തോക്കിന്‍തുമ്പത്ത് അഭിമാനം
തോക്കിന്‍തുമ്പത്ത് അഭിമാനം
Sunday, September 21, 2014 11:20 PM IST
ഇഞ്ചിയോണ്‍: ആദ്യദിനം ഇഞ്ചിയോണില്‍ ഇന്ത്യക്കായി മുഴങ്ങിയ വെടിയൊച്ചയില്‍ പിറന്നത് ഒരു സ്വര്‍ണവും ഒരു വെങ്കലവും. 17-ാമത് ഏഷ്യന്‍ ഗെയിംസില്‍ ആദ്യ ദിനം ഭേദപ്പെട്ടതാക്കി ഷൂട്ടിംഗില്‍ ഇന്ത്യക്കു സ്വര്‍ണവും വെങ്കലവും ലഭിച്ചു. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റള്‍ ഇനത്തില്‍ ജിത്തു റായ് സ്വര്‍ണം സമ്മാനിച്ചപ്പോള്‍ വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റളില്‍ ശ്വേത ചൌധരി ഇന്ത്യക്കു വെങ്കലവും നേടിക്കൊടുത്ത് ആദ്യദിനത്തിലെ അഭിമാനമായി. ശ്വേതയാണ് ഇഞ്ചിയോണ്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത് ആരംഭിച്ചത്.

ഇന്ത്യന്‍ ആര്‍മി ഓഫീസറായ 27കാരന്‍ ജിത്തുറായ് ഏറെ നാടകീയതകള്‍ക്കൊടുവിലാണ് വിയറ്റ്നാമിന്റെ ഹോങ് എന്‍ഗുയനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വര്‍ണം നേടിയത്. ഒരു ഷോട്ട് മാത്രം ശേഷിക്കുമ്പോള്‍ ജിതു വിയറ്റ്നാം താരത്തേക്കാള്‍ 0.2 പോയിന്റ് പിന്നിലായിരുന്നു. എന്നാല്‍, അവസാന ഷോട്ടില്‍ ഹോംഗിന് സ്കോര്‍ ചെയ്യാനായത് 5.8 പോയിന്റ് മാത്രം. ജിതു 8.4 പോയിന്റ് നേടി ആകെ 186.2 പോയിന്റോടെ സ്വര്‍ണം സ്വന്തമാക്കി. ഹോങ് 183.4 പോയിന്റും ചൈനയുടെ വാംഗ് സിവി 165.6 പോയിന്റും സ്വന്തമാക്കി.

ലോകറാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരനായ ജിത്തു റായി ഈയിടെ സ്പെയിനിലെ ഗ്രനേഡയില്‍ അവസാനിച്ച ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. ചൈനയുടെ ലോകോത്തര താരം വാംഗ് ഷിവേയി, രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായിരുന്ന കൊറിയയുടെ ജോംഗോ എന്നിവരെ പരാജയപ്പെടുത്തിയാണ് ജിത്തു ഇന്ത്യയുടെ അഭിമാനമായത്. ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടിയ ജിത്തു, ജസ്പാല്‍ റാണയ്ക്കുശേഷം ഏഷ്യന്‍ ഗെയിംസ് പിസ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ താരമാണ്. 559 പോയിന്റോടെ ഏഴാമതായാണ് ജിത്തു ഫൈനലിലെത്തിയത്. എന്നാല്‍, ഫൈനലില്‍ അസാമാന്യ മികവോടെ ജിത്തു സ്വര്‍ണം വെടിവച്ചിട്ടു.

