ഏറിലും ഇടിയിലും തിരിച്ചടി
ഏറിലും ഇടിയിലും തിരിച്ചടി
Wednesday, October 1, 2014 11:43 PM IST
ഇഞ്ചിയോണ്‍: ഏറിലും ഇടിക്കൂട്ടിലും ഇന്ത്യ തിരിച്ചടി നേരിട്ടപ്പോള്‍ കൊഴിഞ്ഞത് സുവര്‍ണ സ്വപ്നങ്ങള്‍. തിരിച്ചടികള്‍ക്കിടയിലും പെണ്‍ കരുത്തിന്റെ പ്രതീകമായി ഇടിച്ചുകയറിയ മേരികോം വനിതകളുടെ ഫ്ളൈവെയ്റ്റ് ബോക്സിംഗ് ഫൈനലില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം ഡിസ്കസ്ത്രോയില്‍ സുവര്‍ണ പ്രതീക്ഷയുമായി ഫീല്‍ഡിലെത്തിയ വികാസ് ഗൌഡയ്ക്കു വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നത് ഇന്ത്യക്കു കനത്ത പ്രഹരമായി. ഇടിക്കൂട്ടിലാകട്ടെ പക്ഷപാതപരമായി റഫറി തീരുമാനമെടുത്തപ്പോള്‍ മുന്‍ ചാമ്പ്യനായ സരിത ദേവി കണ്ണീരോടെ സെമിയില്‍ പുറത്ത്.

ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കാണ് സരിത ദേവിയെ സെമിയില്‍ മറികടന്നത്. അതോടെ വനിതകളുടെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഒരു സ്വര്‍ണം എന്ന ഇന്ത്യന്‍ പ്രതീക്ഷ അസ്ഥാനത്തായി. എന്നാല്‍, ഒരു വ്യാഴവട്ടത്തിനുശേഷം ഹോക്കിയില്‍ പുരുഷന്മാര്‍ ഫൈനലില്‍ പ്രവേശിച്ചതും സെയ്ലിംഗ് വനിതാ വിഭാഗത്തില്‍ ഐശ്വര്യ-വര്‍ഷ കൂട്ടുകെട്ട് വെങ്കലം നേടിയതും ആശ്വാസം പകര്‍ന്നു. ആറു സ്വര്‍ണവും എട്ടു വെള്ളിയും 32 വെങ്കലവുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ പത്താമതാണ്. 123 സ്വര്‍ണമടക്കം 262 മെഡലുകളുള്ള ചൈനയാണ് ചാമ്പ്യന്‍ഷിപ്പിന്റെ തലപ്പത്ത്. 54 സ്വര്‍ണവും 53 വെള്ളിയും 60 വെങ്കലവുമുള്ള ആതിഥേയരായ ദക്ഷിണ കൊറിയ രണ്ടാമതുണ്ട്. ജപ്പാന്‍, കസാക്കിസ്ഥാന്‍, ഇറാന്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

വികാസ് ഗൌഡയുടെ വെള്ളി, സെയ്ലിംഗില്‍ വര്‍ഷ-അശ്വിനി സഖ്യങ്ങളുടെയും, വനിതകളുടെ ബോക്സിംഗില്‍ സെമിയില്‍ പരാജയപ്പെട്ട സരിത ദേവി, പൂജ റാണി എന്നിവരുടെയും വെങ്കലവുമാണ് ഇന്നലെ ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങള്‍.

