വീരോചിതം എംഎസ്പി
വീരോചിതം എംഎസ്പി
Tuesday, October 21, 2014 11:09 PM IST
വി. മനോജ്

മലപ്പുറം: വീരോചിതം ഈ തോല്‍വി. പരിമിതമായ സൌകര്യങ്ങളില്‍ കളിപഠിച്ചൊരു ടീം ലോകഫുട്ബോളിലെ വമ്പന്‍മാരായ ബ്രസീലിലെ അക്കാഡമി ടീമായ സെന്റ് ആന്റണി എസ്റാദലിനോടു അവസാന നിമിഷംവരെ ഇഞ്ചോടിഞ്ചു പോരാടി സഡന്‍ ഡെത്തില്‍ തോല്‍വി വഴങ്ങിയ മലപ്പുറം എംഎസ്പിയുടെ പ്രകടനത്തെ ഇങ്ങനെ കാണാനേ കഴിയൂ. അതേ, സുബ്രതോ കപ്പ് ഫൈനലില്‍ രണ്ടുവര്‍ഷത്തിനിടെ മലപ്പുറം എംഎസ്പി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫൈനലില്‍ വീണ്ടും വീണു.

ഡല്‍ഹി അംബേദ്കര്‍ സ്റേഡിയത്തില്‍ കണ്ണീരോടെ വിടവാങ്ങാനായിരുന്നു ഇക്കുറിയും മലപ്പുറത്തിന്റെ നിയോഗം. എങ്കിലും അഭിമാനത്തോടെയാണ് അവര്‍ മടങ്ങുന്നത്. രണ്ടു ഗോള്‍ ലീഡ് നേടിയ എംഎസ്പിക്കെതിരേ അവസാന നിമിഷം പരാജയത്തില്‍നിന്നു കരകയറിയ ബ്രസീല്‍ ഒടുവില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. നിര്‍ഭാഗ്യകരമെന്നേ ഈ തോല്‍വിയെക്കുറിച്ചു പറയാനാകൂ. എങ്കിലും സങ്കടമില്ല, സാക്ഷാല്‍ നെയ്മറുടെ ഇളമുറക്കാരോടാണ് തോല്‍വിയേറ്റതെന്നു തലയുയര്‍ത്തി മലപ്പുറം വിളിച്ചുപറയുന്നു.

നിശ്ചിത സമയത്തു രണ്ടു ഗോള്‍വീതം നേടി സമനില പാലിച്ച ഇരുടീമും അധികസമയത്തും ഗോളിനായി പോരാടിയെങ്കിലും സ്കോര്‍ പട്ടിക അനങ്ങിയില്ല. ഒടുവില്‍ ഷൂട്ടൌട്ടിലും തുല്യം. അഞ്ചില്‍ ഓരോ കിക്ക് പാഴാക്കി നാലുഗോള്‍വീതം നേടി ഇരുടീമും സഡന്‍ഡെത്തിലേക്ക്.

നിര്‍ണായക കിക്ക് ബ്രസീല്‍താരം ഗോളാക്കിയപ്പോള്‍ എംഎസ്പിയുടെ കിക്ക് ബ്രസീല്‍ ഗോളി തട്ടിയകറ്റിയതോടെ സുബ്രതോ കപ്പ് ബ്രസീലിലെ റിയോഡി ഷാനെറോയില്‍ നിന്നുള്ള സെന്റ് ആന്റണി എസ്റാദല്‍ സ്കൂളിന്.

ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ക്ളബ്ബായ ഫ്ളൂമിനന്‍സിന്റെ യൂത്ത് അക്കാഡമി താരങ്ങളായിരുന്നു എംഎസ്പിക്കെതിരേ പന്തു തട്ടിയത്. ശാരീരമികവും സാങ്കേതിക തികവും ഒത്തിണങ്ങിയ ടീം.

