യൂറോപ്പില്‍ ഗോള്‍ മഴ
യൂറോപ്പില്‍ ഗോള്‍ മഴ
Thursday, October 23, 2014 10:42 PM IST
ലണ്ടന്‍/ബാഴ്സലോണ/റോം: കേരളത്തില്‍ കാലവര്‍ഷം തകര്‍ക്കുമ്പോള്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ രാവില്‍ പെയ്തിറങ്ങിയതു ഗോള്‍ മഴ. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ്ഘട്ട പോരാട്ടത്തില്‍ എട്ടു മത്സരങ്ങളില്‍നിന്നു ബുധനാഴ്ച പുലര്‍ച്ചെ പിറന്നത് 40 ഗോളുകള്‍. ശരാശരി ഒരു കളിയില്‍ അഞ്ചു ഗോള്‍ വീതം. ശരാശരി അഞ്ചാണെങ്കിലും ബയേണ്‍ മ്യൂണിക്ക്, ഷാക്തര്‍ എന്നിവ എതിരാളിയുടെ വലയില്‍ നിക്ഷേപിച്ചത് ഏഴു ഗോള്‍ വീതം. ചെല്‍സിയാകട്ടെ ആറെണ്ണവും. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ഒരു രാത്രിയില്‍ത്തന്നെ ഇത്രയും ഗോളുകള്‍ പിറക്കുന്നതും ചരിത്രത്തിലാദ്യം.

എഎസ് റോമയെ 7-1നു അവരുടെ തട്ടകത്തില്‍ തകര്‍ത്ത ബയേണ്‍ മ്യൂണിക്കും മരിബറിനെ സ്വന്തം മൈതാനത്ത് 6-0നു കീഴടക്കി ചെല്‍സിയും, ബെയ്റ്റിനെ എവേ പോരാട്ടത്തില്‍ 7-0നു തകര്‍ത്ത ഷാക്തറും ചേര്‍ന്ന് എതിര്‍വലയില്‍ നിക്ഷേപിച്ചത് 20 ഗോളുകള്‍!

യുക്രെയ്ന്‍ ക്ളബ് ഷാക്തറിനായി ബ്രസീല്‍ താരം ലൂയിസ് അഡ്രിയാനോ അഞ്ചു പ്രാവശ്യം ഗോള്‍ വല കുലുക്കി. 28(പെനാല്‍റ്റി), 37, 40, 44, 82 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ബ്രസീല്‍ താരത്തിന്റെ ഗോളുകള്‍. ആദ്യ പകുതിയില്‍ത്തന്നെ നാലു പ്രാവശ്യം ചാമ്പ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ താരമെന്ന നേട്ടത്തിനൊപ്പം ലൂയിസ് ആഡ്രിയാനോയുടെ പേരെഴുതപ്പെട്ടു. 17 മിനിറ്റിനുള്ളിലാണ് അഡ്രിയാനോയുടെ നാലു ഗോളുകളും പിറന്നത്. അതോടെ ഏറ്റവും വേഗത്തില്‍ നാലു ഗോള്‍ നേട്ടമെന്ന റിക്കാര്‍ഡും ബ്രസീല്‍ താരം സ്വന്തമാക്കി. 82-ാം മിനിറ്റിലെ പെനാല്‍റ്റി ഗോള്‍ കൂടിയായതോടെ അഡ്രിയാനോ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചു ഗോള്‍ നേട്ടമെന്ന ലയണല്‍ മെസിയുടെ റിക്കാര്‍ഡിനൊപ്പവുമെത്തി. അലക്സ് തെയ്സേറിയ (11), ഡോഗ്ളസ് കോസ്റ (35) എന്നിവരാണ് ബെയ്റ്റ് ബൊറിസോവിനെതിരേ ഷാക്തര്‍ ഡോണെസ്കിന്റെ മറ്റു ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു പോരാട്ടത്തില്‍ എഫ്സി പോര്‍ട്ടോ 2-1ന് അത്ലറ്റികിനെ കീഴടക്കി. ഏഴു പോയിന്റുമായി പോര്‍ട്ടോയും അഞ്ചു പോയിന്റുമായി ഷാക്തറുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ലയണല്‍ മെസിയും നെയ്മറും ഗോള്‍ നേടിയ മത്സരത്തില്‍ ബാഴ്സലോണ സ്വന്തം കാണികള്‍ക്കു മുന്നില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ 3-1നു പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗില്‍ 69 ഗോളെന്ന നേട്ടത്തില്‍ ലയണല്‍ മെസി ഇതോടെ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പമെത്തി. 71 ഗോള്‍ നേടിയ റൌള്‍ ഗോണ്‍സാലസിന്റെ പേരിലാണ് ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ്. ഏഴാം മിനിറ്റില്‍ നെയ്മറിലൂടെ മുന്നിലെത്തിയ ബാഴ്സയ്ക്കായി 24-ാം മിനിറ്റില്‍ മെസിയും ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സാന്‍ഡ്രൊ റാമിറസും ഗോള്‍ നേടി. എല്‍ ഖാസിയുടെ (88) വകയായിരുന്നു അയാക്സിന്റെ ഏക ഗോള്‍. ഗ്രൂപ്പ് എഫിലെ രണ്ടാം പോരാട്ടത്തില്‍ പിഎസ്ജി 1-0നു ഏപല്‍ നികോസിയയെ കീഴടക്കി. 87-ാം മിനിറ്റില്‍ എഡിസന്‍ കവാനിയുടെ ഗോളാണ് ഫ്രഞ്ച് ക്ളബിനു ജയം സമ്മാനിച്ചത്. പിഎസ്ജിക്ക് ഏഴും ബാഴ്സയ്ക്ക് ആറും പോയിന്റാണുള്ളത്.


ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയമെന്ന റിക്കാര്‍ഡോടെയാണ് ചെല്‍സി സ്വന്തം കാണികള്‍ക്കു മുന്നില്‍ മരിബറിനെ 6-0നു കശക്കിയെറിഞ്ഞത്. റെമി (13) തുടങ്ങിയ ഗോള്‍ നേട്ടം ദിദിയെ ദ്രോഗ്ബെ (23 പെനാല്‍റ്റി) വഴി ജോണ്‍ ടെറിയും (31), എഡിന്‍ ഹസാഡും (77 പെനാല്‍റ്റി, 90) ചേര്‍ന്നു പൂര്‍ത്തിയാക്കി. അതിനിടെ മിത്ജ വിലറിന്റെ (54) സെല്‍ഫ് ഗോളും ചെല്‍സിയുടെ അക്കൌണ്ടിലെത്തി.

ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ എഫ്സി ഷാല്‍കെ 4-3നു പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ടിംഗിനെ കീഴടക്കി. ഏഴു ഗോള്‍ പിറന്ന മത്സരത്തില്‍ ചിനേഡു ഒബാസി (34), യാന്‍ ഹണ്ട്ലാര്‍ (50), ബെനെഡിക്റ്റ് ഹൌഡെസ് (60), മാക്സിം ചോപോ മോട്ടിംഗ് (90+3 പെനാല്‍റ്റി) എന്നിവര്‍ ജര്‍മന്‍ ക്ളബ്ബായ ഷാല്‍കെയ്ക്കുവേണ്ടി ഗോള്‍ നേടി. സ്പോര്‍ടിംഗ് ലിസ്ബണിനായി നാനി (16), അഡ്രിയെന്‍ സില്‍വ (64 പെനാല്‍റ്റി, 78) എന്നിവരാണ് ഗോള്‍ നേടിയത്. ഏഴു പോയിന്റുമായി ചെല്‍സിയും അഞ്ചു പോയിന്റുള്ള ഷാല്‍കെയും ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു.

എട്ടു ഗോള്‍ പിറന്ന ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് എഎസ് റോമയെ അവരുടെ തട്ടകത്തില്‍ 7-1നു തരിപ്പണമാക്കി. ബയേണിന്റെ മൂന്നാം ജയമാണിത്. ആര്യന്‍ റോബന്‍ (9, 30), മരിയോ ഗോട്ട്സെ (23), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (25), തോമസ് മ്യൂളര്‍ (36 പെനാല്‍റ്റി), ഫ്രാങ്ക് റിബറി (78), ഹെര്‍ദാന്‍ ഷാക്കിരി (80) എന്നിവരാണ് ബയേണിനായി ഗോള്‍നേട്ടമാഘോഷിച്ചത്. ഇറ്റാലിയന്‍ ക്ളബ്ബിന്റെ ഏക ഗോള്‍ ഗെര്‍വീഞ്ഞോയുടെ വക 66-ാം മിനിറ്റിലായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോയും മാഞ്ചസ്റര്‍ സിറ്റിയും 2-2 സമനിലയില്‍ പിരിഞ്ഞു. ഒമ്പതു പോയിന്റുമായി ബയേണും നാലു പോയിന്റുമായി റോമയുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. രണ്ടു പോയിന്റുമായി സിറ്റി മൂന്നാമതാണ്.

മത്സരഫലങ്ങള്‍

സിഎസ്കെഎ -2, മാഞ്ചസ്റര്‍ സിറ്റി -2
പോര്‍ട്ടോ -2, അത്ലറ്റിക് -1
റോമ -1, ബയേണ്‍ -7
ഷാല്‍കെ -4, സപോര്‍ടിംഗ് -3
നികോസിയ -0, പിഎസ്ജി -1
ചെല്‍സി -6, മരിബര്‍ -0
ബെയ്റ്റ് -0, ഷാക്തര്‍ -7
ബാഴ്സലോണ -3, അയാക്സ് -1

ഗോള്‍വേട്ടക്കാരന്‍ ലൂയിസിനു വംശീയാധിക്ഷേപം

ഡൊണെറ്റ്സ്ക്: യുക്രെയ്ന്‍ ക്ളബ് ഷാക്തര്‍ ഡൊണെറ്റ്സ്കിന്റെ ബ്രസീലിയന്‍ താരം ലൂയിസ് അഡ്രിയാനോയ്ക്കെതിരേ വംശീയാധിക്ഷേപം. കഴിഞ്ഞദിവസം ചാമ്പ്യന്‍സ് ലീഗില്‍ ബാറ്റെ ടീമിനെതിരായ മത്സരത്തിലാണ് വംശീയവെറി തലപൊക്കിയത്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി വേഗത്തില്‍ ഹാട്രിക്ക് തികച്ച താരമായി ഈ കറുത്തവര്‍ഗക്കാരന്‍ മാറിയിരുന്നു.

ബെറ്റെ എതിരില്ലാത്ത ഏഴുഗോളിനു തോറ്റു തുന്നംപാടിയ മത്സരത്തില്‍ അഞ്ചുതവണയാണ് ലൂയിസ് എതിര്‍വല കുലുക്കിയത്. ഇതാണ് ബാറ്റെ ആരാധകരെ ചൊടിപ്പിച്ചത്. വംശീയവിദ്വേഷം ധ്വനിപ്പിക്കുന്ന വാക്കുകള്‍ എതിര്‍ടീമിന്റെ ആരാധകര്‍ തനിക്കെതിരേ നിരന്തരം പുലമ്പിയെന്നു ഈ 27-കാരന്‍ മത്സരശേഷം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.