ദേശീയ ഗെയിംസോടെ ലക്ഷ്യമിടുന്നതു കായികമേഖലയിലെ വലിയ മുന്നേറ്റം: ഉമ്മന്‍ ചാണ്ടി
ദേശീയ ഗെയിംസോടെ ലക്ഷ്യമിടുന്നതു കായികമേഖലയിലെ വലിയ മുന്നേറ്റം: ഉമ്മന്‍ ചാണ്ടി
Wednesday, October 22, 2014 11:44 PM IST
തിരുവനന്തപുരം: ദേശീയ ഗെയിംസോടെ സംസ്ഥാനം പ്രതീക്ഷിക്കുന്നതു മത്സരംഗത്തും കായികമേഖലയുടെ അടിസ്ഥാന തലങ്ങളിലുമുള്ള വലിയ മുന്നേറ്റങ്ങളാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഷ്യന്‍ ഗെയിംസ് ജേതാക്കളെയും അര്‍ജുന അവാര്‍ഡ് ജേതാക്കളെയും അനുമോദിക്കുന്നതിനായി ചേര്‍ന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളിലെ താരങ്ങള്‍ക്കു ലഭിക്കുന്ന സൌകര്യങ്ങളുടെ നാലിലൊന്നുപോലും നമ്മുടെ താരങ്ങള്‍ക്കു ലഭിക്കുന്നില്ല. ഇപ്പോള്‍ കായികതാരങ്ങള്‍ നേടുന്ന മെഡലുകളിലേറെയും പരിമിതമായ സൌകര്യങ്ങളില്‍ നിന്നു കഠിനാധ്വാനത്തിന്റെ ഫലമായുള്ളതാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന് ഒരു സ്പോര്‍ട്സ് സര്‍വകലാശാലയെന്ന ലക്ഷ്യം നേടിയെടുക്കുക സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച രീതിയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചാല്‍ അതിനപ്പുറമുള്ള നേട്ടങ്ങളും നമുക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പോര്‍ട്സ് മേഖലയില്‍ നല്ല പുരോഗതി ആവശ്യമാണെന്നു മറുപടി പ്രസംഗം നടത്തിയ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവും ഇന്ത്യന്‍ ടീമിലെ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് പറഞ്ഞു. കായികതാരത്തിനു പരിക്കേറ്റാല്‍ വേണ്ട ചികിത്സ ലഭിക്കുന്നതിനുള്ള സ്പോര്‍ട്സ് മെഡിക്കല്‍ സെന്ററുകളുടെ അപര്യാപ്തത നമുക്ക് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതിനു മാറ്റം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും ശ്രീജേഷ് പറഞ്ഞു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളായ ടിന്റു ലൂക്കയ്ക്ക് 25 ലക്ഷം രൂപയും ദീപിക പള്ളിക്കല്‍ (17.5 ലക്ഷം) ശ്രീജേഷ് (15 ലക്ഷം), പി.യു. റോബിന്‍ (7.5 ലക്ഷം), ഒ.പി. ജെയ്ഷ (7.5 ലക്ഷം), പി.സി. തുളസി (7.5 ലക്ഷം) എന്നിങ്ങനെ പാരിതോഷികം മുഖ്യമന്ത്രി വിതരണം ചെയ്തു.


അര്‍ജുന അവാര്‍ഡ് ജേതാക്കളായ ടോം ജോസഫ്, ഗീതു അന്ന ജോസ്, സജി തോമസ്, വി. ദിജു, ടിന്റു ലൂക്ക എന്നിവരെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ് പൊന്നാട അണിയിച്ച് ആദരിച്ചു. കായിക പരിശീലകരായ പി.ടി. ഉഷ, ഉദയകുമാര്‍, പി. രാധാകൃഷ്ണന്‍, ഇ. ഭാസ്കരന്‍ എന്നിവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികം നല്കി. കായിക പരിശീലകരായ എസ്. പ്രദീപ്കുമാര്‍, ജനില്‍ കൃഷ്ണന്‍, ബാബു ജോണ്‍ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.