ഇഞ്ചിയോണില്‍ ഇരട്ടവെങ്കലം
ഇഞ്ചിയോണില്‍ ഇരട്ടവെങ്കലം
Monday, September 22, 2014 11:08 PM IST
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് രണ്ടാം ദിനം ഇന്ത്യക്ക് നിരാശ. സുവര്‍ണപ്രതീക്ഷയോടെ മത്സരിച്ച പല ഇനങ്ങളിലും പിന്നോക്കം പോയ ഇന്ത്യക്ക് രണ്ടാം ദിനം ലഭിച്ചത് രണ്ടു വെങ്കലം മാത്രം. ഷൂട്ടിംഗിലെ മെഡലൊച്ചകള്‍ തുടരുമ്പോള്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതകള്‍ പുതിയ ചരിത്രം രചിച്ചു. 17-ാം ഏഷ്യാഡില്‍ ആതിഥേയരായ കൊറിയ മുന്നേറ്റം തുടരുന്നതുകണ്ടാണ് രണ്ടാം ദിവസം അവസാനിച്ചത്.

10 മീറ്റര്‍ എയര്‍ പിസ്റളില്‍ പുരുഷന്മാരുടെ ടീം ഇനത്തില്‍ ജിത്തു റായ് നയിച്ച ടീമാണ് ഇന്ത്യക്കുവേണ്ടി വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം 50 മീറ്റര്‍ എയര്‍ പിസ്റളില്‍ ജിത്തു സ്വര്‍ണം നേടിയിരുന്നു. സമരേഷ് ജംഗ്, പ്രകാശ് നഞ്ജപ്പ എന്നിവരായിരുന്നു ജിത്തുവിനൊപ്പമുണ്ടായിരുന്നത്. ബാഡ്മിന്റണില്‍ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യ വനിതകളുടെ ടീം ഇനത്തില്‍ വെങ്കലം നേടി. ഇന്നലെ നടന്ന സെമിയില്‍ ദക്ഷിണകൊറിയയോട് 3-1നു പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കലത്തില്‍ ഒതുങ്ങിയത്. സ്ക്വാഷില്‍ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തി സെമിയില്‍ കടന്ന ദീപിക പള്ളിക്കലും സൌരവ് ഘോഷാലും ഇന്ത്യക്കു മെഡല്‍ ഉറപ്പിച്ചു. ഹോക്കിയിലെ പ്രാഥമിക റൌണ്ട് വിജയവും ഇന്ത്യക്ക് ഇന്നലെ ഗുണകരമായി. പുരുഷ ടെന്നീസില്‍ നേപ്പാളിനെ 3-0നു പരാജയപ്പെടുത്തി ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു.


ഏഷ്യന്‍ ഗെയിംസ് മത്സരങ്ങള്‍ രണ്ടു ദിവസം അവസാനിക്കുമ്പോള്‍ 12 സ്വര്‍ണവും 10 വെള്ളിയും ഒമ്പതു വെങ്കലവുമടക്കം ആതിഥേയരായ കൊറിയതന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 12 സ്വര്‍ണവും ഒമ്പതു വെള്ളിയും 11 വെങ്കലവുമുണ്ട്. ഒരു സ്വര്‍ണവും മൂന്നു വെങ്കലവുമുള്ള ഇന്ത്യ പോയിന്റ് നിലയില്‍ 10-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആദ്യദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്ന് 27 ഫൈനലുകള്‍ നടക്കും.

മെഡല്‍ നില

സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ

1. കൊറിയ 12-10-9-31
2. ചൈന 12-9-11-32
3. ജപ്പാന്‍ 7-8-11-26
4. മംഗോളിയ 2-2-4-8
5. കസാക്കിസ്ഥാന്‍ 2-1-5-8
6. ഉത്തരകൊറിയ 2-0-3-5
7. വിയറ്റ്നാം 1-2-4-7
8. ചൈനീസ് തായ്പേയി 1-1-2-4
9. മലേഷ്യ 1-1-0-2
10. ഇന്ത്യ 1-0-3-4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.