തൂവലില്‍ മെഡലുറച്ചു
തൂവലില്‍ മെഡലുറച്ചു
Sunday, September 21, 2014 11:21 PM IST
ഇഞ്ചിയോണ്‍: ബാഡ്മിന്റണില്‍ 28 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് ഇന്ത്യ വിരാമമിട്ടു. വനിതകളുടെ ടീമിനത്തില്‍ തായ്ലന്‍ഡിനെ 3-2നു തകര്‍ത്ത് ഇന്ത്യ സെമിയിലെത്തിയതോടെയാണ് ഇന്ത്യ കുറഞ്ഞത് വെങ്കലം ഉറപ്പിച്ചത്. എന്നാല്‍ പുരുഷവിഭാഗത്തില്‍ ദക്ഷിണ കൊറിയയോട് 3-0ത്തിനു തോറ്റ് ഇന്ത്യ പുറത്തായി.

1986ലാണ് ബാഡ്മിന്റണില്‍ ഇന്ത്യ അവസാനമായി മെഡലില്‍ മുത്തമിടുന്നത്. പുരുഷടീം അന്ന് വെങ്കലവുമായാണ് മടങ്ങിയത്. 1966 ഗെയിംസ് മുതലിങ്ങോട്ടു വെറും ഏഴു വെങ്കലം മാത്രമാണ് ഇന്ത്യക്കു നേടാനായത്. അതില്‍ ആറിലും ടീമിനത്തിലാണ് താനും. 82-ല്‍ സയ്യിദ് മോദി നേടിയ വെങ്കലമാണ് ആകെയുള്ള വ്യക്തിഗത മെഡല്‍.

സിംഗിള്‍സില്‍ സൈനയും സിന്ധുവും ജയിച്ചുകയറിയപ്പോള്‍ തുളസിക്കു നിലതെറ്റി. ഡബിള്‍സില്‍ പ്രദന്യ ഗദ്ര- സിക്കി റെഡി സംഖ്യം തായ് വീര്യത്തിനു കീഴടങ്ങിയപ്പോള്‍ നിര്‍ണായകമായ അവസാനമത്സരത്തില്‍ അശ്വനി പൊന്നപ്പ-പി.വി. സിന്ധു സഖ്യം ഇന്ത്യക്കു സെമിയിലേക്കുള്ള പാതയൊരുക്കി.

സൂപ്പര്‍ താരം സൈന നെഹ്വാളാണ് വനിതകളുടെ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്കു ആദ്യം ലീഡ് നല്കിയത്. തായ്ലന്‍ഡിന്റെ മുന്‍നിര താരം രറ്റ്ചനോക് ഇനാറ്റോണിനെയ സൈന കീഴ്പ്പെടുത്തി. പതിവുഫോമിലേക്കുയരാന്‍ സാധിക്കാതെവന്ന സൈനയ്ക്കു തുടക്കത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ തായിയുടെ ഒന്നാംനമ്പര്‍ താരത്തിനായി. ആദ്യഗെയിമില്‍ 8-11നു പിന്നിട്ടുനിന്നശേഷമായിരുന്നു സൈന ആദ്യ ഗെയിമില്‍ ജയിച്ചത്. 21-15നു ആദ്യ ഗെയിം ജയിക്കാന്‍ സൈനക്കായി. എന്നാല്‍ രണ്ടാം സെറ്റില്‍ രറ്റ്ചനോക് തിരിച്ചടിച്ചതോടെ 17-21 സൈനക്കു സെറ്റ് വിട്ടുകൊടുക്കേണ്ടിവന്നു. നിര്‍ണായകമായ മൂന്നാംഗെയിമില്‍ ശക്തമായ വെല്ലുവിളി അവസാനിപ്പിച്ചു ഇന്ത്യന്‍ താരം ജയിച്ചതോടെ ഇന്ത്യ 1-0ത്തിനു മുന്നിലെത്തി.

സിംഗിള്‍സിലെ രണ്ടാംമത്സരത്തില്‍ മിന്നും ഫോമിലുള്ള പി.വി. സിന്ധു അനായാസം ജയിച്ചുകയറി. 21-13 21-15 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ആദ്യ ഏഷ്യാഡിന്റെ ടെന്‍ഷനൊന്നുമില്ലാതെ കളിക്കാനായതാണ് ഗുണകരമായതെന്നു സിന്ധു മത്സരശേഷം പ്രതികരിച്ചു. ഇതോടെ ഇന്ത്യ 2-0ത്തിനു മുന്നിലെത്തി.

