യുവേഫ ചാമ്പ്യന്‍സ് ലീഗ് തുടരുന്നു; റയല്‍ ഇന്നു ലിവര്‍പൂളിനെതിരേ
Wednesday, October 22, 2014 11:42 PM IST
ലണ്ടന്‍: യൂറോപ്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് ദീപാവലി രാവ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ്ഘട്ട പോരാട്ടത്തില്‍ ഇന്ന് സ്പാനിഷ് വമ്പനായ റയല്‍ മാഡ്രിഡും ഇംഗ്ളീഷ് ഗ്ളാമര്‍ ടീമായ ലിവര്‍പൂളും കൊമ്പുകോര്‍ക്കും. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് മത്സരം. ആഴ്സണല്‍, അത്ലറ്റിക്കോ മാഡ്രിഡ്, യുവന്റസ്, ഡോര്‍ട്ട്മുണ്ട് തുടങ്ങിയവയും ഈ ദീപാവലി രാത്രിയില്‍ ആവേശപ്പൂത്തിരി കത്തിക്കും.

ലിവര്‍പൂള്‍-റയല്‍ മാഡ്രിഡ് കൊമ്പുകോര്‍ക്കലാണ് ഇന്നത്തെ ഹെവിവെയ്റ്റ് പോരാട്ടം. എന്നാല്‍, ഇരു ടീമുകളും തങ്ങളുടെ പ്രമുഖ താരങ്ങളുടെ അഭാവത്തിലാവും കളത്തിലെത്തുക. പരിക്കേറ്റു വിശ്രമത്തിലുള്ള ഡാനിയേല്‍ സ്റുറിഡ്ജ് ലിവര്‍പൂള്‍ നിരയിലും ഗാരെത് ബെയ്ല്‍ റയല്‍ കുപ്പായത്തിലും ഇന്നിറങ്ങില്ല. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡിലേക്ക് രണ്ടു ഗോളിള്‍ മാത്രം പിന്നിലുള്ള ക്രിസ്റ്യാനോ റൊണാള്‍ഡോ ആന്‍ഫീല്‍ഡില്‍ ലക്ഷ്യം കാണുമോയെന്നും ആരാധകര്‍ കാത്തിരിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ടത്തില്‍ 71 ഗോള്‍ നേടിയ മുന്‍ റയല്‍ താരം റൌള്‍ ഗോണ്‍സാലെസിന്റെ റിക്കാര്‍ഡാണ് ക്രിസ്റ്യാനോയ്ക്ക് കൈയെത്തും ദൂരത്തുള്ളത്. ഗ്രൂപ്പ് ബിയില്‍ രണ്ടു മത്സരങ്ങളിലും റയലിനുവേണ്ടി പോര്‍ച്ചുഗീസ് താരം ഗോള്‍ നേടിയിരുന്നു. എന്നാല്‍, ആന്‍ഫീല്‍ഡില്‍ ഇതുവരെ ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്കു സാധിച്ചിട്ടില്ല. മാഞ്ചസ്ററിനുവേണ്ടി അഞ്ചു പ്രാവശ്യം ആന്‍ഫീല്‍ഡില്‍ ഇറങ്ങിയെങ്കിലും പോര്‍ച്ചുഗല്‍ താരത്തെ ഗോള്‍ഭാഗ്യം തുണച്ചില്ല. 2003-2009 കാലഘട്ടത്തില്‍ യുണൈറ്റഡിലായിരിക്കുമ്പോള്‍ ഒമ്പതു കളികളില്‍ ചെമ്പടയ്ക്കെതിരേ രണ്ടു പ്രാവശ്യം മാത്രം വലകുലുക്കാനേ പറങ്കി താരത്തിനു സാധിച്ചുള്ളൂ.


ശനിയാഴ്ച സ്പാനിഷ് ലീഗ് പോരാട്ടത്തിനിടെ മസിലിനു പരിക്കേറ്റതാണ് ഗരെത് ബെയ്ലിന്റെ അഭാവത്തിനു കാരണം. അഞ്ച് ആഴ്ചയായി വിശ്രമത്തിലുള്ള ഡാനിയേല്‍ സ്റുറിഡ്ജിനു പകരം മരിയോ ബലോട്ടെല്ലിയുടെ ബൂട്ടുകളിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ. എന്നാല്‍, ബലോട്ടെല്ലിയുടെ മോശം ഫോം ടീമിനു തലവേദനയാണ്. ഇറ്റാലിയന്‍ ക്ളബ് എസി മിലാനില്‍നിന്ന് ലിവര്‍പൂളിലെത്തിയശേഷം ഒമ്പതു മത്സരങ്ങളില്‍ മൈതാനത്തെത്തിയ ബലോട്ടെല്ലി ഒരു തവണ മാത്രമാണ് എതിര്‍വല ചലിപ്പിച്ചത്. ഇരു ടീമുകളും മുമ്പ് ഏറ്റുമുട്ടിയ മൂന്നു തവണയും ലിവര്‍പൂളിനായിരുന്നു വിജയം. ഗ്രൂപ്പ് ബിയില്‍ എഫ്സി ബാസലിനെതിരേ പരാജയപ്പെട്ട ലിവര്‍പൂളിന് നോക്കൌട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്നു ജയം അനിവാര്യം. അതേസമയം, മൂന്നാം ജയം തേടിയാണ് റയല്‍ കളത്തിലെത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എഫ്സി ബാസല്‍ ലുഡൊഗൊറെറ്റ്സുമായി കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എയില്‍ അത്ലറ്റിക്കോ മാഡ്രിഡ് മല്‍മൊയുമായും ഒളിമ്പിയാകസ് യുവന്റസുമായും ഏറ്റുമുട്ടും. നാലു ടീമുകള്‍ക്കും രണ്ടു മത്സരങ്ങളില്‍നിന്ന് മൂന്നു പോയിന്റ് വീതമുണ്ട്. ഗ്രൂപ്പ് സിയില്‍ എഫ്സി മൊണാക്കോ എസ്എല്‍ ബെന്‍ഫിക്കയുമായും സെനിറ്റ് ലെവര്‍കൂസനുമായും കൊമ്പുകോര്‍ക്കും. നാലു പോയിന്റ് വീതമുള്ള മൊണാക്കോയും സെനിറ്റുമാണ് ഗ്രൂപ്പിന്റെ തലപ്പത്ത്. ഗ്രൂപ്പ് ഡിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഗലറ്റ്സറെയ്ക്കെതിരേ ഇറങ്ങുമ്പോള്‍ ആഴ്സണല്‍ എവേ മത്സരത്തില്‍ ആന്‍ഡെര്‍ലെഷ്റ്റുമായി മത്സരിക്കും. ഡോട്ട്മുണ്ടിന് ആറും ആഴ്സണലിന് മൂന്നും പോയിന്റ് വീതമുണ്ട്. ഇവരാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.