വെള്ളിയിലൊതുങ്ങിയ ഇന്ത്യന്‍ പ്രതീക്ഷ; ഹദാദിക്ക് ഹാട്രിക്

വികസ് ഗൌഡ ഡിസ്കസ് ത്രോയ്ക്ക് ഇറങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചത് ഒരു സ്വര്‍ണം. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതിനു ശേഷമാണ് വികാസ് ഇഞ്ചിയോണില്‍ എത്തിയതെന്നത് പ്രതീക്ഷ വാനോളമെത്തിച്ചു. ഇറാന്റെ എഹ്സാന്‍ ഹദാദി തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടിയപ്പോള്‍ ഇന്ത്യന്‍ താരത്തിനു വെള്ളി. പ്രതീക്ഷിച്ചതു സ്വര്‍ണമാണെങ്കിലും വെള്ളി നേട്ടത്തിനും തിളക്കമേറെ. 2006ല്‍ ദോഹയിലും 2010ല്‍ ഗ്വാങ്ഷുവിലും വികാസ് ഗൌഡയ്ക്കു വെങ്കലം മാത്രമായിരുന്നു ലഭിച്ചത്. അന്നെല്ലാം ഹദാദിയായിരുന്നു സ്വര്‍ണ ജേതാവ്. എന്നാല്‍, ഹദാദി ഈ സീസണില്‍ മികച്ച ഫോമിലായിരുന്നില്ല. വികാസ് ഗൌഡയാകട്ടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ തിളക്കത്തിലും. 65.11 മീറ്റര്‍ ദൂരം ഡിസ്കസ് പായിച്ചാണ് ഹദാദി സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ റിക്കാര്‍ഡ് നേട്ടക്കാരനാണ് ഇറാന്‍ താരം.


62.58 മീറ്ററുമായി വികാസ് വെള്ളി നേടി. മൂന്നാം ശ്രമത്തിലാണ് വികാസ് ഗൌഡ 62.58 മീറ്റര്‍ കണ്െടത്തിയത്. അവസാന മൂന്നു ശ്രമങ്ങള്‍ ഫൌള്‍ ആകുകയും ചെയ്തു. സീസണില്‍ ഇന്ത്യന്‍ താരത്തിന്റെ മികച്ച ദൂരം 65.62 മീറ്റര്‍ ആണ്. അതിന്റെ അടുത്തെത്താന്‍പോലും ഇന്നലെ അദ്ദേഹത്തിനു സാധിച്ചില്ല.

സജീഷ് ജോസഫ്, ടിന്റു ലൂക്ക ഫൈനലില്‍

ട്രാക്കില്‍ മലയാളി താരങ്ങളുടെ മികവാണു കണ്ടത്. 800 മീറ്ററില്‍ വനിതാ വിഭാഗത്തില്‍ ടിന്റു ലൂക്കയും പുരുഷ വിഭാഗത്തില്‍ സജീഷ് ജോസഫും ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ ഹീറ്റ്സില്‍ ഒന്നാമതെത്തിയാണ് ടിന്റു ഫൈനലിലേക്കു ചുവടുവച്ചത്. മികച്ച മൂന്നാം സ്ഥാനക്കാരിയായി സുഷമ ദേവിയും ഫൈനലില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഹീറ്റ്സില്‍ മികച്ച മൂന്നാം സ്ഥാനക്കാരനായാണ് സജീഷ് ജോസഫ് ഫൈനലിലെത്തിയത്.

അതേസമയം, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സില്‍ മലയാളി താരം ജോസഫ് ജി. ഏബ്രഹാമിനു മൂന്നാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

2010ല്‍ ജോസഫ് ആയിരുന്നു സ്വര്‍ണ ജേതാവ്. അതേസമയം, മറ്റൊരു മലയാളി താരം ജിതിന്‍ പോള്‍ രണ്ടാം സ്ഥാനത്തോടെ അടുത്ത റൌണ്ടിലേക്കു മുന്നേറി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2010 ചാമ്പ്യനായ ഇന്ത്യയുടെ അശ്വിനി അകുഞ്ജി ആദ്യ ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്തോടെ അടുത്ത റൌണ്ടില്‍ കടന്നു.

പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയുമായി ട്രാക്കിലെത്തിയ സിദ്ധാര്‍ഥ് തിങ്കലായയ്ക്ക് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. വനിതകളുടെ 200 മീറ്ററില്‍ ആഷ റോയിക്ക് ഫൈനലില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല.

മെഡല്‍ നില

സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ എന്ന ക്രമത്തില്‍

1. ചൈന 126 80 62 268
2. ദക്ഷിണ കൊറിയ 54 55 61 170
3. ജപ്പാന്‍ 37 54 55 146
4. കസാക്കിസ്ഥാന്‍ 15 16 25 56
5. ഇറാന്‍ 14 11 10 35
10. ഇന്ത്യ 6 8 32 46
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.