ശ്വേതയുടേത് പ്രതീക്ഷിച്ച മെഡല്‍തന്നെയായിരുന്നു. ആകെ 176.4 പോയിന്റാണ് ശ്വേത നേടിയത്. ചൈനയുടെ ഴാങ് മെന്‍ഗുയാന്‍ 202.2 പോയിന്റോടെ സ്വര്‍ണവും ആതിഥേയരുടെ ജങ് ജീഹെ 201.3 പോയിന്റോടെ വെള്ളിയും നേടി. ലോക റാങ്കിംഗില്‍ 46-ാം സ്ഥാനക്കാരിയായ ശ്വേത 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീം അംഗമായിരുന്നു. ഇതേ ഇനത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ ലോക നാലാം നമ്പര്‍ താരം ഹീന സിധുവും മലൈക ഗോയലും ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. വളരെ നിര്‍ധന കുടുംബത്തില്‍നിന്നെത്തിയ ശ്വേതയുടെ വിജയം ഹരിയാനയിലുള്ള കുടുംബത്തിന് ഏറെ സന്തോഷമുണ്ടാക്കി. വനിതകളുടെ ബാഡ്മിന്റണ്‍ ടീം ഇനത്തിലും വനിതകളുടെ സ്ക്വാഷിലും ഇന്ത്യ മെഡല്‍ ഉറപ്പാക്കി. സൈനയും മലയാളി താരം പി.വി. തുളസിയും പി.വി. സിന്ധുവും ഉള്‍പ്പെടുന്ന ടീമാണ് സെമിയിലെത്തി കുറഞ്ഞത് വെങ്കലം ഉറപ്പിച്ചത്. അതേസമയം, സ്ക്വാഷില്‍ ഒരേസമയം മെഡല്‍ നഷ്ടവും ഇന്ത്യക്കു നേരിടേണ്ടിവരും. ക്വാര്‍ട്ടറില്‍ പ്രവേശിച്ച ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും തമ്മിലാണ് മത്സരം. ഇതില്‍ ഒരാള്‍ പുറത്താകുന്നതോടെ ഒരാള്‍ സെമിയിലേക്കു മുന്നേറുകയും മെഡല്‍ ഉറപ്പിക്കുകയും ചെയ്യും. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആതിഥേയരായ ദക്ഷിണകൊറിയ അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവുമടക്കം 13 മെഡലുകളുമായി ഒന്നാം സ്ഥാനത്താണ്. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 11 മെഡലുകളുള്ള നിലവിലെ ചാമ്പ്യന്‍ ചൈനയാണു രണ്ടാമത്. ഒരു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്.


ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് 22 ഫൈനലുകള്‍ നടക്കും.

ആദ്യസ്വര്‍ണം ചൈനയ്ക്ക്

ഇഞ്ചിയോണ്‍: 17-ാം ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റള്‍ ടീം ഇനത്തില്‍ ഗുവൊ വെന്‍ജുന്‍, ഴാങ് മെന്‍ഗ്വാന്‍, സൌ കിങ്ഗ്വാന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം നേടിയത്. ഇത് തുടരെ നാലാം തവണയാണ് ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കുന്നത്. 2002ലെ ബുസാന്‍ ഏഷ്യാഡ് മുതല്‍ ഇതാണ് പതിവ്. 208, 2012ലെ ഒളിമ്പിക് ചാമ്പ്യനായ ഗുവൊ ഉള്‍പ്പെടുന്ന ടീം ആകെ 1146 പോയിന്റാണ് സ്വന്തമാക്കിയത്. അഞ്ച് പോയിന്റുകള്‍ക്ക് പിന്നില്‍ ഫിനിഷ് ചെയ്ത ചൈനീസ് തായ്പേയിക്ക് വെള്ളിയും മംഗോളിയയ്ക്ക് വെങ്കലവും ലഭിച്ചു.

സ്ക്വാഷില്‍ മെഡലുറപ്പിച്ചു

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി വനിതാ സ്ക്വാഷ് സിംഗിള്‍സില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചു. ഇന്ത്യന്‍ താരങ്ങളായ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും ക്വാര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടുന്നതോടെയാണിത്. ലോക റാങ്കിംഗില്‍ 21-ാം സ്ഥാനത്തുള്ള ജോഷ്ന ചിന്നപ്പ ദക്ഷിണകൊറിയയുടെ സോംഗ് സുന്‍മിയെ 11-9,11-7, 11-7 എന്ന സ്കോറിനു തോല്പിച്ചു. മറ്റൊരു മത്സരത്തില്‍ മലയാളിയായ ദീപികയുടെ ജയം ചൈനയുടെ ജിന്‍യും ഗുയ്ക്കെതിരേയായിരുന്നു. സ്കോര്‍ 11-6,10-12,11-6,11-4. ഇവരില്‍ ഒരാള്‍ ജയിച്ചു സെമിയില്‍ കയറുന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പിക്കുന്നത്.

കഴിഞ്ഞമാസം ഗ്ളാസ്കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക-ജോഷ്ന സഖ്യം സ്ക്വാഷ് ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടേണ്ടി വരുന്നത് ദൌര്‍ഭാഗ്യകരമാണെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. 1998 ബാങ്കോക്ക് ഏഷ്യാഡില്‍ സ്ക്വാഷിനെ ഉള്‍പ്പെടുത്തിയ ശേഷം ഇന്ത്യ ഇതുവരെ നാലു വെങ്കലം ഈ ഇനത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.