ഹോക്കിയില്‍ തകര്‍പ്പന്‍ ജയം
Monday, September 22, 2014 11:11 PM IST
ഇഞ്ചിയോണ്‍: ഏവരും ആഗ്രഹിച്ചതു പോലെ ഹോക്കിയില്‍ ഇന്ത്യ കൂറ്റന്‍ ജയത്തോടെ ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറി. പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ അയല്‍ രാജ്യമായ ശ്രീലങ്കയെ ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയമാഘോഷിച്ചത്. ഇന്ത്യക്കുവേണ്ടി രൂപീന്ദര്‍പാല്‍ സിംഗ്(12, 45, 46) ഹാട്രിക് ഗോള്‍ നേടി. ഡാനിഷ് മുജ്തബ, കങ്കുജാം ചിംഗലേസന സിംഗ്, രഘുനാഥ്, രമണ്‍ദീപ് തുടങ്ങിയവരും ഇന്ത്യക്കുവേണ്ടി എതിര്‍വല ചലിപ്പിച്ചു. ഇന്ത്യ നാളെ ഒമാനെയും 25നു പാക്കിസ്ഥാനെയും 27ന് ചൈനയെയും നേരിടും. വിജയിക്കുന്ന ടീം സെമിയിലേക്കു യോഗ്യത നേടും.


രണ്ടു തവണ ഹോക്കി സ്വര്‍ണം നേടിയിട്ടുള്ള ഇന്ത്യ ഇവിടെയും സ്വര്‍ണം ലക്ഷ്യം വയ്ക്കുന്നു. ആദ്യ രണ്ടു മത്സരങ്ങളിലും വന്‍ മാര്‍ജിനില്‍ വിജയിച്ച് പാക്കിസ്ഥാനെ നേരിടുന്നതിനു മുമ്പ് ആത്മവിശ്വാസം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇവിടെ ചാമ്പ്യനായാല്‍ റിയോ ഒളിമ്പിക്സിലേക്കു യോഗ്യത നേടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.