവാണ് സഹപ്രവര്‍ത്തകരുടെ മനസില്‍ ഉദയനു സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. അദ്ദേഹത്തിന്റെ കൂടെ കളിച്ചിട്ടുള്ള ആര്‍ക്കും ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് ഉദയന്‍.

പരാജയത്തിന്റെ മുന്നില്‍ നിന്നു പോലും സഹകളിക്കാരെ പ്രചോദിപ്പിച്ച് വിജയം പിടിച്ചെടുത്ത നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. മത്സരങ്ങളില്‍ നിന്നു വിട്ട് ഔദ്യോഗിക ജോലിത്തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ തമ്മില്‍ വലിയ ബന്ധം സൂക്ഷിച്ചിരുന്നു. എന്റെ സഹോദരന്‍ ജിമ്മിയുടെ പേരിലുള്ള പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 23 വര്‍ഷം മുമ്പ് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അത് അദ്ദേഹത്തിന്റെ പ്രതിഭയ്ക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു.

മരണത്തിനു തലേദിവസവും ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് എന്താവശ്യത്തിനെത്തിയാലും ഉദയന്റെ വീട്ടിലെത്തിയിട്ടേ പോരുമായിരുന്നുള്ളൂ. ഉദയന്‍ ഓര്‍മയാകുമ്പോള്‍ നഷ്ടമകുന്നത് ഇന്ത്യകണ്ട എക്കാലത്തേയും മികച്ച സെന്റര്‍ ബ്ളോക്കറെ മാത്രമല്ല, മറിച്ച് മനുഷ്യ സ്നേഹിയായ വലിയൊരു സുഹൃത്തിനെക്കൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.