പ്രഫഷണല്‍ മികവിനു ചങ്കൂറ്റം കൊണ്ടു മറുപടി

നിശ്ചിതസമയത്തെ കളി ആവേശഭരിതം. ഒരുവശത്ത് ബ്രസീല്‍ പ്രഫഷണല്‍ ഫുട്ബോളിന്റെ സുന്ദരഭാവങ്ങള്‍ കാണിച്ചു തന്നപ്പോള്‍ ബ്രിട്ടീഷുകാരോടേറ്റുമുട്ടി കളി അഭ്യസിച്ച പാരമ്പര്യമുള്ള മലപ്പുറം ചങ്കുറപ്പുള്ള കളി കെട്ടഴിച്ചു ബ്രസീലിനെ ചെറുത്തു. ശാരീരികശേഷിയും ഉയരക്കൂടുതലുമുള്ള ബ്രസീലിനെതിരേ 4-4-2 രീതിയിലാണ് മലപ്പുറം നേരിട്ടത്. ബ്രസീലിനെ ഒന്നിച്ച് ആക്രമിക്കുകയും പന്തുകിട്ടുമ്പോള്‍ അതേ പോലെ പ്രതിരോധിക്കുകയും ചെയ്താണ് മലപ്പുറത്തിന്റെ ചുണക്കുട്ടികള്‍ കരുത്തുകാട്ടിയത്. കളിയിലുടനീളം ഈ രീതി നടപ്പാക്കാന്‍ കഴിഞ്ഞതുമൂലാണ് ബ്രസീലിന്റെ ഗോള്‍മഴ അകന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ എതിരാളികള്‍ക്കെതിരേ പത്തും പതിനഞ്ചും ഗോളുകള്‍ നേടി കുതിപ്പു നടത്തിയ ബ്രസീലിനു പക്ഷേ, മലപ്പുറത്തിനെതിരേ ഈ മികവു പുറത്തെടുക്കാനായില്ല. ബ്രസീലിന്റെ ആക്രമണങ്ങളെ ആദ്യനിമിഷം തന്നെ തടയാന്‍ കഴിഞ്ഞതാണ് അവര്‍ക്കു വിനയായത്. വീണുകിട്ടുന്ന അവസരങ്ങളില്‍ മുന്നേറിയ മലപ്പുറം തുടക്കത്തില്‍ ഗോള്‍നേടി. സ്ട്രൈക്കര്‍ മാഹിന്‍ പി. ഹുസൈനാണ് ഗോള്‍ നേടിയത്. പ്രതിരോധനിരയില്‍ നിന്ന് അഭിജിത് നീട്ടി നല്‍കിയ പന്ത് ബ്രസീല്‍ പ്രതിരോധം കണക്ടു ചെയ്യുന്നതില്‍ വന്ന പിഴവിലൂടെയാണ് മാഹിന്‍ ബ്രസീലിന്റെ വല യില്‍ നിറയൊഴിച്ചത്. മലപ്പുറം ഒന്നാകെ ഇളകിമറിഞ്ഞ നിമിഷം.

സൂപ്പര്‍ ഗോളി സുജിത്

മലപ്പുറത്തിനെതിരേ സമ്പൂര്‍ണ ആധിപത്യമുണ്ടായിട്ടും ബ്രസീലിനു വിലങ്ങുതടിയായത് മലപ്പുറത്തിന്റെ ഗോള്‍കീപ്പര്‍ സുജിത്തായിരുന്നു. എംഎസ്പി പ്രതിരോധത്തെ പലതവണ ബ്രസീല്‍ കീഴ്പ്പെടുത്തിയിട്ടും നിശ്ചിത സമയത്ത് കൂടുതല്‍ ഗോള്‍ കണ്െടത്താന്‍ കഴിയാതിരുന്നത് സുജിത്തിന്റെ മികവായിരുന്നു. ഗോളാകുമായിരുന്ന നിരവധി അവസരങ്ങളാണ് ചാടിയും കിടന്നും സുജിത് കൈപിടിയിലൊതുക്കിയത്. അവസാനനിമിഷം ബ്രസീല്‍ താരങ്ങള്‍ സുജിത്തിന്റെ മികവിനു മുന്നില്‍ നിരാശരാകുന്നതും കണ്ടു.


നിശ്ചിതസമയത്ത് ബ്രസീല്‍ നേടിയ സമനില ഗോളുകള്‍ ആകട്ടെ സുജിത്തിന്റെ പിഴവുകൊണ്ടുമല്ല. രണ്ടാംപകുതിയില്‍ മലപ്പുറത്തിന്റെ മുന്‍നിരക്കാരന്‍ ഗനി അഹമ്മദ് നിഗാം നേടിയ ഗോളിനു പിറകെയായായിരുന്നു ബ്രസീല്‍ ഒരു ഗോള്‍ മടക്കിയത്. ഏതാണ്ട് മൈതാനമധ്യത്തു നിന്നു നിഗാം പായിച്ച പന്ത് ബ്രസീല്‍ ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയില്‍ പതിക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡ് തെളിഞ്ഞു; (കേരളം 2- ബ്രസീല്‍-0). എന്നാല്‍, ഈ ലീഡ് അധികനേരം നീണ്ടുനിന്നില്ല. പ്രത്യാക്രമണത്തിലൂടെ ബ്രസീല്‍ ഒരു ഗോള്‍മടക്കി. മലപ്പുറം പോസ്റില്‍ തട്ടിത്തിരിഞ്ഞെത്തിയ പന്ത് ഗോള്‍കീപ്പര്‍ സുജിത് തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ച ബ്രസീല്‍ താരം പോസ്റിലേക്കു തൊടുത്തുവിട്ടു. (2-1). സമനിലയ്ക്കായി ബ്രസീല്‍ നിരന്തരം മലപ്പുറം ഗോള്‍മുഖത്തേക്ക്.