എന്നാല്‍, തൊട്ടുപിന്നാലെ മലയാളിതാരം പി.സി. തുളസി ഒന്‍ബാം ബുസാനനോടു തോറ്റതോടെ തായ് ടീം 2-1 ആയി ലീഡ് കുറച്ചു. 12-21,14-21 എന്ന സ്കോറിനായിരുന്നു തുളസിയുടെ തോല്‍വി.


കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ മലയാളിതാരത്തിനായതുമില്ല. തൊട്ടുപിന്നാലെ ഡബിള്‍സിലും ഇന്ത്യക്കു നിലതെറ്റി തെറ്റിയതോടെ ആശങ്കയുടെ നിമിഷങ്ങളായി. പ്രദന്യ ഗദ്ര- സിക്കി റെഡി സംഖ്യം 17-21, 21-18,16-21 എന്ന സ്കോറിനാണ് തായ് ജോഡികളായ പോര്‍ടിപ് ബുര്‍നാപ്രസേര്‍സക്-കുഞ്ചസലയോടു തോറ്റത്. ജ്വാലഗുട്ടയില്ലാത്ത ഡബിള്‍സില്‍ ഇന്ത്യയുടെ ദൌര്‍ബല്യം ഒരിക്കല്‍കൂടി തെളിഞ്ഞ മത്സരമായിരുന്നു ഇത്.

28 വര്‍ഷത്തിനുശേഷം ഒരു മെഡലെന്ന സ്വപ്നം ഒരിക്കല്‍ക്കൂടി പൊലിഞ്ഞേക്കാമെന്ന ആശങ്കയ്ക്കിടെയാണ് അശ്വിനിയും സിന്ധു വും നിര്‍ണായകമായ അവസാന ഡബിള്‍സിനിറങ്ങിയത്. ശക്തമായ പോരാട്ടം പ്രതീക്ഷിച്ചെങ്കിലും 21-16,21-17 നു നേരിട്ടുള്ള ഗെയിമുകള്‍ക്കു തായ് ടീമിനെ തകര്‍ക്കാന്‍ ഇന്ത്യന്‍ സഖ്യത്തിനായി. ഇന്ന് ആതിഥേയരായ ദക്ഷിണ കൊറിയയ്ക്കെതിരേയാണ് ഇന്ത്യയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയിയെ കീഴ്പ്പെടുത്തിയാണ് കൊറിയ അവസാന നാലിലേക്കു മുന്നേറിയത്. രണ്ടാംസെമിയില്‍ ചൈനയും ജപ്പാനും ഏറ്റുമുട്ടും.

പോരാട്ടം കടുപ്പമായിരുന്നു: സൈന

ശക്തമായ പോരാട്ടത്തിനൊടുവില്‍ വിജയത്തോടെ മുന്നേറാനായതില്‍ സന്തോഷമുണ്െടന്നായിരുന്നു മത്സരശേഷം സൈനയുടെ പ്രതികരണം. തുടക്കത്തില്‍ പതറിയെങ്കിലും മത്സരം പുരോഗമിച്ചതോടെ പതിവുതാളത്തിലേക്കു വരാനായി. മാത്രമല്ല തായ് താരം ക്ഷീണിതയാകുകയും ചെയ്തു. അതുകൊണ്ട് തന്നെ അവര്‍ നിരവധി പിഴവുകള്‍ വരുത്തി-സൈന കൂട്ടിച്ചേര്‍ത്തു. പുതിയ പരിശീലകന്‍ വിമല്‍കുമാറിന്റെ നിര്‍ദേശങ്ങള്‍ തുണയായെന്നു സൈന ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു.

ഗ്ളാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ അശ്വിനിക്കൊപ്പം പരിശീലിക്കാന്‍ സാധിച്ചതാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതിനു പിന്നിലെന്നു ഡബിള്‍സ് മത്സരത്തിനുശേഷം സിന്ധു പ്രതികരിച്ചു. ജൂണിയര്‍ തലം മുതല്‍ അശ്വിനിക്കൊപ്പം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്യമായ ആശയക്കുഴപ്പം ഉണ്ടായില്ല- സിന്ധു കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.