കേരളത്തിനു കൂടുതല്‍ ചേരുന്ന പേര് സ്പോര്‍ട്സ് ഓണ്‍ കണ്‍ട്രി: കേന്ദ്രമന്ത്രി
കേരളത്തിനു കൂടുതല്‍ ചേരുന്ന പേര് സ്പോര്‍ട്സ് ഓണ്‍ കണ്‍ട്രി: കേന്ദ്രമന്ത്രി
Tuesday, September 23, 2014 11:40 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കായികരംഗത്ത് ഇന്ത്യക്കു നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ സമ്മാനിച്ച കേരളം അറിയപ്പെടേണ്ടതു സ്പോര്‍ട്സ് ഓണ്‍ കണ്‍ട്രി എന്നായിരിക്കണെമന്നു കേന്ദ്ര കായിക മന്ത്രി സര്‍വാനന്ദ് സൊനോവാള്‍. തിരുവനന്തപുരം എല്‍എന്‍സിപിയില്‍ പുതുതായി ആരംഭിക്കുന്ന നാഷണല്‍ അത്ലറ്റിക് അക്കാഡമി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദഹം.

കേരളം അറിയപ്പെടുന്നതു ഗോഡ്സ് ഓണ്‍ കണ്‍ട്രി എന്നാണ്. എന്നാല്‍, ഇന്ത്യന്‍ കായികരംഗത്തു കേരളത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഭാവി ചാമ്പ്യന്‍മാരെ വളര്‍ത്തിയെടുക്കാന്‍ ദീര്‍ഘകാല പരിശീലന ക്യാമ്പുകള്‍ പുതിയ നാഷണല്‍ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ നടത്താന്‍ സാധിക്കും. രാജ്യം കായികരംഗത്തു കൂടുതല്‍ മുന്നേറ്റം നടത്തണമെന്ന ലക്ഷ്യവുമായാണ് കായികമന്ത്രാലയം പുതിയ അക്കാഡമികള്‍ സ്ഥാപിക്കുന്നതെന്നു മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ കായികരംഗത്ത് ഏറെ നിര്‍ണായകമായ ഒരു ചുവടുവയ്പാണിത്. ദീര്‍ഘകാലത്തേക്കു കായികതാരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കായിക ഇന്ത്യക്ക് ഒട്ടനവധി സംഭാവനകള്‍ ചെയ്ത കേരളത്തില്‍ ഒരു കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടി കേന്ദ്ര കായിക മന്ത്രാലയം കൈക്കൊള്ളണനെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

നാഷണല്‍ അത്ലറ്റിക് അക്കാഡമിയില്‍ സ്പ്രിന്റ് ഇനങ്ങള്‍ക്കും ജംപ് ഇനങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്കുന്നത്. അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 5.52 കോടി രൂപ ലഭ്യമാക്കി. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 32 കോടി രൂപ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭ്യമാകുമെന്നും ചടങ്ങില്‍ പ്രസംഗിച്ച സായ് ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ പറഞ്ഞു.

എം.എ. വാഹിദ് എംഎല്‍എ, സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, മുന്‍ കായികതാരങ്ങളായ രുപീന്ദര്‍ സിംഗ്, മുസ്തഫാ ഘോഷ്, എയര്‍ മാര്‍ഷല്‍ എ.പി. ഗരുഡ്, എല്‍എന്‍സിപി പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.


പി.ടി. ഉഷയുടെ കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഒ.എം. നമ്പ്യാര്‍, ഒളിമ്പ്യന്‍ ശ്രീറാം സിംഗ് എന്നിവരെ പ്രത്യേകം ആദരിച്ചു.

മുന്‍ കായിതരാങ്ങളായിരുന്ന ഷൈനി വില്‍സണ്‍, കെ.എം. ബീനാമോള്‍, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ദേശീയ ഗെയിംസ് ഗംഭീരമാക്കൂ, കായിക സര്‍വകലാശാല പരിഗണിക്കാമെന്ന്

തിരുവനന്തപുരം: കേരളം ആതിഥേയത്വം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസ് വിജയകരമായി നടത്തിയാല്‍ സംസ്ഥാനത്ത് കായിക സര്‍വകലാശാല ആരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര കായികമന്ത്രി സര്‍വാനന്ദ് സോനോവാള്‍. തിരുവനന്തപുരം ഗോള്‍ഫ് അക്കാദമിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണു കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

നിരവധി കായികതാരങ്ങളെ ഇന്ത്യക്കു സംഭാവന ചെയ്ത സംസ്ഥാനത്തിനു ഒരു കായിക സര്‍വകലാശാല അനുവദിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. എല്‍എന്‍സിപിയില്‍ നടന്ന ചടങ്ങിലും തിരുവഞ്ചൂര്‍ ഇക്കാര്യം കേന്ദ്രമന്ത്രിക്കു മുന്നില്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം കേന്ദ്രമന്ത്രി നിലപാടറിയിച്ചത്.

ദേശീയ ഗെയിംസ് മികച്ച രീതിയില്‍ നടത്തിയാല്‍ കായികസര്‍വകലാശാല എന്ന ആവശ്യം താന്‍ നേരിട്ട് പ്രധാനമന്ത്രിയെ അറിയിക്കാമെന്നും കായികമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നു പരമാവധി സഹായം നല്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയ ഗെയിംസ് മികവുറ്റതായി നടത്തുമെന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനു മന്ത്രി തിരുവഞ്ചൂര്‍ മറുപടിയും നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.