ഇളകാത്ത പ്രതിരോധം

ഓരോ ടീമിനോടും വ്യത്യസ്ത ശൈലിയിലാണ് ഇക്കുറി മലപ്പുറം കളിച്ചത്. ശക്തരായ ടീമിനോടു പ്രതിരോധം കടുത്തതാക്കി ഏറ്റുമുട്ടിയാണ് എംഎസ്പി ഇതുവരെ ജയിച്ചതെങ്കിലും ബ്രസീലിനെതിരേയും ഈ പദ്ധതി തന്നെയായിരുന്നു. ഇ.എം. അഭിജിത്, എസ്. രാഖില്‍, സുനില്‍ സോളമന്‍, മുഹമ്മദ് ഷാനിബ് എന്നിവര്‍ പാറപോലെ ഉറച്ചു നിന്നപ്പോള്‍ ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിഞ്ഞു. ഇതോടെ അവസാന നിമിഷം പരുക്കന്‍ അടവുകളിലേക്കു ബ്രസീല്‍ പോകുന്നതും കാണാമായിരുന്നു. ബ്രസീലിന്റെ സുന്ദരനീക്കങ്ങള്‍ തടയുന്നതില്‍ ഈ പ്രതിരോധക്കാര്‍ വിജയിച്ചു. ഇവരെ സഹായിക്കാന്‍ മധ്യനിരയും ഇറങ്ങിവന്നതോടെ ഗോള്‍ കണ്െടത്താനാകാതെ ബ്രസീല്‍ വിഷമിച്ചു. അവസാന നിമിഷം കൂട്ടപ്പൊരിച്ചില്‍. ഒന്നിനെതിരേ രണ്ടു ഗോളിനു മലപ്പുറം വിജയിച്ചുവെന്നു കരുതിയ നിമിഷങ്ങള്‍ക്കൊടുവിലാണ് ബ്രസീലിന്റെ സാങ്കേതിക മികവ് വ്യക്തമായ ഗോള്‍ വന്നത്. അതുവരെ പിടിച്ചുനിന്ന മലപ്പുറത്തിന്റെ പ്രതിരോധം അല്‍പ്പം ക്ഷീണിച്ചപ്പോള്‍ കോര്‍ണറില്‍ നിന്നു യര്‍ന്നവന്ന പന്തിനു തലവച്ച് ബ്രസീല്‍താരം സമനില ഗോള്‍നേടി. (2-2). ജയം മലപ്പുറം കൈവിട്ട നിമിഷം. ഉടനെ വന്നു വിസില്‍. ബ്രസീലിനെതിരേ ഉജ്വല വിജയം പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശയും സങ്കടവും. ഒടുവില്‍ എക്സ്ട്രാ ടൈം.

വിധിയെഴുത്ത്

നിശ്ചിത സമയം കഴിഞ്ഞു ഗോളിനായി വീണ്ടുമൊരു അങ്കം. അവസാനനിമിഷം വരെ ബ്രസീല്‍ ആധ്യപത്യത്തിനായി ശ്രമിക്കുമ്പോള്‍ വിട്ടുകൊടുക്കാന്‍ തയാറാകാതെ മലപ്പുറം പോരാടുന്നു. എന്നാല്‍ സ്കോര്‍ ബോര്‍ഡ് അനക്കാന്‍ ഇരുകൂട്ടര്‍ക്കും ആയില്ല. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൌട്ട്. മലപ്പുറത്തിന്റെ അഭിജിത്, അരുണ്‍സുരേഷ്, വിഷ്ണു മനോജ്, സുഹൈല്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഗനി അഹമ്മദ് നിഗാമിന്റെ അടി പോസ്റില്‍ തട്ടിയകന്നു.

ബ്രസീലിന്റെ അഞ്ചില്‍ നാലും ഗോളായപ്പോള്‍ ഒരു കിക്ക് ഗോളി സുജിത് തട്ടിയകറ്റി. തുടര്‍ന്നു സഡന്‍ഡെത്ത്. ആദ്യകിക്കെടുത്ത ബ്രസീല്‍താരം ഗോള്‍ കണ്െടത്തിയപ്പോള്‍ മലപ്പുറത്തിന്റെ എ.ജെ ജോണസിന്റെ കിക്ക് ലക്ഷ്യം കണ്ടില്ല. അടുത്ത നിമിഷം ബ്രസീല്‍ താരങ്ങളുടെ ആഹ്ളാദത്തിമര്‍പ്പ്. മലപ്പുറത്തിനു വീണ്ടും രണ്ടാംസ്ഥാനം. എങ്കിലും അഭിമാനത്തോടെ മലപ്പുറം മടങ്ങുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.